ADVERTISEMENT

ചെറുവത്തൂർ ∙ തീരത്തു വറുതിക്കാലം അവസാനിക്കുന്നു. യന്ത്രവൽകൃത ബോട്ടുകൾക്ക് ഏർപ്പെടുത്തിയ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി തീരും. ജൂൺ 9 അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെ 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം. അറ്റകുറ്റപ്പണികൾ നടത്തിയും വലയൊരുക്കിയും ബോട്ടുകൾ കടലിൽ ഇറങ്ങാനൊരുങ്ങി. ഇത്തവണ ധാരാളം മഴ ലഭിച്ചതിനാൽ ചാകരക്കോള് പ്രതീക്ഷയിലാണു തൊഴിലാളികൾ. നാളെ സമ്പൂർണ ലോക്ഡൗൺ ആയതിനാൽ മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും അടഞ്ഞു കിടക്കും.

അതിനാൽ 2നു കടലിൽ പോകാനാണു ബോട്ടുടമകളുടെയും തൊഴിലാളികളുടെയും തീരുമാനം. എന്നാൽ ഏതാനും ചില ബോട്ടുകൾ ടോളിങ് നിരോധനം അവസാനിച്ചു കടലിലിറങ്ങാൻ പറ്റിയ ആദ്യ ദിവസമായ നാളെ തന്നെ മത്സ്യ ബന്ധനത്തിനു പോകുമെന്നു തൊഴിലാളികൾ പറഞ്ഞു.  കിട്ടുന്ന മത്സ്യം ഐസിട്ടു സൂക്ഷിക്കും. ജില്ലയിൽ 168 യന്ത്രവൽകൃത ബോട്ടുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പ്രതിസന്ധികൾക്കിടെയുണ്ടായ ടോളിങ് നിരോധനം മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു.

ഭയം കടലിലെ സംഘർഷാവസ്ഥ

ട്രോളിങ് നിരോധനം കഴിഞ്ഞു സന്തോഷത്തോടെയും പ്രതീക്ഷയോടെയും മത്സ്യബന്ധനത്തിനു പോകാനൊരുങ്ങുന്ന ബോട്ട് തൊഴിലാളികൾ കടലിലെ സംഘർഷത്തെ ഭയക്കുന്നുണ്ട്. ബോട്ടുകൾ കടലിൽ മത്സ്യം പിടിക്കുന്നതു സംബന്ധിച്ച ദൂരപരിധിയാണു ബോട്ടു തൊഴിലാളികളും പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികളും തമ്മിൽ കടലിൽ സംഘർഷത്തിനു വഴിയൊരുക്കുന്നത്.

ഈ ഒരു മാസം കടലിൽ തീരത്തോടു ചേർന്നാണു ധാരാളമായി മത്സ്യമുണ്ടാകുന്നത്. ഇവിടെ ബോട്ടുകൾ മത്സ്യം പിടിക്കാനെത്തുമ്പോൾ വള്ളക്കാർ ഇതു തടയുകയും സംഘർഷത്തിലെത്തുകയുമാണു പതിവ്. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനു മുൻപ് അധികൃതർ ഇരുവിഭാഗം തൊഴിലാളികളെയും വിളിച്ചിരുത്തി പ്രശ്നം ചർച്ച ചെയ്തിരുന്നെങ്കിൽ  കടലിൽ സംഘർഷമില്ലാത്ത സ്ഥിതി ഉറപ്പാക്കാമായിരുന്നു.

അപകടമായി തിട്ടകളും

ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും മടക്കര മത്സ്യബന്ധന തുറമുഖം കേന്ദ്രമാക്കിയാണു മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ നീലേശ്വരം അഴിമുഖം മുതൽ തുറമുഖം വരെയുള്ള ബോട്ടു ചാനലിൽ പലയിടത്തും മണൽത്തിട്ട രൂപപ്പെട്ടിരിക്കുകയാണ്. ബോട്ടുകൾ കടലിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും തിട്ടയിൽ തട്ടി അപകടം ഭയക്കുന്നു. അഴിമുഖത്തുള്ള പുലിമുട്ട് പലയിടത്തും തകർന്ന് കല്ലുകൾ അഴിമുഖത്തിനകത്തു പതിച്ചതിനാൽ കല്ലിൽ തട്ടി ഉണ്ടായേക്കാവുന്ന അപകടവും ബോട്ടു തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. ബോട്ടുകൾ മണൽത്തിട്ടയിലും കല്ലിലും തട്ടി അപകടമുണ്ടാകുന്നതു കാത്തിരിക്കാതെ ഇവ ഉടൻ  നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com