ADVERTISEMENT

കാസർകോട് ∙ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിലയിരുത്തലിനു കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുമായും കണ്ടെയ്ൻമെന്റ് സോണുകളിലെ കോവിഡ് ബാധിതരുമായും സംഘം ആശയവിനിമയം നടത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം.സെൽ മുൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.രവീന്ദ്രൻ, കോഴിക്കോട് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷനൽ ഡയറക്ടർ ഡോ.കെ.രഘു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഹോം ഐസലേഷനിൽ കഴിയേണ്ട രോഗികളെ സൂക്ഷ്മമായി മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് സംഘം നിർദേശിച്ചു. ജില്ലയിലെ ഹോം ഐസലേഷനിൽ കഴിയുന്നവരുടെ എണ്ണം കുറച്ചു കൊണ്ടുവരണം.

കൂടുതൽ പേർ വീട്ടിൽ കഴിയുമ്പോൾ കൂടുതൽ പേർക്ക് രോഗം പകരാനിടയുണ്ട്. ഹോം ഐസലേഷനിൽ കഴിയുന്ന ഹൈ റിസ്ക് കോൺടാക്ട് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഹോം ഐസലേഷനിൽ കഴിയുന്നവർ കർശനമായ റൂം ക്വാറന്റീൻ പാലിക്കണമെന്നും സംഘം നിർദേശിച്ചു. കോവിഡ് രോഗി രോഗ ബാധിതനാവുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ രോഗം പരത്താൻ തുടങ്ങുന്നതിനാൽ കോൺടാക്ട് ട്രേസിങ് ആ രീതിയിൽ കൂടി നടത്തണമെന്ന് സംഘം നിർദേശിച്ചു. കാഞ്ഞങ്ങാട് നാഷനൽ ഹെൽത്ത്‌ മിഷൻ ഓഫിസിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കേന്ദ്ര സംഘവുമായി ചർച്ച നടത്തി.

നാഷനൽ ഹെൽത്ത്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.വി.രാംദാസ്, ജില്ലാ സർവേലൻസ് ഓഫിസർ ഡോ.എ.ടി.മനോജ്‌, കൺട്രോൾ സെൽ നോഡൽ ഓഫിസർ ഡോ.ഡാൽമിറ്റ നിയ ജയിംസ്, മറ്റു നോഡൽ ഓഫിസർമാരായ ഡോ.അനു എലിസബത്ത് അഗസ്റ്റിൻ, ഡോ.മാത്യു ജെ.വാളംപറമ്പിൽ, ഡോ.പ്രസാദ് തോമസ്, ഡോ.സുശോഭ് കുമാർ എന്നിവർ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടർന്ന് ചീഫ് സെക്രട്ടറിയെ ഓൺലൈനായി സംഘം നിഗമനങ്ങൾ അവതരിപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായ ഒൻപതാം വാർഡിലെയും പുല്ലൂർ-പെരിയ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായ പന്ത്രണ്ടാം വാർഡിലെയും കോവിഡ് രോഗികളുമായും കുടുംബങ്ങളുമായും സംഘം നേരിട്ട് സംസാരിച്ചു. ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com