ADVERTISEMENT

തലപ്പാടി ∙ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക നിർബന്ധമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ സംഘർഷാവസ്ഥ. കർണാടക പൊലീസും പ്രദേശവാസികളും തമ്മിൽ പോർവിളിച്ചു. നൂറുകണക്കിനു യാത്രക്കാരെയും വാഹനങ്ങളുമാണു സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കാസർകോട് തലപ്പാടി അതിർത്തിയിൽ കർണാടക മടക്കി അയച്ചത്.

kasargod-police-arresting
കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ.

കർണാടക സർക്കാർ ഉത്തരവിനെ തുടർന്നു ഞായറാഴ്ച മുതലാണു തലപ്പാടിയിൽ പരിശോധന കർശനമാക്കിയത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആർടിപിസിആർ പരിശോധന നടത്തി സ്രവം ശേഖരിച്ചു കടത്തി വിടാനും സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി.രാജേന്ദ്ര അതിർത്തിയിലെത്തി വാക്സീൻ എടുത്തവരെ കടത്തിവിടുന്നതും അല്ലാത്തവരെ സാംപിൾ ശേഖരിച്ച ശേഷം കടത്തി വിടുന്നതും നിർത്തലാക്കാൻ നിർദേശിച്ചു. കർണാടകയുടെ ഭാഗത്തുണ്ടായിരുന്ന ആർടിപിസിആർ പരിശോധനാ കേന്ദ്രം അടച്ചു. 

kasargod-long-queue
കർണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തലപ്പാടിയിൽ നടന്ന ആർടിപിസിആർ പരിശോധനക്കായി രാവിലെ മുതൽ കാത്ത് നിൽക്കുന്നവർ. 10 ഓടെ പരിശോധനാ കേന്ദ്രം അടച്ചു.

ദക്ഷിണ കന്നഡ സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാരായ ഹരിറാം ശങ്കർ, ദിനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടർന്നാണ് ആർടിപിസിആർ പരിശോധനാ റിപ്പോർട്ടില്ലാത്ത മുഴുവൻ ആളുകളെയും തടഞ്ഞു തിരിച്ചയയ്ക്കാൻ തുടങ്ങിയത്. ഇതോടെ മഞ്ചേശ്വരം ജനകീയവേദിയുടെ നേതൃത്വത്തിൽ കർണാടക ഭാഗത്തു നിന്നു കേരളത്തിലേക്കു വരുന്ന വാഹനങ്ങളെയും തടഞ്ഞിട്ടു. കർണാടക പൊലീസിനെതിരെ മുദ്രാവാക്യങ്ങളുയർന്നു.

അതിർത്തിയിൽ വീണ്ടും നിയന്ത്രണം വന്നതോടെ ജോലിയാവശ്യത്തിനും പഠനത്തിനും ദിവസവും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ദുരിതത്തിലായി. വിദഗ്ധ ചികിത്സയ്ക്കും വ്യാപാര  ആവശ്യങ്ങൾക്കും മംഗളൂരുവിലേക്കു പോകുന്നവരും പ്രതിസന്ധിയിലാണ്. യുഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് തലപ്പാടിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കാസർകോട് ഡിസിസി അംഗം ഹർഷാദ് വോർക്കാടി അറിയിച്ചു. 

kasargod-passengers-sending-back
72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത മംഗളൂരു യാത്രക്കാരെ സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ നിന്നു കർണാടക പൊലീസ് മടക്കി അയയ്ക്കുന്നു. ചിത്രങ്ങൾ: ജിബിൻ ചെമ്പോല∙മനോരമ

പ്രതിഷേധക്കാരനെ കസ്റ്റഡിയിലെടുത്ത്  കർണാടക

കർണാടകയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അൻവറിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരും ഇടതു സംഘടനകളും റോഡ് ഉപരോധിച്ചു. കേരള അതിർത്തി കടന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് നാട്ടുകാർ ആരോപിച്ചു. കസ്റ്റഡിയിലെടുത്തയാളെ മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചു.  

kasargod-rtpcr-testing
കർണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തലപ്പാടിയിൽ നടന്ന ആർടിപിസിആർ പരിശോധന. 10 മണിയോടെ പരിശോധനാ കേന്ദ്രം അടച്ചു.

വിദ്യാർഥികളെ കടത്തിവിട്ടതിൽ ആശ്വാസം

മംഗളൂരുവിലെ വിവിധ കോളജുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികളെ ഹാൾടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചതിനെ തുടർന്ന് ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ തന്നെ കർണാടക പൊലീസ് കടത്തിവിട്ടു. കർണാടകയുടെ കർശന നിയന്ത്രണങ്ങളിൽ പരീക്ഷ മുടങ്ങുമെന്ന ആശങ്കയിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും, നൂറുകണക്കിനു വിദ്യാർഥികളാണ് ഇന്നലെ പരീക്ഷ എഴുതാനായി മംഗളൂരുവിലേക്ക് പോയത്.

‘നിയമസഭയിൽ ഉന്നയിക്കാൻ കത്തുനൽകി’

തലപ്പാടി അതിർത്തിയിൽ കോവിഡ് മാനദണ്ഡങ്ങളെ മറയാക്കി കർണാടക നടത്തുന്ന നടപടികൾ പിൻവലിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് എ.കെ.എം.അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിയമസഭയിൽ വിഷയമുന്നയിക്കാൻ സ്‌പീക്കറുടെ അനുമതിക്കായി കത്ത് നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.

kasargod-pit-closing
അതിർത്തിൽ കേരളത്തിന്റെ ഭാഗത്തു കുഴിയെടുത്ത് ഇടറോഡ് തടയാനുള്ള കർണാട ഉദ്യോഗസ്ഥരുടെ നീക്കം മഞ്ചേശ്വരത്തെ കോൺഗ്രസ്‌-ലീഗ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു കുഴി മൂടുന്നു.

റോഡിൽ കുഴിയെടുത്തും ബാരിക്കേഡ് സ്ഥാപിച്ചും 

‌അതിർത്തിയിൽ പരിശോധന കർശനമാക്കിയതോടെ സമീപത്തെ വഴിയിലൂടെ ആളുകൾ അതിർത്തി കടക്കുന്നതു തടയാനായി കേരള അതിർത്തിക്കുള്ളിൽ റോഡിൽ കുഴിയെടുക്കാൻ കർണാടകയുടെ ശ്രമം. എന്നാൽ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ഇടപെട്ട് ഇതു തടഞ്ഞു. തലപ്പാടി അതിർത്തിയോടു ചേർന്ന് ദേശീയപാതയ്ക്കു പ‍ടിഞ്ഞാറു വശത്ത് കേരളത്തിലുള്ള മൺ റോഡിൽ തലപ്പാടി പള്ളിയുടെ മുൻപിലാണ് കൊടേക്കാർ പഞ്ചായത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കാൻ ശ്രമിച്ചത്.

പൊലീസ് കാവലിൽ റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ചു. ഇത് കേരളത്തിന്റെ സ്ഥലമാണെന്ന് അവകാശപ്പെട്ട് നാട്ടുകാർ തടയാൻ എത്തിയതോടെ പൊലീസ് പിൻവലിഞ്ഞു. തുടർന്ന് കുഴി മൂടിയ ശേഷം മണ്ണുമാന്ത്രി യന്ത്രവും മടങ്ങി. അതിർത്തിയിൽ പകുതി കേരളത്തിലും പകുതി കർണാടകയിലുമായി കിടക്കുന്ന പെട്രോൾ പമ്പു വഴി വാഹനങ്ങൾ കടക്കുന്നെന്നു പറഞ്ഞ് പെട്രോൾ പമ്പിലേക്കുള്ള വഴിയും കർണാടക പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.

ഇതോടെ പെട്രോൾ അടിക്കാനെത്തിയ വാഹനങ്ങൾ വലഞ്ഞു. അതിർത്തിൽ തലപ്പാടി മംഗളൂരു പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കേരള അതിർത്തിക്കുള്ളിലാണെന്നു ആരോപിച്ച് ഇടത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ ഇതും തുറന്നു കൊടുക്കുകയായിരുന്നു.

ടെസ്റ്റിങ് യൂണിറ്റ് ഇന്നു മുതൽ

തലപ്പാടിയിൽ കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതൽ മൊബൈൽ ടെസ്റ്റിങ് യൂണിറ്റ് ഏർപ്പെടുത്തുമെന്ന് കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനയ്ക്ക് സ്പൈസ് ഹെൽത്തുമായി സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്.

കേരളത്തിലേക്കു വരാൻ കർശന പരിശോധന ഇല്ല

കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരുന്നവരുടെ വാഹനങ്ങൾ തടഞ്ഞു യാത്രക്കാരോടു വിവരങ്ങൾ കേരള പൊലീസ് ആരായുന്നുണ്ടെങ്കിലും കർശന പരിശോധന ഇല്ല. മംഗളൂരു എയർപോർട്ടി‍ൽ ഇറങ്ങി വരുന്നവരുടെ മാത്രം പേരുവിവരങ്ങൾ ശേഖരിക്കുകയാണ് കേരള അതിർത്തിയിലെ പൊലീസ് ചെയ്യുന്നത്.  മദ്യം, ലഹരിമരുന്ന് തുടങ്ങിയവ കടത്തുകയാണെന്നു കൃത്യമായ വിവരം ഉണ്ടെങ്കിൽ അവരുടെ വാഹനങ്ങൾ തുറന്നു പരിശോധിക്കുന്നുണ്ട്. എന്നാൽ കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടോയെന്നു പരിശോധിക്കാൻ നിർദേശമില്ലെന്ന് പൊലീസ് അറിയിച്ചു.

കെഎസ്ആർടിസി സർവീസ് തലപ്പാടിവരെ മാത്രം

കാസർകോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തലപ്പാടി വരെ മാത്രമാണ് സർവീസ് നടത്തിയത്. എന്നാൽ യാത്രക്കാർ കുറവായിരുന്നുവെന്നു ഡിപ്പോ അധികൃതർ അറിയിച്ചു. കർണാടക ബസുകളും തലപ്പാടി വരെയാണു സർവീസ് നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചത്തേക്ക് കർണാടകയിലേക്ക് പ്രവേശിക്കരുതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ (കലക്ടർ) ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിൽ കാസർകോട്-മംഗളൂരു, കാസർകോട്-സുള്ള്യ, കാസർകോട്-പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ ഒരാഴ്ച അതിർത്തി വരെ മാത്രമേ സർവീസ് നടത്തുകയുള്ളു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com