ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ ദേശീയപാത 66 ആറുവരി പാത വികസനത്തിനു നിർമാണ കരാർ കൊടുത്തു കഴിഞ്ഞിട്ടും സ്ഥലമെടുപ്പ് വിജ്ഞാപനം തുടരുന്നു. രണ്ടും മൂന്നും റീച്ചുകളിൽ ഉൾപ്പെടുന്ന ചെങ്കള മുതൽ നീലേശ്വരം വരെയും നീലേശ്വരം മുതൽ തുടർന്നുമുള്ള പാതകളിലായി അലൈൻമെന്റിൽ വ്യത്യാസം വരുത്തുന്നതിന്റെയും മറ്റും ഭാഗമായാണു വീണ്ടും കേന്ദ്ര സർക്കാരിന്റെ സ്ഥലമെടുപ്പ് വിജ്ഞാപനം. 8 വില്ലേജുകളിലായി 5.7920 ഹെക്ടർ സ്ഥലം അക്വയർ ചെയ്യുന്നതിനാണു തീരുമാനം. രണ്ടും മൂന്നും റീച്ചുകളിൽ ഉൾപ്പെട്ട ചെങ്കള, തെക്കിൽ, പെരിയ, പുല്ലൂർ, ബല്ല, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പിലിക്കോട് വില്ലേജുകളിലായിട്ടാണു വീണ്ടും സ്ഥലം അക്വയർ ചെയ്യേണ്ടത്.

നേരത്തെ 45 മീറ്റർ വീതിയിൽ അലൈൻമെന്റ് കണക്കാക്കി ദേശീയപാത അതോറിറ്റി ഡ്രോൺ സർവേ ഉൾപ്പെടെ നടത്തി അംഗീകാരം ലഭ്യമാക്കി നിർമാണ കരാർ നൽകിയ ശേഷമാണു വീണ്ടും സ്ഥലമെടുപ്പ്. 2009 -10 ലെ റോഡ് നിർമാണ നിബന്ധനകളിൽ വ്യത്യാസം വന്നതിനെത്തുടർന്നാണ് ആവശ്യമായ മാറ്റങ്ങൾക്കു വേണ്ടി കൂടുതൽ സ്ഥലം അക്വയർ ചെയ്യേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. മേഘാ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു രണ്ടും മൂന്നും റീച്ചുകളിലെ നിർമാണ കരാർ നൽകിയത്.

ഈ റീച്ചുകളിൽ വൃക്ഷങ്ങൾ നീക്കം ചെയ്തു വരുന്നു. വൈദ്യുതി തൂണുകൾ, ജല അതോറിറ്റി പൈപ്പ് ലൈനുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കണം. പ്രധാനപാതയുടെ നിർമാണം തുടങ്ങും മുൻപ് ഇരുഭാഗത്തും 7.5 മീറ്റർ വീതിയിൽ സർവീസ് റോഡിന്റെ നിർമാണം തുടങ്ങണം. നിലവിലുള്ള സാഹചര്യത്തിൽ ഇത് ഒക്ടോബർ - നവംബർ മാസങ്ങളിലേക്കു നീണ്ടു പോയേക്കുമെന്നാണു സൂചന. വീണ്ടും സ്ഥലമെടുപ്പ് ആവശ്യമായാൽ പിന്നെയും നീളും. 

ആദ്യ റീച്ചിൽ ഇനി സ്ഥലമെടുപ്പ് വേണ്ടി വന്നേക്കില്ല

കേരളത്തിലെ ആദ്യ റീച്ചായ തലപ്പാടി - ചെങ്കള റീച്ചിന്റെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഇവിടെ ഡിസൈനുമായി ബന്ധപ്പെട്ട സർവേ നടത്തി വരുന്നു. ഈ പാതയിൽ വലിയ വളവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ വീണ്ടും സ്ഥലം ആവശ്യമുണ്ടാകില്ലെന്നാണു കരുതുന്നത്. എന്നാൽ നിലവിൽ നിശ്ചയിച്ച അലൈൻമെന്റിൽ വ്യത്യാസം ആവശ്യമാണെങ്കിൽ പകരം സ്ഥലം വേണ്ടിവരും. ഊരാളുങ്കൽ സൊസൈറ്റി അധികൃതർ സ്ഥലം പരിശോധനയും മണ്ണു പരിശോധനയും അളവെടുപ്പും തുടരുന്നുണ്ട്. 

10 വർഷത്തിനിടെ പത്താമതു വിജ്ഞാപനം

ജില്ലയിൽ ദേശീയപാത 66ന്റെ ദൂരം 87 കിലോമീറ്ററാണ്. ഇത്രയും ദൂരം 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് ആവശ്യത്തിന് സ്ഥലം അക്വയർ ചെയ്യാൻ 10 വർഷത്തിനിടെ പത്താമതു വിജ്ഞാപനമാണ് ഇപ്പോൾ ഇറങ്ങിയത്. ചെങ്കള - നീലേശ്വരം ഡിസംബർ 21നും തലപ്പാടി - ചെങ്കള മേയ് 21നുമാണ് നിർമാണക്കരാർ ഒപ്പുവച്ചത്. ജില്ലയിൽ ആകെ 94.7 ഹെക്ടർ സ്ഥലമാണ് നിലവിൽ പാത വികസനത്തിനു വേണ്ടി ഏറ്റെടുത്തത്.

ഇതിനു പുറമെയാണ് 5.7920 ഹെക്ടർ കൂടി ഏറ്റെടുക്കാനുള്ള താൽപര്യം അറിയിച്ച് ഇപ്പോൾ പുതിയ വിജ്ഞാപനം ഇറങ്ങിയത്.  ഈ സ്ഥലം ഏറ്റെടുക്കുന്നതിൽ എതിർപ്പുള്ളവർ ഈ അറിയിപ്പ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 21 ദിവസത്തിനുള്ളിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്നാണു നിർദ്ദേശിച്ചിട്ടുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com