ആഫ്രിക്കൻ കില്ലർ, 6 വർഷം ആയുസ്സ്, ഏതു വിളയും ഭക്ഷിക്കും; ഇവിടെ എത്തിയത് എങ്ങനെ?

1,മൊഗ്രാൽ പുത്തൂർ പെരിയട്ക്കയിൽ മരത്തിൽ കൂട്ടമായി കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ  2,അജാനൂർ കൊട്ടിലങ്ങാടിയിൽ ശല്യം രൂക്ഷമായ ആഫ്രിക്കൻ ഒച്ചുകൾ.
1,മൊഗ്രാൽ പുത്തൂർ പെരിയട്ക്കയിൽ മരത്തിൽ കൂട്ടമായി കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ 2,അജാനൂർ കൊട്ടിലങ്ങാടിയിൽ ശല്യം രൂക്ഷമായ ആഫ്രിക്കൻ ഒച്ചുകൾ.
SHARE

കാസർകോട് ∙ കാർഷിക മേഖലയ്ക്കു ഗുരുതര ഭീഷണിയായി ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകൾ അതിവേഗം പെരുകുന്നു. നാലു പതിറ്റാണ്ടായി കേരളത്തിൽ പലയിടത്തും കാണപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ ജില്ലയിലും കാർഷിക വിളകളെ ബാധിക്കുന്ന തരത്തിലേക്കായി ഇതിന്റെ വ്യാപനം.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പെരിയട്ക്ക, അജാനൂർ പഞ്ചായത്തിലെ ചിത്താരി, മുക്കൂട്, കൊട്ടിലങ്ങാട്, ചെങ്കള പഞ്ചായത്തിലെ സന്തോഷ് നഗർ, ബാര, നീലേശ്വരം അനന്തംപള്ള എന്നിവിടങ്ങളിൽ കർഷകരും നാട്ടുകാരും ഏറെ ദുരിതമനുഭവിക്കുന്നു. വലിയ മാങ്ങയുടെ വരെ വലിപ്പമുള്ള ഒച്ചുകൾ പലയിടത്തും ഉണ്ട്. അടുക്കളയിലേക്കു പോലും എത്തുന്ന ഭീമൻ ഒച്ചുകളുടെ ശല്യം കൊണ്ടു പൊറുതി മുട്ടിയിരിക്കയാണ് നാട്ടുകാർ‌.

ഏതു വിളയും ഭക്ഷിക്കും 

പച്ചക്കറി, കപ്പ. ചേന. ചേമ്പ്, വാഴ, പപ്പായ എന്നുവേണ്ട റബർ മരത്തിനു പോലും ആഫ്രിക്കൻ ഒച്ച് ഭീഷണിയാണ്. പച്ചക്കറികൾ അപ്പാടെ നശിപ്പിക്കും. മുളച്ചുവരുന്ന തളിരുകൾ മുതൽ ഇല മുഴുവൻ തിന്നു തീർക്കുകയാണു രീതി. ചതുപ്പ്, ആൾപ്പെരുമാറ്റമില്ലാത്ത പറമ്പുകൾ, കാട് എന്നിവിടങ്ങളിൽ മുട്ടയിട്ടു പെരുകി സമീപ പ്രദേശങ്ങളിലേക്കു കടക്കും. വെള്ളക്കെട്ടുകളിലും ശുദ്ധ ജലാശയത്തിലും കിണർ കൈവരികളിൽപ്പോലും ആഫ്രിക്കൻ ഒച്ചുകളെ കണ്ടുവരുന്നു. 

6 വർഷം ആയുസ്സ് 

നനഞ്ഞ പ്രതലമാണ് ഇഷ്ടം. വേനലിൽ ഇവ മണ്ണിനടിയിലേക്കു വിശ്രമത്തിനായി പോകും. അടുത്ത മഴക്കാലം ആകുമ്പോഴാണു തിരിച്ചുവരവ്.  അഞ്ചു മുതൽ ആറു വർഷംവരെയാണ് ആയുസ്സ്. 20 സെന്റീമീറ്റർ വരെ നീളം വയ്ക്കാം. 250 ഗ്രാം വരെ തൂക്കത്തിൽ വളരാം.

ഇക്കാലയളവിൽ 800 മുതൽ 1000 മുട്ടവരെയിടും. 11 ദിവസംകൊണ്ടു മുട്ടവിരിയും. ഇലകളാണു ഭക്ഷണം. പുറന്തോടിനു കാൽസ്യം വേണമെന്നതിനാൽ കുമ്മായക്കെട്ടുകൾ ആക്രമിക്കും. കുമ്മായത്തിന്റെ അംശം തേടിയാണു ഭിത്തികളിലേക്കും വീടുകളിലേക്കും കടക്കുന്നത്. ഭക്ഷണം ഇല്ലാതെ 3 വർഷം വരെ മണ്ണിനടിയിൽ സുഷുപ്താവസ്ഥയിൽ കഴിയാൻ ഇതിനു കഴിയും. ഇണ ചേരാതെ തന്നെ പ്രത്യുൽപാദനത്തിനുള്ള കഴിവുണ്ട്. 

ജില്ലയിലെത്തിയതെങ്ങനെ!

ആഫ്രിക്കയിൽ നിന്നും മലേഷ്യയിൽ നിന്നും മരം കൊണ്ടു വന്നു പാകപ്പെടുത്തുന്ന തടിമില്ലുകൾ വഴിയാണോ ഇവ കാസർകോട് എത്തിയതെന്ന് സംശയിക്കുന്നു. ആളൊഴിഞ്ഞ പറമ്പുകളിൽ നിന്നു വീടിനുള്ളിലേക്കു വരെ ഒച്ചുകൾ എത്തിത്തുടങ്ങി. മെനഞ്ചൈറ്റിസിനു കാരണമായ നാടവിരകൾ ഒച്ചിൽ ഉണ്ടെന്ന കണ്ടെത്തൽ അപകട സാധ്യത വർധിപ്പിക്കുന്നു. ഇതുവരെ ഒച്ചുകൾ മൂലമുള്ള മെനഞ്ചൈറ്റിസ് 9 പേർക്കു മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്നതുമാത്രമാണ് ആശ്വാസം. 

ഉടനെ കൊല്ലണം

കാണുന്ന സമയത്തുതന്നെ പിടികൂടി നശിപ്പിച്ചില്ലെങ്കിൽ ഒന്ന് 800 ആയി അടുത്ത മഴക്കാലത്ത് പെരുകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. വൈകിട്ട് ചണച്ചാക്ക് നനച്ചിട്ട ശേഷം കാബേജ്, കോളിഫ്ലവർ, പപ്പായ ഇലകൾ വിതറി ഒച്ചിനെ ആകർഷിക്കാം. ഇങ്ങനെ എത്തുന്ന ഒച്ചിനെ ശേഖരിച്ച് ഉപ്പു വെള്ളത്തിലിട്ടു നശിപ്പിക്കാം. ‌വലിയൊരു പ്രദേശത്ത് ഒറ്റ ദിവസം ഇൗ രീതിയിലുടെ ഒച്ചിന്റെ ശല്യം ഇല്ലാതാക്കാം. തവിട്, തുരിശ്, ശർക്കര മിശ്രിതം കുഴച്ചു വച്ചാൽ അതു തിന്ന് ഒച്ച് ചത്തുപോകും.

പുകയില കഷായവും തുരിശും ചേർത്തുണ്ടാക്കുന്ന ലായനി സ്പ്രേ ചെയ്തും ഒച്ചിനെ കൊല്ലാം. 25 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിച്ചതും 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചതും ചേർത്ത് ഒച്ചിന്റെ തോടിനുള്ളിലേക്കു സ്പ്രേ ചെയ്യുക. ഉപ്പ് പ്രയോഗിച്ചു കൊല്ലുമ്പോഴുള്ള ദുർഗന്ധം ഇങ്ങനെ നശിപ്പിക്കുമ്പോൾ ഉണ്ടാവില്ല. ഇപ്പോൾ പ്രചരിക്കുന്ന സ്നെയിൽ കിൽ മരുന്ന് മെറ്റാൽഡിഹൈഡ് ഒച്ചിനെ നശിപ്പിക്കുമെങ്കിലും ജലത്തിൽ കലരുന്നതു ദോഷം ചെയ്യും. അതിനാൽ ജൈവ കീടനാശിനിയാണു സുരക്ഷിതം.

English Summary: African snails pose a serious threat to the agricultural sector in the district

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA