ADVERTISEMENT

പെരിയ ∙ അവശനിലയിലായ പരുന്തിനു പുതുജീവൻ നൽകിയ പുല്ലൂർ കേളോത്തെ കാവുങ്കാൽ ഷാജിക്ക് ഇപ്പോൾ കിട്ടുന്നത് ‘എട്ടിന്റെ പണി’! ആറു മാസം മുൻപാണ് കാക്കക്കൂട്ടത്തിന്റെ അക്രമത്തിൽ പരിക്കേറ്റ് അവശനിലയിലായ പരുന്തിനെ ഷാജിയും സഹോദരനും ചേർന്നു രക്ഷപ്പെടുത്തുന്നത്. വീട്ടിലെ ഒഴിഞ്ഞു കിടന്ന കോഴിക്കൂട്ടിനകത്താക്കി ഭക്ഷണം നൽകി പരിചരിച്ച പരുന്ത് 5 ദിവസം കഴിഞ്ഞപ്പോൾ ഉഷാറായി. തുറന്നുവിട്ടെങ്കിലും പരുന്ത് ഷാജിയുടെ വീടുവിട്ട് എങ്ങും പോയില്ല. പിന്നീടാണു പരുന്ത് വിനാശം തുടങ്ങിയത്.

സമീപത്തെ വീടുകളിലെ കളിപ്പാട്ടങ്ങളെല്ലാം അപ്രത്യക്ഷമായപ്പോഴാണു വില്ലൻ പരുന്താണെന്ന് ബോധ്യമായത്. ഇതോടെ പരുന്തിനെ പേടിച്ചു കുട്ടികൾ പുറത്തിറങ്ങാതായി. പരാതി കൂടിവന്നതോടെ ഷാജി കാഞ്ഞങ്ങാട് വനംവകുപ്പ് അധികൃതരുടെ സഹായം തേടി. അവരെത്തി പരുന്തിനെ നീലേശ്വരത്തെ പരുന്ത് കൂട്ടങ്ങൾക്കൊപ്പം വിട്ടെങ്കിലും രണ്ടാം ദിവസം പരുന്ത് ഷാജിയുടെ വീട്ടുമുറ്റത്ത് ‘ഹാജരായി’.

കുറച്ചുദിവസം പരുന്ത് അനുസരണയുള്ള കുട്ടിയായെങ്കിലും പിന്നീടു സ്വഭാവം പഴയ പടിയായി. കുട്ടികളുടെ തലയ്ക്കു വട്ടമിട്ടുപറക്കാൻ തുടങ്ങിയതോടെ അവരുടെ ഭയവും അയൽവാസികളുടെ പരാതിയും കൂടി വന്നു. ഇത്തവണ നാട്ടുകാർ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഞായറാഴ്ച വനം ഉദ്യോഗസ്ഥരെത്തി കിലോമീറ്ററുകൾ അകലെയുള്ള കള്ളാർ റെയ്ഞ്ചിലെ റാണിപുരം വനമേഖലയിൽ പരുന്തിനെ കൊണ്ടുപോയി വിട്ടു.

ഇനി ശല്യമുണ്ടാകില്ല എന്നു ഷാജിയും കുടുംബവും സമാധാനിച്ചിരിക്കുമ്പോഴാണ് പരുന്ത് കഴിഞ്ഞ ദിവസം വീണ്ടും ഷാജിയുടെ വീട്ടുമുറ്റത്തെത്തിയത്. ഇനിയെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണു ഷാജി. വനം വകുപ്പു വിഷയത്തിൽ ഇടപെട്ടു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary: Rescued falcon from crow, Now its a trap for the man who rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com