ADVERTISEMENT

കാസർകോട് ∙ സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലും ജാഗ്രതാ നിർദേശം. ഇന്നു ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ 4 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചു. ക്യാംപുകൾ തുടങ്ങാത്തതിനാലാണിത്.ചെറുപുഴ – ചിറ്റാരിക്കൽ റോഡിൽ വെള്ളക്കെട്ടുണ്ടായി.

വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത വിധമാണ് അരിയിരുത്തി ക്ഷീരോൽപാദക സഹകരണ സംഘം ഓഫിസിനു സമീപം വെള്ളക്കെട്ടുണ്ടായത്. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെ പകൽ ജില്ലയിൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. വൈകിട്ടോടെയാണു മഴ ശക്തമായി പെയ്തു തുടങ്ങിയത്. ജില്ലയിൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരെ മുൻകൂട്ടി വിവരമറിയിക്കുകയും മുന്നറിയിപ്പ് വരുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥാനത്തേക്കു മാറുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുൻകരുതലെന്ന നിലയ്ക്കാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നു കലക്ടർ സ്വാഗത് ആർ.ഭണ്ഡാരി പറഞ്ഞു. പരമാവധി 110 മില്ലിമീറ്റർ മഴ പെയ്തേക്കാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കണ്ണൂർ,  കാസർകോട് ജില്ലകളിൽ മാത്രമാണു യെലോ അലർട്ട്. മറ്റു ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടാണുള്ളത്.  

ഈ മാസത്തെ 16 ദിവസം;160 % മഴ കൂടുതൽ

തെക്കൻ ജില്ലകളിൽ ലഭിച്ച കനത്ത മഴ കിട്ടിയില്ലെങ്കിലും ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഒക്ടോബർ മാസത്തെ മഴയിൽ 160% അധികം ലഭിച്ചു. ഒക്ടോബറിലെ 16 ദിവസങ്ങളിലെ മഴയുടെ സംസ്ഥാന ശരാശരി 164 മില്ലിമീറ്ററും ജില്ലാ ശരാശരി 141.5 മില്ലിമീറ്ററുമാണ്. എന്നാൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 368.5 മില്ലിമീറ്റർ മഴയാണ്. 

മലയോരത്ത്  ജാഗ്രത

ജില്ലയിൽ പരപ്പ ബ്ലോക്ക് ഉൾപ്പെടുന്ന മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിൽ പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ ഏതു സാഹചര്യവും നേരിടാൻ സജ്ജരാണ്. കഴിഞ്ഞ ആഴ്ചയും ഇവിടെ ശക്തമായ മഴയും തുടർന്ന് ചില മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. 

എന്തുകൊണ്ടു തീവ്ര മഴ ? 

അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമർദമാണു കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായത്. ഇപ്പോൾ കേരള തീരത്തിനു സമീപമുള്ള ന്യൂന മർദം ഇന്നു ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ശക്തമായ ഒറ്റപ്പെട്ട മഴ തുടരും. മഴയുടെ ശക്തി നാളെയോടെ കുറയാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തുന്നത്. ശക്തമായ ന്യൂനമർദം ഇന്നലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു കാരണമായി.

ഇന്നലെ വൈകിട്ട് വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അത്ര ശക്തമായില്ല. ഇന്നലെ രാവിലെ തന്നെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.തുടർന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

മഴ സാധ്യത കുറവ്

എറണാകുളത്തിനു മലപ്പുറത്തിനുമിടയിലായാണു ന്യൂനമർദം കരയിൽ പ്രവേശിച്ചത്. ഇതോടെ ന്യൂനമർദം ദുർബലമായി. അതിനാൽ വടക്കൻ ജില്ലകളിൽ മഴ സാധ്യത കുറഞ്ഞു. ഈ മാസം 14 മുതൽ തന്നെ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.അറബിക്കടലിൽ  ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂന മർദമാണ് കിഴക്ക് –  തെക്കു കിഴക്ക് ദിശയിൽ കേരള തീരത്തേക്ക് ഇന്നലെ എത്തിയത്. ജില്ലയിൽ പരമാവധി 11 സെന്റിമീറ്റർ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com