ADVERTISEMENT

കാഞ്ഞങ്ങാട് ∙ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കാസർകോടിനും അഭിമാനത്തിളക്കം. തനി കാഞ്ഞങ്ങാടൻ ഭാഷയിൽ ഹൃദ്യമായ കുടുംബ കഥ പറഞ്ഞ ‘തിങ്കളാഴ്ച നിശ്ചയം’ മികച്ച രണ്ടാമത്തെ ചിത്രമായത് ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായി.മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ചിത്രത്തിന്റെ സംവിധായകൻ കൂടിയായ സെന്ന ഹെഗ്ഡെ നേടി. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്ക്കരണത്തിനും സ്ത്രീകളുടെ സ്വയം നിർണയ അവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന സിനിമയെന്നാണ് ചിത്രത്തെ കുറിച്ചുള്ള ജൂറിയുടെ പരാമർശം. തികച്ചും സാധാരണമായ ജീവിത മുഹൂർത്തങ്ങളിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നും ജൂറി വിലയിരുത്തി.

നാട്ടിൻ പുറത്തെ കല്യാണ വീടുകളിൽ നടക്കുന്ന പലകാര്യങ്ങളും നീരിക്ഷിച്ച് തയാറാക്കിയ കഥയാണിതെന്ന് സംവിധായകൻ സെന്ന ഹെഗ്ഡെ പറഞ്ഞു. കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ വേഗത്തിൽ ഒരു കല്യാണ നിശ്ചയം നടത്തേണ്ടി വരുന്നു. അത് നടത്താനുള്ള നല്ല ദിവസം തിങ്കളാഴ്ചയാണ്. ഈ നിശ്ചയത്തിന് 2 ദിവസം മുൻപുള്ള കഥയാണ് സിനിമ പറയുന്നത്. കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള പുതുമുഖങ്ങളാണ് സിനിമയിലെ താരങ്ങൾ. എല്ലാ കഥാപാത്രത്തിനും ഒരേ പ്രധാന്യമാണ് സിനിമയിൽ നൽകിയതെന്നും സെന്ന പറഞ്ഞു. 

സെന്ന ഹെഗ്ഡെ
സെന്ന ഹെഗ്ഡെ

ചിത്രം കന്നഡയിൽ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം.

എന്നാൽ മറ്റൊരു നാട്ടിൽ ഈ കഥ പറയുന്നതിനേക്കാൾ കാഞ്ഞങ്ങാട് തന്നെ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. കന്നഡയിലെ പ്രമുഖ നിർമാണ കമ്പനിയായ പുഷ്കർ ഫിലിംസാണ് ചിത്രം നിർമിച്ചത്. പുഷ്കറുമായി കാലങ്ങളായുള്ള ബന്ധമാണ് ഉള്ളതെന്നും സെന്ന ഹെഗ്ഡെ പറഞ്ഞു. 2020 ഓഗസ്റ്റിൽ പൂർത്തിയായ സിനിമ ഐഎഫ്എഫ്കെയിലും പ്രദർശിപ്പിച്ചിരുന്നു. സെന്നയുടെ മൂന്നാമത്തെ സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. 0.41 ആണ് ആദ്യ ചിത്രം. പിന്നീട് കന്നഡയിൽ ‘കഥയുണ്ട് ശുരുവാകുതെ’ എന്ന ചിത്രവും സംവിധാനം ചെയ്തു. ചിത്രം തിയറ്ററിലോ ഒടിടിയിലോ പ്രദർശിപ്പിക്കാനുള്ള ചർച്ച നടക്കുന്നതായും സെന്ന ഹെഗ്ഡെ പറഞ്ഞു. 

കാഞ്ഞങ്ങാട് തോയമ്മലിലാണ് സെന്നയുടെ വീട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും വിട്ടു നൽകിയതിനാൽ സിനിമയ്ക്കായി വാങ്ങിയ വാടക വീടുകളിലൊന്നിലാണ് സെന്നയുടെ താമസം. ഉടൻ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. സിനിമയുടെ പ്രദർശന വിജയത്തിനും ഈ പുരസ്കാരം സഹായിക്കുമെന്ന് സെന്ന ഹെഗ്ഡെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com