ADVERTISEMENT

കാസർകോട് ∙വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ  സജ്ജമാക്കണമെന്നു കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം നിർദേശിച്ചു.  എല്ലാ വിദ്യാലയങ്ങളിലെയും അറ്റകുറ്റപ്പണികളും, ശുചീകരണ പ്രവർത്തനങ്ങളും 25നകം പൂർത്തിയാക്കണം. ശിശുസൗഹൃദ അന്തരീക്ഷത്തിൽ ക്ലാസ് മുറികൾ മനോഹരമാക്കണം. 

സ്‌കൂൾ പരിസരം വൃത്തിയാക്കുന്നതിനൊപ്പം കുട്ടികളുടെ സാന്നിധ്യം ഉണ്ടാകുന്ന സ്ഥലങ്ങളിൽ എല്ലാം അണുനശീകരണം നടത്തണം. കോവിഡ് പെരുമാറ്റ രീതികൾ വിദ്യാർഥികളെ ഓർമപ്പെടുത്താൻ പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്നും യോഗം നിർദേശിച്ചു. ഇഴജന്തുക്കൾ കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അതിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്താനും നിർമാണം നടക്കുന്ന വിദ്യാലയങ്ങളിൽ തൊഴിലാളികളും കുട്ടികളും തമ്മിൽ സമ്പർക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങളും ഉണ്ടാകണം. 

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു ബെഞ്ചിൽ 2  കുട്ടികളെ മാത്രമേ ഇരുത്താവൂ. അധികമായി വേണ്ടി വരുന്ന ബെഞ്ചുകൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചു. യാത്രാ സൗകര്യം കുറവായ മേഖലകളിൽ അധികമായി ബസ് സർവീസുകൾ ഏർപ്പെടുത്താനും നിർദേശിച്ചു. ദേശസാൽകൃത റൂട്ടിൽ വരുന്ന വിദ്യാർഥികൾക്കായി യാത്രാ പാസുകൾ ലഭ്യമാക്കാൻ കെഎസ്ആർടിസി അധികൃതരോടു  നിർദേശിച്ചു. ഡിഡിഇ കെ.വി.പുഷ്പ പ്രസംഗിച്ചു.

ഒഴിവുകൾ നികത്തണം

കാസർകോട്  ∙ നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറക്കാനിരിക്കെ ജില്ലയിലെ അധ്യാപകരുടെ കുറവുകൾ പഠന പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ട് പോകാനുമായി ജില്ലയിലെ അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്ന ആവശ്യം ശക്തമാകുന്നു. 

ജില്ലയിൽ പ്രൈമറി പ്രഥമാധ്യാപകരുടെ 89ഉം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ 21ഉം  പ്രധാനാധ്യാപകരുടെ ഒരു ഒഴിവുമാണുള്ളത്. വിവിധ തസ്തികകളിൽ അധ്യാപകരുടെ വലിയ തോതിലുള്ള ഒഴിവുകൾ ഏറെയുണ്ട്.എൽപിഎസ്ടി (മലയാളം) 138 യുപിഎസ്ടി (മലയാളം) 108, എൽപിഎസ്ടി (കന്നഡ) 16, യുപിഎസ്ടി (കന്നഡ)  അധ്യാപകരുടെ 9 ഒഴിവുകളാണുള്ളത്. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസിന്റെ 55  അടക്കം 120 ഒഴിവുകളുണ്ട്.  

ഭാഷാധ്യാപകരുടെ 67 കുറവുകളാണുള്ളത്. അറബിക് പ്രൈമറി അധ്യാപകരുടെ 57 ഒഴിവുകളുണ്ട്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ മിക്കതിലും നാമമാത്രമായ സ്ഥിരാധ്യാപകർ മാത്രമേ ഉള്ളൂ. ഹയർ സെക്കൻഡറി വിഭാഗത്തിലും വിവിധ വിഷയങ്ങളിലായി നൂറിലേറെ അധ്യാപക ഒഴിവുകളുണ്ടെന്നു അധ്യാപക സംഘടന നേതാക്കൾ പറയുന്നു.

നിവേദനം നൽകി

കാസർകോട് ∙ജില്ലയിലെ അധ്യാപക ഒഴിവുകൾ നികത്തണമെന്നു ആവശ്യപ്പെട്ട് എകെഎസ്ടിയുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി, ഡിഡിഇ ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകി. മേൽ ഒഴിവുകൾ നികത്താതെ സ്കൂൾ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകൽ വളരെ പ്രയാസമാകുമെന്നും ദിവസ വേതന അടിസ്ഥാനത്തിലും അധ്യാപകരെ നിയമിച്ച് ജില്ലയിലെ മുഴുവൻ ഒഴിവുകളും സ്കൂൾ തുറക്കുന്നതിന് മുൻപ് നികത്തണമെന്നു  ജില്ലാ പ്രസിഡന്റ് വിനയൻ കല്ലത്ത്, ജില്ലാ സെക്രട്ടറി സുനിൽകുമാർ കരിച്ചേരി എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com