ADVERTISEMENT

കാസർകോട് ∙ 2010 മുതൽ 2015 വരെ 5 വർഷക്കാലം കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രാത്രി സമയം കൃപേഷ് കാടകം എന്ന യുവാവ് ബസ് കഴുകിയിരുന്നു. ഒരു ബസിന്റെ പുറംഭാഗം കഴുകിയാൽ ലഭിക്കുക 10 രൂപ. ആ പണം സ്വരുക്കൂട്ടി വച്ചു പഠിച്ച കൃപേഷ് ഇന്ന് കോടതിയിൽ അഭിഭാഷകനാണ്.ബസുകൾ ഓരോന്നായി കഴുകി വൃത്തിയാക്കുമ്പോഴും അഭിഭാഷകനാകണമെന്ന മോഹമായിരുന്നു കൃപേഷിന്റെ മനസ്സിൽ. വൈകിട്ട് 4 നു തുടങ്ങുന്ന ബസ് കഴുകൽ ജോലി ആദ്യ ഘട്ടം രാത്രി 12നാണു തീരുക. രണ്ടാമത്തെ ഷിഫ്റ്റ് രാത്രി 12 മുതൽ രാവിലെ എട്ടു വരെ. രണ്ട് ഷിഫ്റ്റ് ഒന്നിച്ചെടുക്കുന്നതു വഴി ആഴ്ചയിൽ 6 ദിവസത്തെ ജോലി. ദിവസം പത്ത് ബസ് എന്ന കണക്കിൽ ശരാശരി 150 രൂപ ലഭിക്കും. ബസിന്റെ അകം കൂടി കഴുകിയാൽ 10 രൂപ അധികം കിട്ടും.

കോളജ് കാലത്തു തുടങ്ങിയ ജോലി

കാസർകോട് ഗവ.കോളജ് ബോട്ടണി വിഭാഗം വിദ്യാർഥിയായിരുന്ന സമയത്താണ് കൃപേഷ് ബസ് കഴുകൽ ഉപജീവനമാക്കിയത്. അമ്മ നളിനി കോളജിൽ പോകുന്നതിനും മടങ്ങുന്നതിനും ബസ് കൂലിയായി ആകെ 4 രൂപ കൊടുക്കും. ഈ തുക കൊണ്ട് പഠനം മുന്നോട്ടുകൊണ്ടു പോകാനാവില്ലെന്ന് കൃപേഷ് തിരിച്ചറിഞ്ഞു. തുടർന്ന് കൂലിപ്പണിക്ക് പോയി നോക്കിയെങ്കിലും അത് ഹാജർ നിലയെ ബാധിച്ചു. അതോടെ ക്ലാസ് മുടങ്ങുന്നത് ഒഴിവാക്കാൻ രാത്രി സമയത്തുള്ള ജോലിക്കു ശ്രമം തുടങ്ങി. 2010ൽ രണ്ടാമത്തെ സെമസ്റ്റർ ആയപ്പോൾ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ബസ് കഴുകുന്ന പണിക്കു പോയിത്തുടങ്ങി.

രാത്രി ബസ് കഴുകൽ, പകൽ ഹോട്ടലിലും 

പഠന സമയത്ത് എസ്എഫ്ഐ കാറഡുക്ക ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു കൃപേഷ്.  പല ദിവസങ്ങളിലും കോളജിൽ പോകാൻ കഴിയാത്തതു കാരണം പഠനം മുടങ്ങി. അതോടെ രാത്രിയിലെ ബസ് കഴുകലിനു പുറമെ പകൽ സുള്ള്യയിൽ ബന്ധുവിന്റെ ഹോട്ടലിൽ ജോലിക്കു കയറി. ഇതിനിടെ സിപിസിആർഐയിൽ 6 മാസം ഫീൽഡ് വർക്കർ ആയി. അപ്പോഴും കെഎസ്ആർടിസി ബസ് കഴുകൽ ഒഴിവാക്കിയിരുന്നില്ല.

2015ൽ എൽഎൽബിക്കു ചേർന്നു

എൽഎൽബി പഠിക്കാനുള്ള പണം ആയപ്പോൾ 2015ൽ സുള്ള്യ കെവിജി ലോ കോളജിൽ അഡ്മിഷൻ നേടി. അതോടെ കെഎസ്ആർടിസി ബസ് കഴുകുന്ന പണി വിട്ടു. പഠനത്തിനിടെ ഒരു മഴക്കാലം കൂടി താങ്ങാൻ ശേഷി ഇല്ലാത്ത വീട് പ്രശ്നമായി. പഠിക്കാൻ കരുതി വച്ച പണം വീടിനു ചെലവിട്ടു. അതോടെ പഠനം തുടരാൻ ബാങ്കിൽ നിന്നു വായ്പയെടുത്തു. ഇതിനിടയിൽ വിവാഹവും വന്നു. പഠിക്കാൻ എടുത്ത പണം ഇതിനു ചെലവായി. തുടർന്നു പിഎസ്‌സി കോച്ചിങ് സെന്ററിൽ പരിശീലകനായി.

2020ൽ കോഴ്സ് കഴിഞ്ഞു. കോവിഡ് കാരണം പരീക്ഷ, പരീക്ഷാഫലം എന്നിവ വൈകി. ഒടുവിൽ ലക്ഷ്യം സാധിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.നാടകകൃത്ത്, നടൻ, സംവിധായകൻ, ഫുട്ബോൾ കോച്ച്, തെരുവു നാടക കലാകാരൻ തുടങ്ങിയ നിലകളിലെല്ലാം മികവു കാണിച്ച കൃപേഷ് ജീവിത ദുരിതം മറികടന്ന് ഇനി അഭിഭാഷക റോളിൽ  കാസർകോട് കോടതികളിൽ എത്തും. ഭാര്യ : സൂര്യമോൾ, മകൻ: കെ.എസ്. നിഹിൻ. കൃപേഷിന്റെ ഫോൺ: 9895787001

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com