ADVERTISEMENT

മുള്ളേരിയ /കാസർകോട്∙ നൂറു കിലോയിലേറെ കഞ്ചാവുമായി വീണ്ടും ജില്ലയിൽ ഒരു അറസ്റ്റ് കൂടി. കാറിൽ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തോടി എസ്പി നഗർ സ്വദേശിയും ഇപ്പോൾ വിദ്യാനഗർ ബെദിരയിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ എ.സുബൈറി(32)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്പെഷൽ ഫോഴ്സും (ഡൻസാഫ്) ആദൂർ പൊലീസും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ 1.30 ന് ആദൂർ സിഎ നഗറിൽ റോഡ് തടഞ്ഞാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പൊലീസ് ജീപ്പ് റോഡിനു കുറുകെ കിടക്കുന്നതു കണ്ട് പ്രതി കാർ നിർത്തിയപ്പോൾ ആദൂർ എസ്ഐ ഇ.രത്‌നാകരനും പൊലീസ് സംഘവും  പ്രതിയെ പിടികൂടുകയായിരുന്നു.2 മുതൽ രണ്ടര കിലോ വീതമുള്ള 60 പ്ലാസ്റ്റിക് കവറുകളിലാണു കഞ്ചാവ് പൊതിഞ്ഞിരുന്നത്. 48 പാക്കറ്റുകൾ കാറിന്റെ ഡിക്കിയിലും 7 എണ്ണം കറുത്ത ബാഗിലാക്കി പിൻസീറ്റിലും ബാക്കിയുള്ളവ മുൻ സീറ്റിന്റെ അടിയിലുമായാണു സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാൾ ഉപയോഗിച്ച കാറും മൊബൈൽഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഡിവൈഎസ്പിമാരായ പി.ബാലകൃഷ്ണൻ നായർ‍, സി.കെ.സുനിൽ കുമാർ, എം.എം.മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം.മധുസൂദനൻ, അനിൽ കുമാർ, കെ.ചന്ദ്രൻ, സിപിഒമാരായ അശ്വന്ത്, സുരേഷ്, അനൂപ് എന്നിവരാണ് കാർ തടഞ്ഞ് കഞ്ചാവ് കടത്ത് പിടികൂടിയത്. ഡൻസാഫ് സംഘത്തിലെ എസ്ഐമാരായ സി.കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ,എഎസ്ഐ അബൂബക്കർ കല്ലായി, സിപിഒമാരായ ജിനേഷ്, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗുണ്ടാ വിരുദ്ധ സ്ക്വാഡിലെ ജയേഷ്, ഗോകുല, വിജയൻ, ടി.വി.വിജേഷ്, സി.മനോജ് എന്നിവരും ഇതിനു നേതൃത്വം നൽകി. ആദൂർ സിഐ എ.അനിൽ കുമാറിനാണ് തുടരന്വേഷണ ചുമതല.

വലവിരിച്ച് പൊലീസ്

സുബൈർ കഞ്ചാവ് കൊണ്ടുവരാനായി ആന്ധ്രയിലേക്ക് പോയപ്പോൾ തന്നെ ‘ഡൻസാഫി’ന് വിവരം ലഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ദിവസങ്ങളായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. ഏതു വഴിയായിരിക്കും എത്തുക എന്ന കാര്യത്തിൽ മാത്രമേ അനിശ്ചിതത്വം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അതിർത്തിയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ഒടുവിൽ സുള്ള്യ വഴിയാണ് കടക്കുകയെന്ന സൂചന ലഭിച്ചു. 

പഞ്ചിക്കൽ അതിർത്തി കടന്ന് ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ പൊലീസ് ഇയാളെ പിന്തുടർന്ന് ആദൂർ പൊലീസിന് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. കാറിൽ കഞ്ചാവ് ഉണ്ടെന്ന സൂചന മാത്രമേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. പക്ഷേ കാർ തുറന്ന് പരിശോധിച്ച പൊലീസുകാർ പോലും കെട്ട് കണക്കിനു കഞ്ചാവ് കണ്ട് ഞെട്ടിപ്പോയി!. കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നൂള്ളൂ എങ്കിലും കടത്തിനു പിന്നിൽ കൂടുതൽ പേർ ഉണ്ടെന്നാണ് വിവരം. 

തെറ്റുപറ്റി സാറേ...കരഞ്ഞ് പ്രതി

‌‘തെറ്റു ചെയ്തുപോയി സാറേ....പൈസയുടെ ബുദ്ധിമുട്ടു കൊണ്ടുമാത്രമാണ് ഇതു ചെയ്തത്. അല്ലാതെ ഞാൻ ഇങ്ങനെയൊരു പണി ചെയ്യുമായിരുന്നില്ല. ഇതുവരെ ഒരു അടിപിടിക്കു പോലും പോയിട്ടില്ല. കഞ്ചാവ് ഉപയോഗിക്കാറുമില്ല’. പിടിയിലായപ്പോൾ പ്രതി സുബൈർ പൊലീസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു. കഞ്ചാവ് കാസർകോട് എത്തിച്ചാൽ 25000 രൂപയാണ് ഏജന്റ് വാഗ്ദാനം ചെയ്തതെന്നാണ് ഇയാളുടെ മൊഴി. സുബൈറിനെതിരെ നേരത്തെ കേസുകളില്ലെന്നാണ് പൊലീസിനും ലഭിച്ച വിവരം. അതേസമയം കഞ്ചാവ് കടത്തിനു ഉപയോഗിച്ച കാർ മുൻ കഞ്ചാവ് കടത്ത് പ്രതിയുടേതാണെന്ന സൂചനയുണ്ട്.

കടത്തു  വിവരം ചോർന്നു കിട്ടുമ്പോഴാണു  കഞ്ചാവ് സംഘം  പൊലീസ്– എക്സൈസിന്റെ പിടിയിലാകുന്നത്. കടത്തുകാർ തമ്മിലുള്ള കുടിപ്പകയും വിവരം കിട്ടുന്നതിനുള്ള കടത്തുകാരുമായുള്ള ചില ബന്ധങ്ങളുമാണു  ഇങ്ങനെയുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കാറിൽ കടത്തുന്നതിനിടെയാണു 114 കിലോ കഞ്ചാവുമായി മധുർ ചെട്ടുംകുഴിയിലെ ജി.കെ.മുഹമ്മദ് അജ്മൽ എക്സൈസിന്റെ പിടിയിലായത്.  

ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തുമ്പോൾ വില പത്തിരട്ടി

ആന്ധ്രയിലെ നക്സൽ മേഖലയിലെ തോട്ടങ്ങളിൽ നിന്നാണു കേരളത്തിലേക്കുള്ള കഞ്ചാവ് എത്തുന്നത്. ഇതിനായി മലയാളികളായ ഏജന്റുമാരടക്കം ആന്ധ്രയിലുണ്ട്. ഏജന്റുമാരുടെ  ബാങ്ക് അക്കൗണ്ടിലേക്കു പണം മുൻകൂട്ടി അയയ്ക്കണം. നിശ്ചിത ദിവസം വാഹനവുമായി എത്താൻ നിർദേശിക്കും. സ്ഥലത്ത് എത്തിയാൽ ഏജന്റുമാർക്കു വാഹനം കൈമാറണം. വാഹനം തിരിച്ചു കിട്ടാൻ ഒരു ദിവസത്തിലേറെ വേണം. അതിനാൽ അത്രയും ദിവസം അവിടെ താമസിക്കണം. 

പ്രത്യേക രഹസ്യ അറയുണ്ടാക്കിയും മറ്റുമാണു കഞ്ചാവ് വാഹനങ്ങളിൽ കടത്താനായി സൂക്ഷിക്കുക. കഞ്ചാവുമായി വാഹനം  കടത്തു സംഘത്തിനു കൈമാറിയാൽ ഏജന്റുമാരുടെ പണി തീർന്നു. വാഹന പരിശോധന കർണാടകയിൽ  കുറവായതിനാൽ കടത്ത് ഏറെയും ഇതിലൂടെയാണ്. 

നിലവാരമനുസരിച്ച് കഞ്ചാവിനു കിലോഗ്രാമിനു 1500 മുതൽ 3000 രൂപ വരെയാണു ഏജന്റുമാർക്കു നൽകുന്നത്. എന്നാൽ ജില്ലയിലും മറ്റു ഇതര ജില്ലകളിലെത്തിയാൽ കിലോഗ്രാമിനു 15,000 മുതൽ 30,000 രൂപ വരെയ്ക്കാണു നൽകുന്നത്. ചെറുകിട വിൽപനക്കാർ ഇതിലേറെ രൂപയാണു ആവശ്യക്കാരോടു വാങ്ങുന്നത്. 100 കിലോ ക‍ഞ്ചാവ് പിടിക്കപ്പെടാതെ ജില്ലയിലെത്തിയാൽ കടത്തു സംഘത്തിനു കിട്ടുന്നത് 15 ലക്ഷത്തിലേറെ രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com