25 ലക്ഷത്തോളം രൂപയുടെ കച്ചവടം; ആകെ 5 ജീവനക്കാർ, പ്രവൃത്തി സമയം 10 മുതൽ 9 വരെ...

kasargod-liquor-shop
SHARE

കാസർകോട് ∙ പ്രതിദിന കച്ചവടം  20 മുതൽ 25 ലക്ഷം വരെ, പ്രവൃത്തി സമയം 10 മുതൽ 9 വരെ. എന്നാൽ സ്ഥിരം ജീവനക്കാരായിട്ടുള്ളത് 5 പേർ മാത്രം. കാസർകോട് ഐസി ഭണ്ഡാരി റോഡിലെ ബവ്കോ ഔട്‍ലെറ്റിലെ (ബവ്റിജസ് കോർപറേഷൻ മദ്യ വിൽപന കേന്ദ്രം ) സ്ഥിതി ഇതാണ്. ജില്ലയിലെ മറ്റു വിൽപന കേന്ദ്രങ്ങളിലും ജീവനക്കാരുടെ എണ്ണം പത്തിൽ താഴെ ആണെങ്കിൽ കച്ചവടം 10 ലക്ഷത്തോളവും ചില കേന്ദ്രങ്ങളിൽ ഇതിലേറെയും ആകും.

രാവിലെ 9 മണിയോടെ ജീവനക്കാർ എത്തും. വിൽപന നിർത്തി പണം എണ്ണി തിട്ടപ്പെടുത്തി കണക്കുകൾ ശരിയാക്കി തിരിച്ചു പോകാൻ  രാത്രി 10 മണി കഴിയും. 5 സ്ഥിരം ജീവനക്കാർക്കു പുറമേ 2 സുരക്ഷാ ജീവനക്കാരുണ്ട്. എന്നാൽ ഇവരെ ഒഴിവാക്കാ‍ൻ തീരുമാനിച്ചതോടെ ജീവനക്കാരുടെ ജോലി ഭാരം ഇനി ഇരട്ടിയാകുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. 5 ജീവനക്കാരിൽ ഒരു വനിതയാണു കാസർകോടുള്ളത്. ഈ ജീവനക്കാരിക്കു റവന്യു വകുപ്പിൽ പുതുതായി ജോലി ലഭിച്ചു പോകുന്നതിനാൽ ഒരാളുടെ കുറവും ഈയാഴ്ചയോടെ ഉണ്ടാകും.

ഒരു സെൽഫ് ഉൾപ്പെടെ 2 കൗണ്ടറാണ് ഈ കേന്ദ്രത്തിലുള്ളത്. പൊലീസ് സ്റ്റേഷനു സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നഗരത്തിലെ മറ്റൊരു ബവ്കോ വിൽപന കേന്ദ്രം കോടതി വിധിയെ തുടർന്ന് ഒഴിവാക്കി ബേഡഡുക്ക പഞ്ചായത്തിലെ പെർളടുക്കയിൽ തുടങ്ങുകയായിരുന്നു. അതിനാൽ ബാങ്ക് റോഡിലെ വിൽപന കേന്ദ്രത്തിൽ എത്തിയിരുന്നവർ എല്ലാം കാസർകോട് നഗരത്തിലെ ഏക വിൽപന കേന്ദ്രമായ ഐസി ഭണ്ഡാരി റോഡിലേക്കാണു എത്തുന്നത്.

‘താൽക്കാലിക ജീവനക്കാരെ നിയമിക്കണം’

14 ലക്ഷത്തോളം രൂപയുടെ പ്രതിദിന കച്ചവടമുള്ള കേന്ദ്രങ്ങളിൽ 12 പേരെ നിയമിക്കണമെന്നാണു നിർദേശമുള്ളത്. എന്നാൽ 25 ലക്ഷത്തോളം രൂപയുടെ കച്ചവടമുള്ള കേന്ദ്രങ്ങളിൽ ആകെ 5 ജീവനക്കാർ മാത്രമാണുള്ളത്. ജീവനക്കാരുടെ കുറവിനെ തുടർന്നു കൗണ്ടറുകൾ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയാറാകണമെന്നാണു ജീവനക്കാർ പറയുന്നത്. സീതാംഗോളി, ബന്തടുക്ക, മുള്ളേരിയ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട്, നീലേശ്വരം , പെർളടുക്ക എന്നിവിടങ്ങളിലാണു ബവ്കോയുടെ മറ്റു വിൽപന കേന്ദ്രങ്ങൾ ഉള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA