കൈത്തറിയെ കൈവിടല്ലേ; അവഗണനയ്ക്ക് എതിരെ തൊഴിലാളികൾ സമരത്തിലേക്ക്

kasargod-handloom-sector-faces-problems
SHARE

തൃക്കരിപ്പൂർ ∙ കൈത്തറി രംഗം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിനായി നടപടിയില്ല. റിബേറ്റ് കുടിശിക നൽകാത്തതും അസംസ്കൃത സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൈത്തറി മേഖലയെ തകർക്കുന്നു. സംഘങ്ങളും തൊഴിലാളികളും സമരത്തിലേക്ക്. 

പ്രതിസന്ധി മൂലം ജില്ലയിൽ ഇതിനകം പല സംഘങ്ങളും താഴിട്ടു. പണി ഇല്ലാതെയും എടുത്ത പണിക്ക് കൂലി കിട്ടാതെയും തൊഴിലാളികളാകട്ടെ പട്ടിണിയിലുമാണ്. സംഘങ്ങൾക്ക് വർഷങ്ങളുടെ റിബേറ്റ് കുടിശിക കിട്ടാനുണ്ട്. അതിനു പുറമെയാണു സ്കൂളുകൾക്ക് യൂനിഫോം വിതരണം ചെയ്ത വകയിൽ കിട്ടാനുള്ള കുടിശിക. ഹാൻടെക്സിനു തുണി കൊടുത്തതിലും പണം കിട്ടാൻ ബാക്കിയുണ്ട്. നൂലിനും ചായത്തിനും അനിയന്ത്രിതമായ വിലക്കയറ്റമാണ്. സമീപകാലത്ത് 20 ശതമാനം വരെ വില വർധിച്ചു. 5 ശതമാനം ഉണ്ടായിരുന്ന ജിഎസ്ടി കേന്ദ്ര സർക്കാർ 12 ശതമാനമാക്കി. 

സർക്കാരിന്റെ അലംഭാവംതിരിച്ചടിയാകുന്നു

എല്ലാ തലത്തിലും കൈത്തറി മേഖലയെ പാടേ തകർക്കുന്ന സമീപനമാണ് സർക്കാരുകൾ സ്വീകരിക്കുന്നത്. സംഘങ്ങളെ സാമ്പത്തികമായി മെച്ചപ്പെടുത്താൻ പദ്ധതി രൂപീകരിക്കുന്നില്ലെന്നു മാത്രമല്ല, കുടിശിക വിതരണം ചെയ്യുന്നതിൽ കടുത്ത അലംഭാവം പുലർത്തുകയും ചെയ്യുന്നു. പാരമ്പരാഗത തൊഴിൽ മേഖലയെന്ന നിലയിൽ ഖാദിയോടു കാട്ടുന്ന അനുകൂല സമീപനമോ, പുനരുദ്ധാരണ നടപടികളോ സർക്കാരിൽ നിന്നു കൈത്തറിയോടു ഉണ്ടാകുന്നുമില്ല. കോവിഡ് വ്യാപനം മറ്റു എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ടെങ്കിലും കൈത്തറി രംഗത്ത് അതുണ്ടാക്കിയ ആഘാതം ചെറുതല്ല. ഉൽപന്നങ്ങൾ വിറ്റു പോകാത്തതും കുടിശിക വിതരണം ചെയ്യുന്നതിൽ അധികൃതർ അലംഭാവം തുടരുന്നതും കനത്ത തിരിച്ചടിയുണ്ടാക്കി. 

അനുദിനം തകർച്ചയിലേക്ക്

വിൽപനയിൽ പകുതിയിലേറെ കുറഞ്ഞുവെന്ന കണക്കാണ് സംഘം ഭാരവാഹികൾ നിരത്തുന്നത്. പുരോഗതിയില്ലെന്നു മാത്രമല്ല, അനുദിനം തകർച്ചയിലേക്കു നീങ്ങുന്നതും കൈത്തറി മേഖലയിൽ തൊഴിലാളികളുടെ കടന്നു വരവിനെ തടസ്സപ്പെടുത്തി. നിലവിലുള്ളതല്ലാതെ സമീപകാലത്തൊന്നും പുതുതായി തൊഴിലാളികൾ ഈ മേഖലയിലേക്കു കടന്നിട്ടില്ല. കുറഞ്ഞ വേതനമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. തകർച്ചയിൽ നിന്നു രക്ഷിക്കാനാവശ്യപ്പെട്ടും അലംഭാവത്തിൽ പ്രതിഷേധിച്ചും സംഘങ്ങളും തൊഴിലാളികളും സമരമുഖത്ത് ഇറങ്ങുന്ന സാഹചര്യമുണ്ട്. കൈത്തറി സംഘങ്ങളെയും തൊഴിലാളികളെയും രക്ഷിക്കാനാവശ്യപ്പെട്ട് 15 നു സംസ്ഥാന കൈത്തറി അസോസിയേഷൻ നടത്തുന്ന പ്രതിഷേധ ദിനം ഇതിന്റെ മുന്നോടിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA