ADVERTISEMENT

കാസർകോട് ∙ കാലവർഷം കരുത്തു കാട്ടാതെ മാറി നിന്നപ്പോൾ 2021ൽ സംസ്ഥാനത്ത് പെയ്തു നിറഞ്ഞത് തുലാവർഷമായിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വടക്കു–പടിഞ്ഞാറൻ മൺസൂണിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയാണു ലഭിച്ചത്. സാധാരണ ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലേറെ, കൃത്യമായി പറഞ്ഞാൽ 109 % അധിക മഴയാണു തുലാവർഷത്തിൽ ലഭിച്ചത്. ഡിസംബർ 31നാണ് തുലാവർഷം അവസാനിക്കുന്നതായി ഔദ്യോഗികമായി കണക്കാക്കുന്നത്.

491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 1026.3 മില്ലിമീറ്റർ. തുലാവർഷം 1000 മില്ലിമീറ്റർ പിന്നിടുന്നത് ആദ്യമായാണ്. 1901 മുതലുള്ള കണക്കുകളാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പക്കലുള്ളത്. 121 വർഷത്തിനിടെ വാർഷിക മഴയുടെ കണക്കെടുത്താൽ ആറാം സ്ഥാനമാണ് 2021ന്. തുലാമഴയുടെ മുൻ റെക്കോർഡായ 2010ൽ ലഭിച്ച (829.4 മില്ലിമീറ്റർ) മഴയെക്കാൾ 197 മില്ലിമീറ്റർ കൂടുതലാണ് ഇത്തവണ ലഭിച്ചതെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറഞ്ഞു. ഇത്തവണ വാർഷിക മഴയുടെ അളവ് 3610.1 മില്ലിമീറ്ററാണ്.

പത്തനംതിട്ട ജില്ലയിൽ 1695.4 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 181% കൂടുതലാണിത്. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്, 569.7 മില്ലിമീറ്റർ. അതുപോലും അവിടുത്തെ ശരാശരി മഴ ലഭ്യതയേക്കാൾ 70% കൂടുതലാണ്. തുലാവർഷ സീസണിൽ 10 ന്യൂനമർദങ്ങൾ രൂപപ്പെട്ടു. അതിൽ 2 രണ്ടെണ്ണം ചുഴലിക്കാറ്റായി (ഷഹീൻ, ജവാദ്) ശക്തി പ്രാപിച്ചു. അറബിക്കടലിൽ രൂപപ്പെട്ടു കേരള തീരത്തേക്ക് നീങ്ങിയ ന്യൂനമർദം ഒക്ടോബറിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായി.

ഈ വർ‍ഷം മഴ ഇങ്ങനെ

∙ ജനുവരി– ഏപ്രിൽ : 114.1 മില്ലിമീറ്റർ
∙ മാർച്ച് – മേയ് : 750.9 മില്ലിമീറ്റർ
∙ ജൂൺ–സെപ്റ്റംബർ : 1718.8 മില്ലിമീറ്റർ
∙ ഒക്ടോബർ – ഡിസംബർ : 1026.3 മില്ലിമീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com