ADVERTISEMENT

കാസർകോട് ∙ ‌ഉയരത്തിന്റെ കാര്യത്തിൽ മാത്രമല്ല വിലയിലും ഒരു തലപ്പൊക്കം മുന്നിലാണ് ഇപ്പോൾ അടയ്ക്കയുടെ സ്ഥാനം. ഒരു മാസത്തോളമായി വില അൽപം പിറകോട്ടാണെങ്കിലും കോവിഡ് അടയ്ക്ക കർഷകർക്ക് നൽകിയത് ശരിക്കും ബംപർ നേട്ടം. ‌നന്നായി ഉണങ്ങിയ കൊട്ടടയ്ക്കയ്ക്ക് 530 രൂപയും പുതിയ അടയ്ക്കയ്ക്കു 430 രൂപയുമാണ് വില. ഒരു മാസം മുൻ‌പ് ഇത് 550ഉം 450ഉം ആയിരുന്നു. പുതിയ അടയ്ക്ക വിപണിയിലെത്താൻ തുടങ്ങിയതോടെയാണ് ചെറിയ ഇടിവുണ്ടായത്. അടയ്ക്കയുടെ വലുപ്പം, ഗുണമേന്മ, മണം എന്നിവ നോക്കിയാണ് വില നിശ്ചയിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്ന ബദിയടുക്ക, പെർള, ബായാർ, മുള്ളേരിയ ഭാഗങ്ങളിലെ അടയ്ക്കയ്ക്കാണ് ഈ വില ലഭിക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിൽ 10- 15 രൂപ വരെ ഇതിനേക്കാളും കുറവാണ്.

തെക്കൻ ജില്ലകളിൽ 300 രൂപയിൽ താഴെയേ വിലയുള്ളൂ. ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാൾ, യുപി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് അടയ്ക്കയുടെ വിപണി. പഴയ അടയ്ക്ക ഗുജറാത്തിലേക്കും പുതിയ അടയ്ക്ക മറ്റു സംസ്ഥാനങ്ങളിലേക്കുമാണ് പോകുന്നത്. നേരത്തെ മ്യാൻമർ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു വൻതോതിൽ അടയ്ക്ക ഉത്തരേന്ത്യയിൽ എത്തിയിരുന്നു. എന്നാൽ കോവിഡിനു ശേഷം ഇത് നിലച്ചതാണ് അടയ്ക്ക വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

നല്ല വില ലഭിക്കുമ്പോഴും മഹാളി, മഞ്ഞളിപ്പ്, കൂമ്പ് ചീയൽ രോഗങ്ങൾ ഉൽപാദനം കുറയാൻ കാരണമാകുന്നു. ഇതിനു പുറമേ ഇത്തവണ തുലാമഴ നീണ്ടുപോയത് കാരണം അടയ്ക്ക ഉണങ്ങാതെ കുറെ നശിച്ചു. കാലാവസ്ഥ വ്യതിയാനവും അടയ്ക്കയ്ക്കു വില്ലനാണ്. വേനൽക്കാലത്തെ കടുത്ത ചൂടും കാലവർഷത്തിൽ പെയ്യുന്ന തുടർച്ചയായ മഴയും തിരിച്ചടിയാണ്.

കമുക് കൃഷി വർധിച്ചു

മോഹവിലയിൽ ആകൃഷ്ടരായി കമുക് കൃഷി ചെയ്യുന്നവരുടെ എണ്ണവും ഇപ്പോൾ വർധിച്ചു. കൃഷി വകുപ്പിന്റെ കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 19500 ഹെക്ടർ സ്ഥലത്താണ് കമുക് കൃഷിയുള്ളത്. എന്നാൽ റബർ, തെങ്ങ് എന്നിവ വെട്ടിമാറ്റി പുതിയതായി കമുക് കൃഷി തുടങ്ങിയവർ ഏറെയാണ്. പെട്ടെന്ന് കായ്ക്കുന്ന കുള്ളൻ ഇനങ്ങൾക്കാണ് പ്രിയം. നെൽവയലുകളിൽ മാത്രമാണ് നേരത്തെ കമുക് ചെയ്തിരുന്നതെങ്കിൽ കുന്നിൽ പ്രദേശങ്ങളിലും കമുക് വ്യാപകമായി.

കോവിഡിൽ തിളങ്ങി അടയ്ക്ക

കോവിഡ് സർവ മേഖലകളിലും വില്ലനായപ്പോൾ അടയ്ക്ക കർഷകർക്ക് ലോട്ടറിയാണ്. ഒരു കിലോ കൊട്ടടയ്ക്കയ്ക്ക് 250-300 രൂപയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് എത്തുകയും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തത്. ലോക്ഡൗൺ പിൻവലിച്ച് കാംപ്കോ (സെൻട്രൽ അരക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ്) ആണ് ആദ്യം അടയ്ക്ക വാങ്ങിക്കാൻ തുടങ്ങിയത്. കിലോയ്ക്ക് 250 രൂപയായിരുന്നു വില. അതാണ് വർധിച്ച് 530 രൂപയിലെത്തിയത്. കർണാടകയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപാദിപ്പിക്കുന്നത്. ഇതിന്റെ 15%ൽ ഏറെ സംഭരിക്കുന്നത് മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കാംപ്കോയാണ്. ഇവരുടെ ഇടപെടലാണ് വിപണി താഴാതെ നിയന്ത്രിക്കുന്നതും.

അടയ്ക്കയ്ക്കു വില സ്ഥിരത വേണമെന്ന് കാംപ്കോ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ്. ഈ വില തുടരുമോ എന്നത് ഇറക്കുമതിയെ ആശ്രയിച്ചിരിക്കും. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിലച്ചതാണ് വില കൂടാനുള്ള കാരണം. ഈ വില കണ്ട് തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഒരുപാട് പേർ പുതിയതായി അടയ്ക്ക കൃഷി ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് 5 വർഷം കഴിയുമ്പോൾ വില പിടിച്ചുനിർത്താൻ കഴിയുമോ എന്ന് പറയാൻ കഴിയില്ല .
ഇ.ഗിരീഷ്, റീജനൽ മാനേജർ, കാംപ്കോ ബദിയടുക്ക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com