ADVERTISEMENT

കാസർകോട് ∙ ഒട്ടേറെ സമരങ്ങൾക്കു വേദിയായ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പുമരം ഇനി ഓർമകളിലേക്ക്. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടാണ് തലയുയർത്തി നിൽക്കുന്ന ‘ഒപ്പുമരചുവട്ടിലെ സമരവേദി’ കളമൊഴിയുന്നത്. വർഷങ്ങൾക്കു മുൻപ് നട്ട കൊന്ന മരമാണ് പിന്നീട് ഒപ്പുമരമായി മാറിയത്. മരം വലുതാവുകയും കച്ചവട സ്ഥാപനങ്ങൾക്കു തടസമാവുകയും ചെയ്തതോടെ രാത്രിയുടെ മറവിൽ മരം നശിപ്പിക്കാൻ ഒരു സംഘം ശ്രമിച്ചു. ഇതോടെ മരത്തിന്റെ പൂവുകളും ഇലകളും കരിഞ്ഞുണങ്ങി, ആ ദൂരിത കാഴ്ച കണ്ട പരിസ്ഥിതി പ്രവർത്തകർ ഒത്തുകൂടി വെള്ളമൊഴിച്ച് മരണത്തിൽ നിന്നു മരത്തെ രക്ഷിക്കുകയായിരുന്നു. ഇതു പഴയ കഥ. എന്നാൽ ഇപ്പോൾ വികസനത്തിനായി ഇവിടെയുള്ള മുഴുവൻ മരങ്ങൾക്കും അടുത്ത ദിവസം കോടാലി വീഴൂം.

ഒപ്പുമരം എന്ന പേരിനു പ്രായം 10

പരമ്പരാഗത സമര രീതികളെ ഒഴിവാക്കി പ്രകൃതിയും ജീവജാലങ്ങളും അതിജീവനം ആവശ്യപ്പെട്ടുള്ള പുതിയ സമര രീതികളോടെയായിരുന്നു ഒപ്പുമരത്തിന്റെ പിറവി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കായി പോരാടിയിരുന്ന എൻവിസാജ് എന്ന സംഘടനയാണ് ‘ഒപ്പുമരം’ എന്ന പേരിനു പിന്നിൽ. പ്രതിഷേധ സമരത്തിന്റെ ഭാഗമായി മരത്തിൽ വെളുത്ത തുണി കെട്ടി അതിൽ നിറയെ ഒപ്പുചാർത്തുക എന്നതായിരുന്നു തുടക്കം.

2011 ഏപ്രിലിൽ നടന്ന സ്റ്റോക്ക് ഹോം കൺവൻഷനിലാണ് എൻഡോസൾഫാൻ രാജ്യാന്തരതലത്തിൽ നിരോധിച്ചത്. ഇതേ തുടർന്ന് രാജ്യത്തും നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2011 ഏപ്രിൽ 6ന് ഇവിടെ ഒപ്പു ചാർത്തൽ തുടങ്ങി. കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ,സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ള ആയിരങ്ങളാണു മരത്തിൽ ഒപ്പുചാർത്തിയത്. ഒപ്പിടൽ സമരം മേയ് 29 വരെ നീണ്ടു. അന്നു മുതൽ എല്ലാ സമരങ്ങളുടെ കേന്ദ്രം പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പുമരച്ചുവടായിരുന്നു.കാസർകോട്ടെ ഒപ്പുമരത്തെ തുടർന്നു തലസ്ഥാന നഗരിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി പ്രതീത്മാകമായി ഒപ്പുമരം ഉയർന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പുമരത്തിൽ തൂക്കിയിട്ട തപാൽ പെട്ടിയിൽ ജനങ്ങൾ ദുരിതങ്ങളും സങ്കടങ്ങളും എഴുതിയിട്ടു.

സമരങ്ങളുടെ തണൽ

കാസർകോട് ജില്ലയോടുള്ള അവണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ജില്ലയിലെ പ്രധാന സമരകേന്ദ്രമായിരുന്നു ഒപ്പുമരച്ചുവട്. 11 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നൂറിലേറെ സമരങ്ങൾക്കാണ് ഇവിടെ വേദിയായത്. ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം 500 ദിവസം പിന്നിട്ടു. ഭെൽ–ഇഎംഎൽ ജീവനക്കാരുടെ സമരം 2 മാസത്തോളം നീണ്ടു. കുടകിലെ സഫിയ എന്ന പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം 160 ദിവസമായിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കുള്ള സമരമായിരുന്നു ഏറെയും ഇവിടെ. തലസ്ഥാനത്തേക്കുള്ള പല ജാഥകളും യാത്രകളും പുറപ്പെടുന്നതും ഈ ഒപ്പുമരത്തിന്റെ ചുവട്ടിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com