ADVERTISEMENT

കാസർകോട് ∙ ദേശീയപാതയിൽ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി സ്വർണ വ്യാപാരിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് 1.65 കോടി രൂപ കവർന്ന കേസിൽ 2 പ്രതികളുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബെംഗളൂരുവിൽ നിന്നാണു പ്രതികളെ പിടികൂടിയതെന്നു ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. കാസർകോട്, ബലഗാവി തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ മോഷണം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു പ്രതികൾ. ഇവരെ കാസർകോട് കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഇന്നു കോടതിയെ സമീപിക്കും.

കവർച്ചയിൽ പങ്കെടുത്ത കണ്ണൂർ പുതിയതെരു സ്വദേശി മുബാറക്ക് (27), കുമ്പള കുണ്ടങ്കാരടുക്കയിലെ സഹീർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നു കളഞ്ഞെന്നാണു പൊലീസിന്റെ നിഗമനം. പിടിയിലായ പ്രതികൾക്കെതിരെ തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേസുകളുണ്ട്. കവർച്ചാ കേസുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയും 9 പവൻ സ്വർണവും 6 വാഹനങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വാഹനങ്ങൾ വാടകയ്ക്ക് എടുത്തവയാണ്.

സ്ഥിരം കുറ്റവാളികളായ സംഘാംഗങ്ങൾ പരിചയത്തിലാകുന്നത് ജയിലിൽ കഴിയുമ്പോഴാണ് മൊഗ്രാലിലെ കവർച്ചയിൽ 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് തുടക്കത്തിൽ പരാതി നൽകിയിരുന്നത്. എന്നാൽ പിന്നീട് 1.65 കോടി രൂപയുടെ രേഖകൾ ജ്വല്ലറി ഉടമ അന്വേഷണ സംഘത്തിനു കൈമാറി. എന്നാൽ യഥാർഥ തുക ഇതിലും വളരെ കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയമായി വലിയ വിവാദങ്ങൾ സൃഷ്ടിച്ച കൊടകര കുഴൽ പണ കേസിൽ ഈ സംഘത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു സൂചനയുണ്ട്.

കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ, സിഐ പി.അജിത് കുമാർ‍, എസ്ഐമാരായ കെ.നാരായണൻ നായർ, സി.കെ.ബാലകൃഷ്ണൻ, എ.എൻ.രഞ്ജിത് കുമാർ, എഎസ്ഐമാരായ മോഹനൻ, വിജയൻ, ലക്ഷ്മീനാരായണൻ, സ്ക്വാഡ് അംഗങ്ങളായ പി.ശിവകുമാർ, അബ്ദുൽ ഷുക്കൂർ, ഓസ്റ്റിൻ തമ്പി, എസ്.ഗോകുൽ, നിതിൻ സാരംഗ്, കെ.വിജയൻ, സുഭാഷ് ചന്ദ്രൻ, എൻ.രാജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഒന്നാം പ്രതി കതിരൂർ മനോജ് വധക്കേസ് പ്രതി

കാർ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലെ ഒന്നാം പ്രതി കണ്ണൂർ മാലൂർ കുന്നുമ്മൽ സ്വദേശി സിനിലി(42)നെതിരെ പൊലീസ് വീണ്ടും ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ‍ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് വധക്കേസിലെ 9–ാം പ്രതിയുമാണ് സിനിൽ. സിനിലിനെതിരെ രണ്ടാം തവണയാണ് ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 94979 87217, 94979 80934 എന്നീ നമ്പരുകളിൽ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇനി 7 പ്രതികൾ കൂടി കേസിൽ പിടിയിലാകാനുണ്ട്. ഒരു പ്രതിക്ക് കോടതിയിൽ നിന്നു നേരിട്ടു ജാമ്യം ലഭിച്ചിരുന്നു.

പിടിയിലായത് സ്ഥിരം പ്രതികൾ

അറസ്റ്റ് ചെയ്ത ശാന്തിപ്പള്ളത്തെ ഷഹീർ മൊഗ്രാലിൽ സലാം വധക്കേസിൽ പ്രതിയാണ്. കണ്ണൂർ പുതിയതെരു സ്വദേശി മുബാറകിനെതിരെ തൃശൂർ ഒല്ലൂരിൽ നിന്ന് കഴിഞ്ഞ വർഷം 95 ലക്ഷം രൂപ, കതിരൂരിൽ നിന്ന് 2018ൽ 50 ലക്ഷം, നിലമ്പൂരിൽ നിന്ന് കഴിഞ്ഞ നവംബറിൽ 85 ലക്ഷം എന്നിങ്ങനെ കവർച്ചാ കേസുകൾ നിലവിലുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ, തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ തുടങ്ങിയ ഇടങ്ങളിൽ വച്ചാണു പ്രതികൾ പരിചയപ്പെടുന്നത്. കണ്ണൂരിലെ വളപട്ടണം, മയ്യിൽ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്.

പിടിയിലായത് അടുത്ത മോഷണത്തിന്റെ ആസൂത്രണത്തിനിടെ

പൊലീസിന്റെ വ്യാജ ഐഡി കാർഡുകളുപയോഗിച്ച് കാസർകോട്, മംഗളൂരു, ബെലഗാവി എന്നിവിടങ്ങളിൽ വീടുകളിൽ മോഷണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രതികൾ ബന്ധപ്പെടാൻ വാട്സാപ് കോളുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ പലപ്പോഴും വൈകി. പിന്നീട് ബെംഗളൂരുവിൽ അന്വേഷണം ഊർജിതമാക്കി.

പ്രതികൾ മൊബൈൽ റീചാർജ് ചെയ്ത കട കണ്ടെത്തി. തുടർന്നാണു 2 പേർ പിടിയിലായത്.സംഘത്തിന് സംസ്ഥാനത്തുടനീളം വേരുകളുണ്ടെന്ന് എസ്പി പറഞ്ഞു.സംഘാംഗങ്ങളെല്ലാം ഗോവയിൽ പുതുവർഷമാഘോഷിക്കാൻ ഒത്തു കൂടിയിരുന്നു. ഈ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചപ്പോളേക്ക് വൈകിയിരുന്നു. പിന്നീടാണു ബെംഗളൂരുവിലെത്തിയത്. അവിടെ മലയാളിയായ പഴക്കച്ചവടക്കാരന്റെ അടുത്താണ് താമസിച്ചത്.

ദേശീയപാതയിൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് വാഹനങ്ങൾ തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്യുന്ന രീതിയാണ് ഇപ്പോൾ പിടിയിലായ പ്രതികളുടേത്. കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികളാണു പൊലീസ് സ്വീകരിക്കുന്നത്. ഓപ്പറേഷൻ കാവൽ പോലെയുള്ള പദ്ധതികൾ ശക്തമാക്കും. പ്രശ്നങ്ങൾ സൃഷ്ടിക്കും വിധമുള്ള സാമൂഹിക മാധ്യമ ഇടപെടലുകൾ കർശനമായി നിരീക്ഷിക്കും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com