നീളം 156 മീറ്റർ, വീതി 11 മീറ്റർ; പയസ്വിനി പുഴയിൽ പുതിയ പാലത്തിന് 16.30 കോടി

Kasargod News
മുളിയാർ–ബേഡഡുക്ക പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട അരമനപ്പടി പാലം നിർമിക്കുന്ന സ്ഥലം.
SHARE

പൊയിനാച്ചി ∙ മുളിയാർ– ബേഡഡുക്ക പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നതിനു പയസ്വിനി പുഴയിൽ അരമനപ്പടിയിൽ പുതിയ പാലം ഉയരുന്നു. ഇതിനായി 16.30 കോടി രൂപയുടെ പദ്ധതിക്കു സർക്കാർ അനുമതി നൽകി. നബാർഡിൽ നിന്നു 13.04 കോടിയും സംസ്ഥാന സർക്കാർ വിഹിതമായി 3.26 കോടി രൂപയുമാണു പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. പെർളടുക്കം-അരമനപ്പടി- ബാവിക്കര- ബേവിഞ്ച പാതയിൽ തൂക്കുപാലമുള്ള അരമനപ്പടിയിലാണ് പാലവും അപ്രോച്ച് റോഡും പണിയുന്നത്. ജനസഞ്ചാരത്തിനായി വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത് നിർമിച്ച ഒരു തൂക്കു പാലമാണ് ഇവിടെയുള്ളത്.

വളരെ പിന്നാക്ക മേഖലയായ കല്ലളി, ബാവിക്കരയടുക്കം, ബേവിഞ്ച, ആലൂർ, ഇരിയണ്ണി പ്രദേശത്തുള്ളവർക്കു ഏറെ ഉപകാര പ്രദമാകുന്നതാണു പുതുതായി പണിയുന്ന അരമനപ്പടി പാലം.തെക്കിൽ- ആലട്ടി പാതയിൽ പെർളടുക്കത്ത് നിന്ന് ആരംഭിക്കുന്ന റോഡ് കല്ലളി, ബാവിക്കരയടുക്കം വഴി ബേവിഞ്ച-ആലൂർ-ഇരിയണ്ണി പൊതുമരാമത്ത് റോഡിൽ എത്തിച്ചേരും. ഇതിനു പുറമേ പെരിയ ദേശീയപാതയിൽ നിന്നു ആയം കടവ് പാലം വഴിയും പെർളടുക്കത്തേക്ക് എത്താം. ഇതു വഴി പുതുതായി നിർമിക്കുന്ന അരമനപ്പടി പാലം വഴി ചെർക്കള- ജാൽസൂർ പാതയിൽ ബോവിക്കാനം ജംക‍്ഷനിലേക്ക് എളുപ്പത്തിൽ എത്താനാകും.

നിലവിൽ പെരിയ മുതൽ പെർളടുക്കം വരെ ബിഎംബിസി ചെയ്ത റോഡുണ്ട്. പെരിയ മുതൽ ആയംപാറ വരെ മെക്കാഡം ചെയ്യുന്നതിനായി 3.75 കോടി രൂപയുടെ പദ്ധതിക്ക് ടെൻഡർ നടപടി പൂർത്തിയായി. അരമനപ്പടി പാലം യാഥാർഥ്യമാകുന്നതോടൊപ്പം പെർളടുക്കത്ത് നിന്ന് ബോവിക്കാനത്തേക്കുള്ള റോഡും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങുമെന്നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.

നീളം 156 മീറ്റർ,വീതി 11 മീറ്റർ

പുഴയുടെ ഇരുകരകളിലുമായി ഓരോന്നും പുഴയിൽ അഞ്ചും ഉൾപ്പെടെ 7 തൂണുകളാണു പാലത്തിനായി ഉയരുക. ഒരോ സ്പാനുകൾ തമ്മിൽ 26 മീറ്റർ നീളം ഉണ്ടാകും. ഇരു ഭാഗങ്ങളിലായി നടപ്പാതയടക്കം 11 മീറ്ററാണു വീതി. മുളിയാറിലെ ആലൂരിൽ ഒരു കിലോമീറ്ററും ബേഡഡുക്ക പെർളടുക്കത്ത് 2 കിലോമീറ്ററുമാണു അപ്രോച്ച് റോഡ് നിർമിക്കുക. നിലവിലുള്ള തൂക്കുപാലത്തിന്റെ ഉയരം തന്നെയായിരിക്കും പുതുതായി നിർമിക്കുന്ന പാലത്തിന്റേതും. അപ്രോച്ച് റോഡിനു പുറമേ നിലവിലുള്ള റോഡിന്റെ നവീകരണ പ്രവൃത്തി മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി ചെയ്യാനാണ് ആലോചിക്കുന്നത്. പാലത്തിന്റെ ഡിസൈനിങ് ചെറിയ മാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

പാലം യാഥാർഥ്യമാകുമ്പോൾ

ടൂറിസ്റ്റ് കേന്ദ്രമായ ബേക്കൽ കോട്ട, കേന്ദ്ര സർവകലാശാല, കാഞ്ഞങ്ങാട് ടൗൺ, കാസർകോട് ടൗൺ, ചെർക്കള ജംക‍്ഷൻ, ബോവിക്കാനം, പൊവ്വൽ കോട്ട, മല്ലം ദുർഗാ പരമേശ്വരി ക്ഷേത്രം, മുള്ളേരിയ, അഡൂർ, സുള്ള്യ, മടിക്കേരി എന്നീ പ്രധാന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു ടൂറിസ്റ്റ് കണക്ടിവിറ്റിയുള്ള വഴിയായി ഇത് മാറും.

പാലം നിർമിക്കുന്നത് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി സ്വീകരിക്കും. ഏപ്രിലിൽ പാലം പണി തുടങ്ങാനാകും. ഇതിന് ആവശ്യമായ സഹായ സഹകരണങ്ങൾ പ്രദേശത്തുകാർ സൗജന്യമായി നൽകണം.

സി.എച്ച്.കുഞ്ഞമ്പു എംഎൽഎ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA