ADVERTISEMENT

കാഞ്ഞങ്ങാട് ∙ അടിമുടി വിപ്ലവം നിറഞ്ഞു നിൽക്കുന്ന മണ്ണാണ് മടിക്കൈയുടേത്. ദേശീയ-കർഷക പ്രസ്ഥാനങ്ങൾക്ക് ചൂടും ചൂരും പകർന്ന മണ്ണ്. സ്വാതന്ത്ര്യാനന്തരം മടിക്കൈയുടെ സാമൂഹിക പരിസരം രൂപപ്പെടുന്നത് തന്നെ ദേശീയ കർഷക പ്രസ്ഥാനങ്ങൾ അടിച്ചമർത്തപ്പെട്ടവരിൽ വളർത്തിയെടുത്ത ആർജവും പ്രതികരണ ബോധത്തിലുമാണ്. അത് കൊണ്ട് തന്നെയാണ് സാമൂഹിക അസമത്വങ്ങൾക്കെതിരെ മടിക്കൈയുടെ മണ്ണിൽ നിന്നു ആദ്യ ശബ്ദം ഉയരുന്നതും.

ഒട്ടേറെ അവകാശ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണാണ് മടിക്കൈയുടേത്. മിച്ചഭൂമി സമരം, വിള കൊയ്ത്ത് സമരം തുടങ്ങി ഒട്ടേറെ സമരങ്ങൾക്ക് സാക്ഷിയാണ് മടിക്കൈയുടെ മണ്ണ്. മടിക്കൈയുടെ മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ച പങ്കും ഏറെ പ്രശംസനീയമാണ്. 1972 ലെ മിച്ച ഭൂമി സമരത്തിൽ പങ്കെടുത്ത് മൂന്നു മാസം പ്രായമായ കൈക്കുഞ്ഞിനെയും കൊണ്ട് ജയിലിലേക്ക് പോയ കെ.വി.മാധവിയെന്ന കരുത്ത വനിതയുടെ ഓർമകൾ സ്ത്രീ സമൂഹത്തിന് തന്നെ ആവേശം പകരുന്നതാണ്.

മിച്ച ഭൂമി സമരം

1969‌ൽ ഇഎംഎസ് സർക്കാർ ഭൂപരിഷ്കരണ ബിൽ കൊണ്ടു വന്നെങ്കിലും സഭയിൽ പാസാക്കുന്നതിന് മുൻപ് രാജി വയ്ക്കേണ്ടി വന്നു. പിന്നീട് വന്ന സി.അച്യുതമേനോൻ സർക്കാരാണ് ഭൂപരിഷ്കരണ ബിൽ നിയമമാക്കിയത്. എങ്കിലും ഭൂരഹിതർക്ക് ഭൂമി നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ല. ഇതോടെ മിച്ചഭൂമി ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘം സമരം പ്രഖ്യാപിച്ചു. എകെജി, വെല്ലിംഗ്ടൺ, മത്തായി മാഞ്ഞൂരാൻ, ഫാ. വടക്കൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം കൊടുത്തത്. മടിക്കൈയിൽ വെള്ളച്ചേരിയായിരുന്നു സമരത്തിന്റെ പ്രധാനകേന്ദ്രം. കെ.പി.രൈരു, കുരുടിൽ കുഞ്ഞിരാമൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ഒട്ടേറെ സ്ത്രീകളും പങ്കെടുത്തിരുന്നു.

സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര – ദീപശിഖ പ്രയാണം മടിക്കൈയിലെ സമ്മേളന നഗരിയിൽ എത്തിയപ്പോൾ.

സമീപ പ്രദേശങ്ങളായ തച്ചങ്ങാട്ടും ചീമേനിയിലും നടന്ന സമരങ്ങളിലും മടിക്കൈയിൽ നിന്നു ഒട്ടേറെ പേർ പങ്കെടുത്തു. തച്ചങ്ങാട് മിച്ചഭൂമി സമരത്തിലും ആർഡിഒ ഓഫിസ് പിക്കറ്റിങ്ങിലും പങ്കെടുക്കാൻ മുപ്പതോളം പേർ അടങ്ങുന്ന ഒരു ജാഥ നടന്നു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു. 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുരുഷന്മാർക്ക് പുറമേ ചീരു ചൂട്ടക്കാട്ട്, കെ പാറു, കെ.എം. രമണി, കുണ്ടൻ മാധവി, അമ്പലത്തുകര പാറ്റ, അമ്പലത്തുകര ചീരു, പോത്തങ്കൈ കെ.വി.മാധവി, കെ.ഉണ്ടച്ചി, സി.കാർത്യായനി, ചൂട്ടക്കാട്ട് ജാനകി, കെ.ടി.നാരായണി, കെ.ജാനകി, കെ.നാരായണി എന്നീ സ്ത്രീകളും 18 ദിവസത്തോളം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. കെ.വി.മാധവി മൂന്നുമാസം പ്രായമായ കുഞ്ഞ് വസന്തയുമായാണ് ജയിലിൽ പോയത്.

ചട്ടിയും കലവുമെടുത്ത് മാർച്ച്

മടിക്കൈ ആലയി പ്രദേശത്ത് പൊലീസ് നടത്തിയ ആക്രമണത്തിൽ സർവതും നഷ്ടപ്പെട്ട അമ്മമാർ പൊളിഞ്ഞ ചട്ടിയും കലവും അതിന്റെ അവശിഷ്ടങ്ങളും തലയിലേറ്റി ഭരണ നേതൃത്വത്തിനെിരെ നടത്തിയ സമരമാണിത്. കിഴക്കുംകരയിലെ കോൺഗ്രസ് പ്രസിഡന്റ് വീടിന് അകത്ത് ഇവയെല്ലാം എറിഞ്ഞ ശേഷമാണ് സമരവുമായി വന്ന സ്ത്രീകളിൽ മടിക്കൈയിലേക്ക് മടങ്ങിയത്. അതിന് ശേഷം ആലയിൽ പൊലീസ് അക്രമങ്ങൾക്ക് കുറവും വന്നു.

കാസർകോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്.

മർദനത്തിന്റെ നാളുകൾ

1948-51 കാലഘട്ടഘങ്ങളിൽ പൊലീസിന്റെ അതിക്രൂര മർദനത്തിന് മടിക്കൈയിലെ ഒട്ടേറെ പേർ ഇരകളായിട്ടുണ്ട്. കക്കാട്ട് കർഷക സംഘത്തിന്റെ പ്രവർത്തകനായ കെ.വി.രാമനെ നീലേശ്വരത്ത് വച്ച് അറസ്റ്റ് ചെയ്ത ശേഷം ക്രൂരമായി മർദിച്ചു. മർദനത്തെ തുടർന്നു ബോധം നഷ്ടപ്പെട്ട രാമനെ വെള്ളത്തിൽ മുക്കിയെടുത്തു. പിന്നീട് ബാർബറെ വരുത്തി തലയിൽ അരിവാളും ചുറ്റികയും വരച്ച ശേഷമാണ് വിട്ടത്.

kasargod-cpm-district-conference-news-image-3

എകെജിയുടെ സന്ദർശനം

ആലയി വിള കൊയ്ത്ത് സമരത്തിന് ശേഷവും ഏച്ചിക്കാനം ജന്മിമാരുടെ പീഡനത്തിന് ഒരു കുറവും ഉണ്ടായില്ല. കർഷകർ കാടുകളിൽ നിന്നു ശേഖരിച്ച് കൊണ്ടു വരുന്ന തോൽ ജന്മിമാരുടെ വയലിലിടാൻ കാര്യസ്ഥന്മാർ നിർബന്ധിക്കുമായിരുന്നു. 1946ൽ ദേശാഭിമാനി പിരിവിനായി കെ.ആർ.കുഞ്ഞിക്കണ്ണനുമൊത്ത് എകെജി അമ്പലത്തുകരയിലെത്തി. ഈ സമയം തോലരിഞ്ഞ് വരുന്ന സ്ത്രീകളെ കാര്യസ്ഥൻ തടഞ്ഞു വയ്ക്കുന്നത് കണ്ടു. ജന്മിയുടെ വയലിലിൽ തോലിടാൻ നിർബന്ധിക്കുകയായിരുന്നു കാര്യസ്ഥൻ. എകെജി ഇതിനെ ചോദ്യം ചെയ്തു. തോല് കൊട്ടി സ്ത്രീകളുടെ തലയിൽ വച്ചു കൊടുക്കുകയും ചെയ്തു അദ്ദേഹം. ഇതിന് ശേഷം പിരിവിനായി ഒരോ വീടും എകെജി കയറിയിറങ്ങി.

എകെജി വന്നത് പൊലീസ് മണത്തറിഞ്ഞു. 2 പൊലീസുകാർ എകെജിയെ പിന്തുടർന്നു. കക്കാട്ട് വച്ച് പൊലീസിനെ തിരിച്ചറിഞ്ഞ എകെജി ഇവരെ ശകാരിച്ചു. കൂടെയുണ്ടായിരുന്ന കെ.ആർ പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. ഇതോടെ ഇവിടെ നിന്നു രക്ഷപ്പെട്ട പൊലീസുകാർ എകെജി തങ്ങളെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചുവെന്ന് കാട്ടി മേലധികാരികൾക്ക് കമ്പിയടിക്കുകയും ചെയ്തു. പിറ്റേദിവസം കാലിച്ചാൻമരത്തിന് സമീപം പൊതുയോഗം നടത്തി. എകെജിയുടെ നേതൃത്വത്തിൽ പൊലീസിനെതിരെ പ്രകടനം നടത്തി. നൂറുകണക്കിന് കർഷകർ പ്രകടനത്തിൽ അണിനിരന്നു. പിറ്റേ ദിവസം പൊലീസ് മടിക്കൈയിലേക്ക് കുതിച്ചെത്തി. ഗ്രാമത്തിൽ മുഴുവനായി അതിക്രമം നടത്തി. ഒട്ടേറെ പേർക്ക് മർദനവുമേറ്റു.

പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എസ്. രാമചന്ദ്രൻപിള്ള

മടിക്കൈ∙ കോവിഡ് പ്രതിസന്ധിക്കിടയിലും വിപ്ലവ ആവേശത്തിന്റെ കരുത്തിലാണ് മടിക്കൈ ഗ്രാമം. നെഞ്ചേറ്റിയ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് വേദിയായി മടിക്കൈ ഗ്രാമം ചുവന്ന് നിൽക്കുമ്പോൾ അന്തരീക്ഷത്തിലെങ്ങും ആവേശത്തിന്റെ ചുവന്ന കാറ്റ് വീശുകയാണ്. ജില്ലാ സമ്മേളനം നടത്താൻ പാർട്ടി മടിക്കൈ ഗ്രാമത്തെ തിരെഞ്ഞെടുത്തത് മുതൽ നാട്ടുകാർ സമ്മേളന നടത്തിപ്പിന്റെ ആവേശത്തിലേക്ക് നീങ്ങുകയായിരുന്നു.

മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ള പേരാട്ടത്തിൽ എന്നും മുന്നിൽ നിന്ന് നാടാണിത്. തെറ്റുകൾക്കെതിരെ പോരടിച്ചും അവകാശത്തിന് വേണ്ടി പോരാടിയും മുന്നിൽ നിന്ന ഈ ഗ്രാമത്തിന്റെ കരുത്ത് ലോകമറിഞ്ഞതാണ്. മഹത്തായ പാരമ്പര്യത്തിന്റെ കരുത്തിൽ മുന്നോട്ട് പോകുന്ന മടിക്കൈയിൽ നടക്കുന്ന സിപിഎം സമ്മേളനം ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടാണ് നടക്കുന്നത്. സമ്മേളനത്തിന്റെ അനുബന്ധമായി നടത്തേണ്ടിയിരുന്ന എല്ലാ പരിപാടികളും മാറ്റി വച്ചിരുന്നു. ജില്ലയിലെ 26120 അംഗങ്ങളെ പ്രതിനിധികരിച്ച് കൊണ്ട് 150 പേരാണ് സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.

35 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ മൊത്തം 185 പേരാണ് പ്രതിനിധികളുണ്ടാകും. ഇന്ന് രാവിലെ 9.30ന് സമ്മേളന നഗരിയിൽ പതാക ഉയർത്തും. തുടർന്ന് ദീപശിഖ തെളിയിക്കും. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, ഇ.പി ജയരാജൻ, മന്ത്രി എം.വി ഗോവിന്ദൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ, ടി.പി രാമകൃഷ്ണൻ, കെ.പി സതീഷ്ചന്ദ്രൻ എന്നീ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com