ADVERTISEMENT

എം.വി ബാലകൃഷ്ണൻ
(സിപിഎം ജില്ലാ സെക്രട്ടറി)

കാസർകോട്∙ നാടിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ വലതുപക്ഷത്തേക്ക് നീക്കാനുള്ള വൻ പ്രചാരണങ്ങളാണ് വിവിധ തലങ്ങളിൽ പ്രതിലോമകാരികളും വർഗീയ ശക്തികളും ചേർന്ന് നടത്തി കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി കൊണ്ട് ആശയപരമായും പ്രായോഗികപരമായും നേരിട്ട് കൊണ്ടാണ് ഇക്കാലയളവിൽ സിപിഎം ജില്ലയിൽ ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തി കൊണ്ട് പ്രവർത്തിക്കുന്നത്. പിണറായി സർക്കാർ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ ജനക്ഷേമപരമായ പ്രവർത്തനങ്ങൾ പാർട്ടിയുടെ വളർച്ചയ്ക്കുള്ള സാധ്യതയ്ക്ക് കളമൊരുക്കി എന്ന കാര്യത്തിലും തർക്കമില്ല. കഴിഞ്ഞ 4 വർഷത്തിനിടയിൽ ജില്ലയിൽ വലിയ പരീക്ഷണങ്ങൾക്കാണ് പാർട്ടി വിധേയമായത്.

പെരിയ കൊലപാതകം പാർട്ടിയെ അരിഞ്ഞ് വീഴ്ത്താനുള്ള ആയുധമാക്കി ബിജെപി– യുഡിഎഫ് കൂട്ടുക്കെട്ട് പ്രചണ്ഡമായ പ്രചാര വേലകൾ നടത്തി. രാഷ്ട്രീയമായി പാർട്ടിയെ തകർക്കുവാനുള്ള സംഘടിതമായ തീവ്രശ്രമങ്ങളും കെട്ടഴിച്ച് വിട്ടു. എന്നാൽ പാർട്ടിയെ തകർക്കുവാനുള്ള നീക്കത്തെ ജില്ലയിലെ പാർട്ടിയുടെ പ്രവർത്തകരെയും അണികളെയും പൂർണമായും അണിനിരത്തി കൊണ്ട് ജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് പ്രതിരോധിക്കുവാൻ പാർട്ടിക്ക് കഴിഞ്ഞു. പുല്ലൂർ–പെരിയ പഞ്ചായത്തിലും ജില്ലയിലും പാർട്ടിയെ തകർത്ത് കളയാമെന്ന എതിരാളികളുടെ വ്യാമോഹത്തെ നിഷ്പ്രഭമാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. മഹത്തായ ഭൂതകാല പൈതൃകത്തെ ഉയർത്തി പിടിച്ച് ജനക്ഷേമ പോരാട്ടങ്ങളുടെ കരുത്തുമായി ഊർജസ്വലതയോടെ മുന്നോട്ട് പോകാൻ കഴിഞ്ഞ 4 വർഷകാലം ജില്ലയിൽ പാർട്ടിക്ക് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.

പാർലമെന്ററി രംഗത്തും പാർലിമെന്റേതര പാതയിലും ജില്ലയിൽ വലിയ മുന്നേറ്റം നടത്താൻ പാർട്ടിക്ക് കഴിഞ്ഞുവെന്നത് മറ്റൊരു വസ്തുതയാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് ജില്ലയിൽ എറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഇക്കാലയളവിലാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വിജയിക്കുവാൻ‍ കഴിഞ്ഞില്ലെങ്കിലും കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ തദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 21 സ്ഥാപനങ്ങളിൽ ഇടതുമുന്നണി വിജയം നേടിയപ്പോൾ 19 ലും ഭരണത്തെ നയിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. ഇതോടൊപ്പം ജില്ലാ പ‍ഞ്ചായത്തിന്റെ ഭരണം തിരിച്ച് പിടിക്കുവാനും ഇടതുമുന്നണിക്ക് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലത്തിൽ 51 ശതമാനത്തിലേറെ വോട്ട് നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.

പ്രതികൂല സാഹചര്യമായിട്ടും ഉദുമയിൽ ഇടതു മുന്നണി സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതും പാർട്ടി ജനങ്ങൾക്കിടയിൽ വലിയ തോതിൽ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നതിന് തെളിവാകുകയാണ്. ഇതിന് പുറമെ അടുക്കും ചിട്ടയോടും കൂടി പാർട്ടി മുന്നോട്ട് പോയതിന്റെ കാലയളവായിരുന്നു കഴിഞ്ഞ 4 വർഷം. ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിങ്ങനെയുള്ള സംഘടനകളിൽ‍ അംഗത്വത്തിൽ ഉണ്ടായ വർധനവും. പാർട്ടിയുടെ അടിത്തട്ടായ ബ്രാഞ്ച് കമ്മിറ്റി മുതൽ ഏരിയ തലം വരെ നടന്ന സമ്മേളനങ്ങളിലുണ്ടായ ഉണർവ് എടുത്ത് പറയേണ്ടതാണ്.

കഴിഞ്ഞ ജില്ലാ സമ്മേളനം നടന്ന സമയത്ത് പാർട്ടിയുടെ മുന്നിലുണ്ടായിരുന്ന പ്രധാനമായ വിഷയമെന്നത് പാർട്ടിയുടെ ജില്ലാ ആസ്ഥാനത്തിന് പുതിയ കെട്ടിടം എന്നതായിരുന്നു. അടുത്ത സമ്മേളനത്തിന് മുന്നോടിയായി ആസ്ഥാന മന്ദിരം പൂർത്തീകരിക്കുമെന്നായിരുന്നു അന്ന് നേതൃത്വം പറഞ്ഞത്. പറഞ്ഞ വാക്ക് പാലിക്കാൻ നേതൃത്വത്തിന് കഴിഞ്ഞുവെന്നതിന്റെ തെളിവായി മാറുകയാണ് ജില്ലാ ആസ്ഥാനത്തിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടം. ഇത്തരത്തിൽ വലിയ മുന്നേറ്റം ജില്ലയിൽ പാർട്ടി നടത്തിയ വേളയിലാണ് മടിക്കൈയിൽ ജില്ലാ സമ്മേളനത്തിന് ഇത്തവണ വേദിയാകുന്നത്. വിളകൊയ്ത്ത് സമരം ഉൾപ്പടെയുള്ള ഉജ്വലമായ പോരാട്ടം നടന്ന മണ്ണാണ് മടിക്കൈയുടേത്.

പാർട്ടിയെ നെഞ്ചേറ്റിയ ഗ്രാമമായ മടിക്കൈയിൽ നടക്കുന്ന സമ്മേളനം ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ എഴുതി ചേർക്കാവുന്ന നിലയിൽ അവിസ്മരണിയമാക്കാനുള്ള ഒരുക്കങ്ങളാണ് പ്രവർത്തകരുടെയും ജനങ്ങളുടെയും നേതൃത്വത്തിൽ നടത്തിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ അതിന്റെതായ ഗൗരവം മുന്നിൽ കണ്ട് കൊണ്ട് സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള അനുബന്ധ പരിപാടികളെല്ലാം ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുയോഗം ഓൺലൈൻ വഴി നടത്താനാണ് തീരുമാനം. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് കൊണ്ടുള്ള ഒരുക്കങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com