ADVERTISEMENT

കാസർകോട് ∙ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു തുടക്കമായി. ഇന്നും അടുത്ത ഞായറാഴ്ചയുമാണു ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വ്യാപാരികൾക്ക് എതിർപ്പുണ്ട്. ഞായറാഴ്ചകളിൽ മോശമല്ലാത്ത കച്ചവടം നടക്കുന്നുണ്ടായിരുന്നു എന്നു സ്ഥാപന ഉടമകൾ പറയുന്നു. അവധി ദിനമായ ഞായറാഴ്ച ഇങ്ങനെ ഏർപ്പെടുത്തുന്ന നിയന്ത്രണം തലേന്നും പിറ്റേന്നും കടകളിൽ വൻ ആൾക്കൂട്ടത്തിനിടയാക്കുമെന്നു വ്യാപാരികൾ വാദിക്കുന്നു. തിരക്കുള്ള പൊതു സ്ഥലങ്ങളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ ഏർപ്പെടുത്തുന്ന നിയന്ത്രണം പോലെയല്ല വ്യാപാര സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണമെന്നും കടയുടമകൾ പറയുന്നു.

കെഎസ്ആർടിസി അവശ്യസർവീസുകൾ നടത്തും

കാസർകോട് ഡിപ്പോയിൽ നിന്നു രാവിലെ 6നു തുടങ്ങി വൈകിട്ട് 6ന് അവസാനിക്കുന്ന വിധത്തിലായിരിക്കും കെഎസ്ആർടിസി സർവീസ്. ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജിലേക്ക് അഡീഷനൽ സർവീസ് തുടങ്ങും. ഡിപ്പോയിൽ നിന്നു രാവിലെ 8.15നു പെർലയിലേക്കു പുറപ്പെടും. 4 ട്രിപ്പ് ആയിരിക്കും ഇത്.

ഡിപ്പോയിൽ നിന്നു വിവിധ റൂട്ടുകളിൽ സംസ്ഥാനാന്തര സർവീസ് അടക്കം 17 ബസുകൾ ഉണ്ടാകും. കാസർകോട് - മംഗളൂരു 20 മിനിറ്റ്, കാസർകോട് -കണ്ണൂർ 1 മണിക്കൂർ, കാസർകോട് ചന്ദ്രഗിരി പാലം വഴി കാഞ്ഞങ്ങാട് 45, കാസർകോട് -പുത്തൂർ, കാസർകോട് - സുള്ള്യ 4 മണിക്കൂർ ഇടവിട്ടായിരിക്കും സർവീസ്.

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കി

കർണാടകയിൽ കഴിഞ്ഞ രണ്ടാഴ്ച ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഈ ആഴ്ച ഒഴിവാക്കി. രണ്ടാഴ്ച വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടും കോവിഡ് വ്യാപനത്തിൽ യാതൊരു നിയന്ത്രണം ഉണ്ടായില്ലെന്നു മാത്രമല്ല, കോവിഡ് വ്യാപിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയുമാണ്. ഈ സാഹചര്യത്തിലാണു വാരാന്ത്യ കർഫ്യൂ പിൻവലിച്ചത്. വെള്ളിയാഴ്ച ദക്ഷിണ കന്നഡ ജില്ലയിൽ 897 പേരും ഉഡുപ്പിയിൽ 1,018 പേരുമാണു കോവിഡ് പോസിറ്റീവായത്.

ഇന്നു നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ/ ഇളവുകൾ

∙നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്നും അടുത്ത ഞായറാഴ്ചയും അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.

∙സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, 2 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, കാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്കു വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ സർക്കാർ ഡോക്ടറുടെ(അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുവദിക്കാം.

∙ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുളള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ല എന്നും ആളുകൾ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നു എന്നും ഉറപ്പു വരുത്തും. ഇതിനായി ആവശ്യാനുസരണം സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കും.

∙ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാൽ തെറപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ സ്‌കൂളുകൾക്ക് ഇതു ബാധകമായിരിക്കില്ല.

∙ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾക്കു പകരം ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ തരം തിരിച്ച് താഴെപ്പറയുന്ന രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

എ വിഭാഗം:

എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്കു പങ്കെടുക്കാം.

ബി വിഭാഗം:

യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾ മാത്രം.

സി വിഭാഗം:

യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം.വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾ മാത്രം.സിനിമ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും ഒഴികെയുളള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

ലോക്ഡൗണിനു സമാനമായ നിയന്ത്രണം കോവിഡ് വ്യാപനം രൂക്ഷമാക്കും. കഴിഞ്ഞ 2 വർഷത്തിനിടെയുണ്ടായ നഷ്ടത്തിൽ നിന്നു കര കയറാനാകാതെ ദുരിതം അനുഭവിക്കുന്ന വ്യാപാരികളെ ആത്മഹത്യയിലേക്കു നയിക്കുന്നതാകും ഇത്തരം നിയന്ത്രണം. കോവിഡുമായി ചേർന്നു ഒത്തു പോകാൻ കഴിയണം. എല്ലാ ദിവസവും കൂടുതൽ സമയം കടകൾ തുറന്നു പ്രവർത്തിച്ചാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ തിരക്കു കുറയും. വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ഇതാണ് ഉചിത മാർഗം.
കെ.അഹമ്മദ് ഷെരീഫ്, വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഞായറാഴ്ച ലോക്ഡൗണിനു സമാനമായുള്ള നിയന്ത്രണത്തിന് എതിരല്ല. ആഴ്ചയിൽ ഒരു ദിവസമായതിനാൽ അതു പ്രതികൂലമാകില്ല. കോവിഡ് നിയന്ത്രിക്കാൻ ആവശ്യമായ സർക്കാർ നടപടികൾക്കു പിന്തുണ നൽകും.
നാരായണ പൂജാരി, ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com