കാസർകോട് ∙ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് സിപിഐ. പലയിടത്തും ഇങ്ങനെ അകന്നു നിൽക്കുന്നവരുമായി സിപിഐ നേതൃത്വം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.കൊടലമുഗറു, ഈസ്റ്റ് എളേരി എന്നിവിടങ്ങളിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സിപിഐയിൽ ചേർന്നിരുന്നു. സിപിഎം കാസർകോട് ഏരിയാ കമ്മിറ്റി മുൻ അംഗവും ഏഴോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും ഇതിനകം സിപിഐ നേതൃത്വവുമായി ചർച്ചകൾ നടത്തിയതായാണു വിവരം. ബേഡകം ഏരിയയിലും സിപിഎം നേതൃത്വവുമായി അകന്നു നിൽക്കുന്ന കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും സിപിഐ പ്രതീക്ഷിക്കുന്നു.
സമ്മേളനം കഴിഞ്ഞതോടെ പല സ്ഥലങ്ങളിലും സിപിഎമ്മിന്റെ നിലവിലെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. അവരെ ഔദ്യോഗികമായി തന്നെ സിപിഐ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നാണു സൂചന. സിപിഐയുടെ അംഗത്വം നൽകുന്ന സമയം ആണിത്. സിപിഎമ്മിൽ നിന്നെത്തുന്നവർക്ക് ഇപ്പോൾ തന്നെ അംഗത്വം കൊടുത്തു സ്വീകരിക്കുകയാണു ചെയ്യുന്നത്. മറ്റു പാർട്ടികളിൽ നിന്ന് വരുന്നവർ 6 മാസം സ്ഥാനാർഥി അംഗമായി പ്രവർത്തിക്കണമെങ്കിലും സിപിഎമ്മിൽ നിന്നു വരുന്നവർക്ക് അതു ബാധകമല്ല. സിപിഎമ്മിൽ ഏതു ഘടകത്തിലാണോ അവർ പ്രവർത്തിച്ചത്, സിപിഐയുടെ അതേ ഘടകത്തിൽ തന്നെ അവരെ ഉൾപ്പെടുത്തുകയും ചെയ്യാൻ സംസ്ഥാന തലത്തിൽ തന്നെ തീരുമാനമുണ്ട്.പക്ഷേ ഇടതുപക്ഷ ഐക്യം നഷ്ടപ്പെടാതിരിക്കാൻ വലിയ പ്രചാരണമൊന്നും നൽകാതെയാണു സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ-മണ്ഡലം നേതാക്കൾ മാത്രമാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്.
ജില്ലയിലെ സിപിഎം പരിപാടികളിൽ രതികുമാർ സ്ഥിരം സാന്നിധ്യം
ആദ്യം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ. ഇപ്പോൾ സിപിഎം ജില്ലാ സമ്മേളനത്തിലും. കോൺഗ്രസ് വിട്ട് 3 മാസം മുൻപു സിപിഎമ്മിലെത്തിയ കെപിസിസി മുൻ ജനറൽ സെക്രട്ടറി ജി.രതികുമാറിനെ ജില്ലയിലെ സിപിഎം വേദികളിൽ സജീവമാക്കുമ്പോൾ സിപിഎം ലക്ഷ്യം വെക്കുന്നതു കോൺഗ്രസിലെ അസംതൃപ്തരെ.കാസർകോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറിയായും പിന്നീടു ജനറൽ സെക്രട്ടറിയായും രണ്ടര വർഷത്തോളം ജില്ലയിലെ കോൺഗ്രസിനു നേതൃത്വം നൽകിയ ആളാണു കൊല്ലം സ്വദേശിയായ രതികുമാർ. ലോക്സഭാ തിരഞ്ഞെടുപ്പിന് 7 മാസം മുൻപാണു ജില്ലയുടെ ചുമതല ലഭിച്ച് രതികുമാർ ജില്ലയിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും തുടർന്നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിനു നേതൃത്വം നൽകി.
ജില്ലയിലെ കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും ഇദ്ദേഹത്തിനു മനഃപാഠമാണ്. ഒട്ടേറെ നേതാക്കളുമായും പ്രവർത്തകരുമായും അടുത്ത ബന്ധവും ഉണ്ട്.അതുകൊണ്ട് തന്നെ അദ്ദേഹത്തിലൂടെ, കോൺഗ്രസിൽ നിന്നു കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമോ എന്നാണു സിപിഎം നോക്കുന്നത്. അതിന്റെ ഭാഗമാണു പാർട്ടി അംഗമല്ലാതിരുന്നിട്ടും ജില്ലയിലെ പ്രധാന പരിപാടികളിലെല്ലാം അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബർ 26നു നടന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമാണു രതികുമാറിനെയും പങ്കെടുപ്പിച്ചത്. രതികുമാറിനെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ സ്വാഗതം ചെയ്തപ്പോൾ വലിയ കയ്യടികളാണ് സദസ്സിൽ നിന്നു കേട്ടതും. ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളന വേദിയിലും രതികുമാർ ആയിരുന്നു പ്രധാന ‘താരം’. പാർട്ടി ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടാണു സമ്മേളനത്തിലേക്കു രതികുമാറിനെ ക്ഷണിച്ചതും വേദിയിൽ സീറ്റ് നൽകിയതും