ADVERTISEMENT

കാസർകോട് ∙ മടിക്കൈയിൽ കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും പുതുമുഖങ്ങൾ എത്തിയപ്പോൾ കമ്മിറ്റിയിലേക്ക് എത്തുമെന്നു പ്രതീക്ഷിച്ചവർക്ക് ഇടമില്ലാതെ പോയി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് 2 പേരാണു പുറത്തു പോയത്. മന്ത്രി എം.വി.ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനാലാണു വി.പി.പി.മുസ്തഫ സെക്രട്ടേറിയറ്റിൽ നിന്നു പുറത്തായത്. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയാണു സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞ മറ്റൊരു നേതാവ്. അതേസമയം, ഇദ്ദേഹത്തിന്റെ ഭാര്യയായ സുമതി വനിതാ പ്രാതിനിധ്യം വഴി സെക്രട്ടേറിയറ്റിൽ എത്തി. മടിക്കൈയിലെ സി.പ്രഭാകരനും കാഞ്ഞങ്ങാട്ടെ വി.വി.രമേശനും സെക്രട്ടേറിയറ്റിലേക്ക് എത്തി. നിലവിൽ കമ്മിറ്റിയിൽ ഇല്ലെങ്കിലും സതീശ്ചന്ദ്രനും സി.എച്ച്.കുഞ്ഞമ്പുവും സംസ്ഥാന സമിതി അംഗങ്ങളായി ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും ഉൾപ്പെടും.

എം.പൊക്ലൻ, ടി.വി.ഗോവിന്ദൻ, ശങ്കർ റൈ, കെ.കുഞ്ഞിരാമൻ, പി.രാഘവൻ എന്നിവരാണു ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായവർ. ചിലരെ ആരോഗ്യപ്രശ്നങ്ങളും പ്രായപരിധി കഴിഞ്ഞതുമടക്കമുള്ള കാരണങ്ങളാണ് ഒഴിവാക്കിയത്. പുതിയ ജില്ലാ കമ്മിറ്റിയിലേക്കു തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഏരിയാ സെക്രട്ടറിമാർ എത്തിയപ്പോൾ ബേഡകം, ഉദുമ, കുമ്പള, കാറഡുക്ക എന്നിങ്ങനെയുള്ള വടക്കൻ മേഖലയിലെ ഏരിയാ സെക്രട്ടറിമാർ പുറത്തായി. ഈ ഏരിയകളിൽ നിന്നു മറ്റു നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ നേരത്തെ തന്നെ ഉള്ളതിനാലാണ് എരിയാ സെക്രട്ടറിമാർക്ക് കമ്മിറ്റിയിലേക്ക് എത്താൻ കഴിയാതെ പോയത്. ജില്ലാ കമ്മിറ്റിയിലെ 4 വനിതകളിൽ ഒരാൾ ഒഴിയുമെന്നു സമ്മേളനത്തിന് മുൻപു തന്നെ ചർച്ചയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

ജില്ലാ കമ്മിറ്റി അംഗങ്ങൾ: 

എം.വി.ബാലകൃഷ്ണൻ, പി.ജനാർദനൻ, എം‌.രാജഗോപാലൻ, കെ.വി.കുഞ്ഞിരാമൻ, വി.പി.പി.മുസ്തഫ, വി.കെ.രാജൻ, സാബു ഏബ്രഹാം, കെ.ആർ.ജയാനന്ദ, പി.രഘു ദേവൻ, ടി.കെ.രാജൻ, സിജി മാത്യു, കെ.മണികണ്ഠൻ, കെ.കുഞ്ഞിരാമൻ, ഇ.പത്മാവതി, എം.വി.കൃഷ്ണൻ, പി.അപ്പുക്കുട്ടൻ, വി.വി.രമേശൻ, പി.ആർ.ചാക്കോ, ടി.കെ.രവി, സി.പ്രഭാകരൻ, കെ.പി.വത്സലൻ, എം.ലക്ഷ്മി, ഇ.കുഞ്ഞിരാമൻ, സി.ബാലൻ, എം.സുമതി, പി.ബേബി, സി.ജെ.സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ,എ.മുഹമ്മദ് ഹനീഫ, കെ.സുധാകരൻ, എം.രാജൻ, കെ.രാജ്മോഹൻ, ടി.എം.എ.കരിം, കെ.വി.ജനാർദനൻ, സുബ്ബണ്ണ ആൾവ, പി.കെ.നിശാന്ത്.

ജില്ലാ  സെക്രട്ടേറിയറ്റ് അംഗങ്ങൾ: 

എം.വി.ബാലകൃഷ്ണൻ, എം.രാജഗോപാലൻ, പി.ജനാർദനൻ, സാബു ഏബ്രഹാം, വി.കെ.രാജൻ, കെ.വി.കുഞ്ഞിരാമൻ, കെ.ആർ.ജയാനന്ദ, സി.പ്രഭാകരൻ, എം.സുമതി, വി.വി.രമേശൻ. 

മെഡിക്കൽ കോളജ് ദുരവസ്ഥയും പൊലീസ് നടപടിയും വിമർശിച്ച് സിപിഎം സമ്മേളനം

പെരിയ കേസ് മുതൽ കാസർകോട് മെഡിക്കൽ കോളജിന്റെ ദുരവസ്ഥ വരെ ചർച്ചയായി സിപിഎം ജില്ലാ സമ്മേളനം. കോവിഡ് വിഷയവുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം കൊണ്ട് അവസാനിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ശക്തമായ ചർച്ചയാണ് ഉണ്ടായത്.ജില്ലയിലെ 12 എരിയാ കമ്മിറ്റികളിൽ നിന്ന് ഒന്നും രണ്ടും വീതം പ്രതിനിധികൾ മാത്രമാണു ചർച്ചയിൽ പങ്കെടുത്തത്. 2.5 മണിക്കൂർ സമയമാണ് ചർച്ചയ്ക്ക് അനുവദിച്ചത്. പെരിയ കേസുമായി ബന്ധപ്പെട്ടും മറ്റും വിവിധ വിഷയങ്ങളിൽ പൊലീസ് സ്വീകരിച്ച നിലപാട് രൂക്ഷമായ ചർച്ചയ്ക്കിടയാക്കി. 

കാസർകോട് മെഡിക്കൽ കോളജിനോട് ആരോഗ്യ വകുപ്പ് കാണിക്കുന്ന അവഗണനയും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഉയർത്തി കാട്ടി. വിമർശനങ്ങൾക്കു ‌ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മറുപടി പറഞ്ഞു. കെ റെയിൽ ഏറ്റവും പ്രയോജനം ചെയ്യുന്നതു കാസർകോട് ജില്ലയ്ക്കാണെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ മുഖഛായ മാറുന്ന തരത്തിലുള്ള വികസനമുണ്ടാകുമെന്നും സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു. പദ്ധതിക്കു സമ്മേളനം പൂർണ പിന്തുണ അറിയിച്ചു. വികസന വിരോധികളാണു പദ്ധതിക്കു നേരെ എതിർപ്പുമായി വരുന്നത്. ജില്ലയുടെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നേറ്റമുണ്ടാകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

ജില്ലാ സമ്മേളനം ആദ്യ ദിവസം തന്നെ അവസാനിപ്പിച്ചതു പാർട്ടി സ്വയമെടുത്ത തീരുമാനമാണെന്നു പത്ര സമ്മേളനത്തിൽ എം.വി.ബാലകൃഷ്ണൻ വിശദീകരിച്ചു. ഏറെ ചർച്ച ചെയ്ത ശേഷമാണ് ഒരു ദിവസം കൊണ്ടു സമ്മേളനം തീർക്കാനുള്ള തീരുമാനമെടുത്തത്. കലക്ടറുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ലെന്നും എം.വി.ബാലകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com