ADVERTISEMENT

വെള്ളരിക്കുണ്ട്∙ ഇത് മരുതുങ്കൽ ഐപ്പ് എന്ന കുഞ്ഞൂഞ്ഞ് ചേട്ടൻ. വയസ്സ് 76. വെസ്റ്റ് എളേരി പഞ്ചായത്തിലെ നർക്കിലക്കാടിനടുത്ത് മാർണ്ണാടത്താണ് താമസം. ജീവിതത്തിൽ ഇന്നേവരെ ചെരിപ്പ് ഉപയോഗിച്ചിട്ടില്ലെങ്കിലും നടന്ന് നടന്ന് സ്ഥലം  അളന്നെടുക്കുന്നൊരാൾ. തോളിൽ ഒരുബാഗും കയ്യിൽ അളവ് കട്ടയും എടുത്ത് രാവിലെ വീട് വിട്ടാൽ വൈകിട്ട് 7മണിവരെ  സ്ഥലം അളവും പ്ലാൻ വരയ്ക്കലുമാണ്. 1967ൽ കോട്ടയം സർവേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയതിന് ശേഷം ഒരുവർഷം അങ്കമാലിയിലെ ഓയിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ഓപ്പറേറ്റർ ആയി ജോലിചെയ്തു. 74ൽ ജോലി രാജിവച്ച് മലയോരത്തേക്ക് കുടിയേറിയതാണ്. പിന്നീട് സ്ഥലം അളവ് തൊഴിലായി സ്വീകരിച്ചു. അത് ഇപ്പോഴും തുടരുന്നു.   

അന്ന് ഒരു ദിവസം സ്ഥലം അളന്ന് പ്ലാൻ വരച്ചുകൊടുത്താൽ 5 രൂപ കിട്ടിയ സ്ഥാനത്ത് 3000 രൂപവരെ എത്തിയിട്ടും മരുതുങ്കൽ കുഞ്ഞൂഞ്ഞിന് മാത്രം മാറ്റം വന്നിട്ടില്ല. 47 വർഷമായി മലയോര പഞ്ചായത്തിലെ മലമടക്കുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ എവിടെയെല്ലാം സർവേക്കല്ലും പാറനാമവുമുണ്ടെന്ന് ഉറക്കത്തിൽ ചോദിച്ചാൽ പോലും കൃത്യമായി പറയും. അതിരു തർക്കമുണ്ടായി പൊലീസിലെത്തിയാൽ പ്രശ്ന പരിഹാരത്തിന് പൊലീസും റവന്യു അധികൃതരും ഒടുവിൽ  കുഞ്ഞൂഞ്ഞിന്റെ സഹായം തേടും. 

ഒരിക്കൽ അളന്ന് അതിര് നിർണയിച്ചാൽ വർഷങ്ങൾ കഴിഞ്ഞാലും അണുവിട തെറ്റാതെ പറഞ്ഞുകൊടുക്കും. അളവ് സംബന്ധമായി എന്തെങ്കിലും  സംശയം വന്നാൽ താലൂക്ക് വില്ലേജ് അധികൃതർ ഇപ്പോഴും കുഞ്ഞൂഞ്ഞിനെ വിളിക്കും.   ഡിജിറ്റിൽ സർവേയുടെ കാലത്തും മരുതുങ്കൽ കുഞ്ഞൂഞ്ഞിന് ഞായറാഴ്ച ദിവസം പോലും വീട്ടിലിരിക്കാൻ സമയമില്ല. പള്ളിയിൽ നിന്നു നേരെ പോകുന്നത് സ്ഥലം അളക്കാൻ. അത്രയ്ക്കുണ്ട് തിരക്ക്. ആലീസാണ് ഭാര്യ .രണ്ട് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com