കാഞ്ഞങ്ങാട് ∙ കോവിഡ് മുന്നണി പോരാളികൾക്ക് ആദരമൊരുക്കി ജില്ലാ ജയിലിന്റെ പൂന്തോട്ടം. പൂച്ചെടികൾ കൊണ്ട് ബോധവൽക്കരണ സന്ദേശവും ആരോഗ്യ പ്രവർത്തകരുടെ മാതൃകയും സൃഷ്ടിച്ചാണ് മനോഹരമായ പൂന്തോട്ടം നിർമിച്ചത്. തടവുകാരെ പാർപ്പിക്കുന്ന സിഎഫ്എൽടിസി സെന്റർ കൂടിയാണ് നിലവിൽ ജില്ലാ ജയിൽ. ഹരിത കേരള മിഷനുമായി ചേർന്നാണ് പൂന്തോട്ടം ഒരുക്കിയത്.
റിപ്പബ്ലിക് ദിനമായ ഇന്ന് കോവിഡ് മുന്നണി പോരാളികൾക്ക് പൂന്തോട്ടം സമർപ്പിക്കും. പൂന്തോട്ടം കാണാനായി ഇന്നു മുതൽ പൊതുജനങ്ങൾക്കും അവസരമൊരുക്കും. ജയിൽ അന്തേവാസികളും വിമുക്ത ഭടന്മാരും ചേർന്നാണ് പൂന്തോട്ടം പരിപാലിക്കുന്നത്. സീനിയ, ജമന്തി, പത്തു മണി തുടങ്ങിയ പൂക്കളാണു പൂന്തോട്ടത്തിൽ അധികമായി ഉള്ളത്. വിമുക്തഭടന്‍ പ്രദീപിന്റെ വീട്ടിൽ നിന്നാണ് പൂക്കളുടെ വിത്തുകൾ കൊണ്ടു വന്നത്. ഒരു മാസത്തിനുള്ളിൽ പൂന്തോട്ടം ഒരുക്കി.
പച്ചക്കറി കൃഷിയിലും നേട്ടം കൈവരിക്കുകയാണ് ജില്ലാ ജയിൽ. ജയിലിലേക്ക് ആവശ്യമായ പച്ചക്കറികളിൽ അധികവും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. 2020ൽ ജില്ലാ ജയിലിനെ ഹരിത ജയിലായി പ്രഖ്യാപിച്ചിരുന്നു. ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ, ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു, അസിസ്റ്റന്റ് സൂപ്രണ്ട് എസ്.ബാബു, വിമുക്ത ഭടന്മാരായ പ്രദീപ് കുമാർ, കെ.വി.വിജയൻ എന്നിവരാണ് പൂന്തോട്ട നിർമാണത്തിന് നേതൃത്വം നൽകിയത്.