പെരിയ ∙ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരിയയിൽ ആരംഭിക്കുന്ന പഴം പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങുന്നതു വൈകും. പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള തയാറെടുപ്പിലാണിപ്പോൾ. പെരിയ ദേശീയപാതയോരത്ത് പ്ലാന്റേഷൻ കോർപറേഷന്റെ 10 ഏക്കർ സ്ഥലത്താണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനായി കോർപറേഷൻ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടതായി ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബേബി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തും.
ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി ജില്ലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനും ആളുകൾക്ക് മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമാണു കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വർഷം മുൻപ പ്രഖ്യാപിച്ച പദ്ധതിയാണിത്. കേന്ദ്രം ആരംഭിച്ചാൽ ജില്ലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്നാണു കരുതപ്പെടുന്നത്.