ADVERTISEMENT

രാജപുരം ∙ കൊട്ടോടിയിലെ നാട്ടുകാർ ഒന്നടങ്കം പറയുന്നു, ഞങ്ങൾക്ക് കൊട്ടോടി പുഴയിൽ‍ ചെക് ഡാം വേണം. ഇവിടെ ചെക് ഡാം നിർമിക്കാൻ 7 വർഷം മുൻപ് സർവേ നടത്തി ടെൻഡർ പൂർത്തിയാക്കി പ്രാരംഭ പ്രവർത്തനങ്ങൾ ‍നടത്തിയെങ്കിലും പിന്നീട് 2 കിലോമീറ്റർ താഴെ പണാംകോട് ജല അതോറിറ്റിയുടെ മറ്റൊരു ചെക് ഡാം വന്നതോടെ കൊട്ടോടിയിലെ പ്രവൃത്തികൾ നിർത്തി വയ്ക്കുകയായിരുന്നു. പണാംകോട് ചെക് ഡാമിൽ ഷട്ടർ ഇട്ടാൽ കൊട്ടോടിയിൽ വെള്ളം ലഭിക്കുമെന്നതിനാലാണു നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 

പണാംകോട് ചെക് ഡാമിന് നിലിവിൽ 2മീറ്ററാണ് ‍ഉയരം.‍ ഇനി ഒന്നര മീറ്റർ ഉയർത്താനുണ്ടെന്നും അത് പൂർത്തിയായാൽ കൊട്ടോടിയിൽ ആവശ്യത്തിലധികം വെള്ളം കിട്ടുമെന്നും ജല വിഭവ വകുപ്പ് അധികൃതർ പറയുന്നു. പക്ഷെ പാണാംകോട് ചെക്ഡാം ഉയർത്തുന്നതിനെതിരെ ഡാം പരിസരത്തുള്ള നാട്ടുകാരുടെ പ്രതിഷേധവും നിലനിൽക്കുന്നു. അതേ സമയം നിലവിൽ ഡാമിന്റെ ഷട്ടർ ഇട്ടാലും കൊട്ടോടിയിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.കൊട്ടോടിയിൽ ചെക് ഡാം നിർമിച്ചാൽ മത്രമേ സമീപത്തെ തോടുകളിൽ വെള്ളം നിറ‍ഞ്ഞു ചീമുള്ള്, കോളനി, കൊട്ടോടി കുടിവെള്ള പദ്ധതികൾക്കും, കൃഷി ആവശ്യത്തിനും വെള്ളം ലഭിക്കൂ എന്നാണു നാട്ടുകാർ പറയുന്നത്. വേനൽ രൂക്ഷമായാൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് അധികവും. ‍

ചെക്ഡാം മാറ്റിയതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ,, ഇ.ചന്ദ്രശേഖരൻ എംഎൽഎ എന്നിവർക്കു നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഡാം നിർമിക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല. കള്ളാർ പഞ്ചായത്തിലെ 13, 14 വാർഡുകളിലും, കോടോം ബേളൂർ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലുമായി അഞ്ഞുറോളം കർഷകർക്കും കുടിവെള്ള മേഖലയ്ക്കും ചെക്ഡാം അത്യാവശ്യമാണെന്നു നാട്ടുകാർ പറയുന്നു. ചെക്ഡാം അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങാനാണ് ആക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com