ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാവുങ്കാൽ കോട്ടപ്പാറയിലെ സെക്‌ഷൻ വാൽവ് സ്റ്റേഷനിലെ ജോലികൾ മേയ് അവസാനത്തോടെ തുടങ്ങും. 5–6 മാസത്തിനുള്ളിൽ ജോലി പൂർത്തിയാക്കുകയാണു ലക്ഷ്യം. കണ്ണൂരിലെ കൂടാളിയിലെ വാൽവ് സ്റ്റേഷൻ കമ്മിഷൻ ചെയ്തു കഴിഞ്ഞു. മഴ കനത്തില്ലെങ്കിൽ ജോലി പൂർത്തിയാക്കുന്നതു വൈകില്ലെന്നാണു കരുതുന്നത്. പൈപ്പ് ലൈൻ കാഞ്ഞങ്ങാട്, ചിത്താരി, മാവുങ്കാൽ മേഖലകളിലെത്തിക്കഴിഞ്ഞു. തറനിരപ്പിൽ നിന്ന് 1 മീറ്ററിലേറെ ആഴത്തിലാണു കുഴിയെടുക്കുന്നത്.

മഴക്കാലത്ത് കുഴിക്കൽ ജോലികൾ തടസപ്പെടാൻ സാധ്യതയുണ്ട്. ഗെയ്‌ലിന്റെ കൊച്ചി–മംഗളൂരു വാതക പൈപ്പ്‌ലൈനിൽ നിന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് വാതക വിതരണം നടത്തുന്നത്. ജില്ലയിലെ 3 സിഎൻജി സ്റ്റേഷനുകൾ അന്തിമ ഘട്ടത്തിലാണ്. ഓയിൽ കമ്പനികൾക്ക് എക്സ്പ്ലോസിവ് ലൈസൻസ് ലഭിക്കാനുണ്ട്. അതു കിട്ടിയാൽ മേയിൽ തന്നെ പമ്പുകളുടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഗെയ്‌ലിന്റെ വാതക ലൈനിൽ നിന്നും അദാനിയുടെ വിതരണ പൈപ്പിലേക്ക് വാതകത്തെ മാറ്റുന്ന സ്ഥലമാണ് സെക്‌ഷൻ വാൽവ് സ്റ്റേഷൻ. വിതരണക്കാർ ഇതിനെ സിറ്റി  ഗ്യാസ് ഗേറ്റ് സ്റ്റേഷനായാണു കണക്കാക്കുന്നത്. കണക്‌ഷനുകൾ ഒരുപാടു കൂടിയാൽ കൂടുതൽ ഗേറ്റ് സ്റ്റേഷനുകൾ ആവശ്യമായി വരും. സ്റ്റീൽ പൈപ്പിൽ നിന്ന് പോളി എത്‌ലീൻ പൈപ്പു വഴിയാണു വീടുകളിലേക്കുള്ള കണക്‌ഷൻ നൽകുന്നത്. പ്രകൃതി വാതക കണക്‌ഷൻ‍ നൽകുന്ന ആദ്യ ഘട്ടത്തിൽ കാസർകോട് അമ്പലത്തറയിൽ നിന്ന് കാഞ്ഞങ്ങാട്,

അജാനൂർ മേഖലകളിലേക്കും രണ്ടാം ഘട്ടത്തിൽ കാസർകോടേക്കും പിന്നീട് നീലേശ്വരത്തേക്കും പദ്ധതി വ്യാപിപ്പിക്കും. ചിത്താരി വരെ പൈപ്പിടൽ ജോലികൾ പൂർത്തിയായി. ദേശീയപാതാ വികസനം കൂടി കണക്കിലെടുത്താകും ഏതൊക്കെ മേഖലകൾ എന്നു നിർണയിക്കുക. ആദ്യഘട്ടത്തിൽ നഗരമേഖലയിലും പിന്നീട് ഗ്രാമങ്ങളിലേക്കും കണക്‌ഷൻ ലഭ്യമാക്കും. സ്ഥലമെടുപ്പ് ആവശ്യമില്ല. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയാകും പൈപ്പ് കണക്‌ഷനായി ഉപയോഗിക്കുക. 

 5 വർഷം; ലക്ഷ്യം 125 സ്റ്റേഷനുകൾ

കണ്ണൂർ, കാസർകോട് ജില്ലകളിലായി 5 വർഷത്തിനുള്ളിൽ 125 സ്റ്റേഷനുകൾ സ്ഥാപിച്ച് ഗ്രാമീണ മേഖലകളിലേക്കും പ്രകൃതി വാതകമെത്തിക്കാനാണു ലക്ഷ്യം. മലയോര മേഖലകളിലേക്ക് പൈപ്പ് കണക്‌ഷൻ ലഭ്യമാക്കാൻ പ്രയാസമാണെങ്കിൽ ലോറിയിൽ എത്തിച്ചു നൽകുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. 24 മണിക്കൂറും അറ്റകുറ്റപ്പണികൾ നടത്താൻ സംവിധാനമുണ്ടാകും. പ്രധാന പൈപ്പ് ലൈനിൽ നിന്ന് 8 ഇഞ്ച് വ്യാസമുള്ള സ്റ്റീൽ പൈപ്പുകളാകും വിതരണ ലൈനുകളിൽ ഉപയോഗിക്കുക.

ഇവയിൽ നിന്ന് 20–32 മില്ലി മീറ്റർ വ്യാസമുള്ള പോളി എത്‌ലീൻ പൈപ്പ് വഴിയാണ് വീടുകളിലേക്ക് കണക്‌ഷൻ നൽകുക. സിറ്റി ഗ്യാസ് പദ്ധതിയാണു ജനങ്ങളെ നേരിട്ട് എൽഎൻജിയുമായി ബന്ധിപ്പിക്കേണ്ടത്. പൈപ്പിലൂടെ അടുക്കളയിലെത്തുന്ന പാചകവാതകമായും (പിഎൻജി), വാഹന ഇന്ധനമായും (സിഎൻജി) ഉപയോഗിക്കാം. എൽപിജിയെ അപേക്ഷിച്ചു 30 – 40% ചെലവു കുറവാണു പിഎൻജിക്ക്. 

 12 വർഷത്തെ കാത്തിരിപ്പ്

2010ൽ തുടങ്ങിയ പൈപ്‌ലൈൻ പദ്ധതി അതിവേഗം പൂർത്തിയാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. 2016നു ശേഷം സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായി ഇടപെട്ടു. പദ്ധതിയുടെ അവസാന ഘട്ടത്തിൽ ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെയുള്ള ടണലിൽ തടസ്സം നേരിട്ടിരുന്നു. ഇതിനെയൊക്കെ അതിജീവിച്ചാണ് നിർമാണം പൂ‍ർത്തിയാക്കിയത്.

കർണാടകയിലും കേരളത്തിലുമായി കൂടുതൽ വ്യവസായശാലകൾ എൽഎൻജിയിലേക്കു മാറുകയും സിറ്റി ഗ്യാസ് പദ്ധതി വ്യാപിക്കുകയും ചെയ്യുന്നതോടെ കേരള സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനം 700 – 980 കോടി വരെ ഉയരുമെന്നാണു വിലയിരുത്തൽ. നിലവിൽ ശരാശരി 350 കോടി രൂപയാണു വരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com