ADVERTISEMENT

കാസർകോട് ∙ യുഡിഎഫ് സർക്കാരിന്റെ കാലത്തു വായ്പ നൽകുന്നതിനെക്കുറിച്ചു പഠിക്കാനെത്തിയ ഏഷ്യൻ ഡവലപ്മെന്റ് ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച ആളുകൾ കെ റെയിൽ വായ്പയ്ക്കു വേണ്ടി ജപ്പാനിലെ ജൈക്ക കമ്പനിക്കു മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു കിടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്നലെ ജില്ലയിലെത്തിയ അദ്ദേഹം വിവിധ പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു.

ഇവർ എന്ത് ഇടതുപക്ഷമാണ്? എന്ത് കമ്യുണിസ്റ്റ് പാർട്ടിയാണ്? മുൻപ് എന്തൊക്കെയാണ് പറഞ്ഞത്? വിദേശ വായ്പകൾ വാങ്ങരുത്; കാണാചരട് ഉണ്ടാകരുത്. എന്നാൽ കമ്മിഷൻ റെയിലിനു വേണ്ടി ജപ്പാനിലെ ജൈക്ക കമ്പനിക്കു മുൻപിൽ കേരളത്തെ മുഴുവൻ കെട്ടിത്തൂക്കാനുള്ള ചരടുമായി നടക്കുകയാണ്  സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് എന്തൊക്കെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയോ അതിനെല്ലാം എതിരെ നിലപാട് സ്വീകരിച്ചവരാണ് എൽഡിഎഫ്. ‌

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി കോൺഗ്രസ് നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ല. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിട്ട് എൽഡിഎഫ് നടത്തുന്നത് മതപ്രീണനമാണെന്നും സൗകര്യം പോലെ ആർഎസ്എസുമായും എസ്ഡിപിഐയുമായും കൂട്ടുകൂടുന്ന ഈ സമീപനമാണു കേരളത്തെ വർഗീയ സംഘർഷത്തിലേക്കു തള്ളിവിടുന്നതെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡി.വി.ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം കാഞ്ഞങ്ങാട്ട് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവർത്തനം സാമൂഹിക പ്രവർത്തനം കൂടിയാണെന്ന്  തെളിയിച്ച വ്യക്തിത്വമാണ് ഡി.വി.ബാലകൃഷ്ണൻ. ഇദ്ദേഹത്തെ പോലെയുള്ള പ്രാദേശിക നേതാക്കളുടെ കഠിനാധ്വാനമാണ് കോൺഗ്രസിന്റെ കരുത്ത്, സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.

അനുസ്മരണ പ്രഭാഷണം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. കെപിസിസി സെക്രട്ടറി എം.അസിനാർ, കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി.സുരേഷ്, വിനോദ് കുമാർ പള്ളയിൽ വീട്, സെബാസ്റ്റ്യൻ പതാലിൽ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡിസിസി എക്സിക്യൂട്ടീവ് അംഗം സി.വി.ഭാവനൻ,  എം.സി.ജോസ്, മീനാക്ഷി ബാലകൃഷ്ണൻ, ടോമി പ്ലാച്ചേനി, കെ.പി.പ്രകാശൻ, സാജിദ് മൗവൽ എന്നിവർ പ്രസംഗിച്ചു.

കാനത്തൂർ മേലത്ത് നാരായണൻ നമ്പ്യാർ സ്മാരക സർവോദയ വായനശാല ഹാൾ ഉദ്ഘാടനം, കുണ്ടൂച്ചി എ.കുഞ്ഞിക്കൃഷ്ണൻ നായർ സ്മാരക മന്ദിരം, ഉദ്ഘാടനം, പ്രിയദർശിനി വായനശാല ആൻഡ് ഗ്രന്ഥാലയം നവീകരിച്ച കെട്ടിടം ഉദ്ഘാടനം, കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിന് കരിവേടകത്ത് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, പറമ്പ രാജീവ്ജി ഗ്രന്ഥാലയം കെട്ടിട ഉദ്‌ഘാടനം, മാവുങ്കാൽ ഹൊസ്ദുർഗ് താലൂക്ക് വനിതാ സർവീസ് സഹകരണ സംഘം കെട്ടിട ഉദ്ഘാടനം തുടങ്ങിയ പരിപാടികളും അദ്ദേഹം പങ്കെടുത്തു.

‘കെഎസ്ആർടിസി ശമ്പള പ്രശ്നത്തിന് പരിഹാരം കാണണം’ 

കാസർകോട് ∙ കെഎസ്ആർടിസിയിലെ ശമ്പള പ്രശ്നത്തിനു പരിഹാരം കാണാതെ ജീവനക്കാരെ വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു. കെഎസ്ആർടിസി സ്വകാര്യ സ്ഥാപനമല്ല, പൊതുമേഖലാ സ്ഥാപനമാണെന്ന് സർക്കാർ ഓർക്കണം. അപകടകരമായ രീതിയിലേക്ക് കെഎസ്ആർടിസി പോകുകയാണ്. ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സർവീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി.

ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സർവീസുകളാണ്. അതാണ് കെഎസ്ആർടിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷമെന്ന് പറയുന്നവർ കരാർ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. സ്ഥിരം ജീവനക്കാരുള്ള പൊതു സംവിധാനമായ കെഎസ്ആർടിസിയെ തകർത്ത് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കിയ ഈ സർക്കാരിനെയാണോ ഇടതുപക്ഷമെന്ന് പറയുന്നത്?

രണ്ടു ലക്ഷം കോടിയുടെ കമ്മിഷൻ റെയിൽ കൊണ്ടുവരുന്നവർ 2000 കോടി രൂപ കൊടുത്ത് കെഎസ്‌ആർടിസിയെ രക്ഷിക്കാൻ ശ്രമിക്കാതെ അത് നശിച്ചു പോകട്ടെയെന്ന നിലപാടിലാണ്. ബസുകൾ സ്‌ക്രാപ് അടിസ്ഥാനത്തിൽ തൂക്കി വിൽക്കാൻ പോവുകയാണെന്നാണ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇതാണോ 6 വർഷക്കാലത്തെ സർക്കാരിന്റെ ബാക്കിപത്രം?–വി.ഡി.സതീശൻ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com