എട്ടു കർഷകർ ചേർന്ന് തുടക്കം, പിന്നാലെ ഗ്രാമലക്ഷ്മി കമ്പനിയുടെ തകർപ്പൻ പ്രകടനം; 5 വർഷത്തിനിപ്പുറം 90 ലക്ഷം രൂപ വാർഷിക വിറ്റുവരവ്

കൂടുതൽ സൗകര്യത്തോടെ ഉദ്ഘാടനത്തിനൊരുങ്ങിയ പുതിയ ഇരുനില കെട്ടിടം.
SHARE

രാജപുരം ∙ വിജയത്തിന്റെ ഒരു പടി കൂടി ചവിട്ടിക്കയറുകയാണ് ഉദയപുരത്തെ കർഷക കൂട്ടായ്മയിൽ രൂപീകരിച്ച ഗ്രാമലക്ഷ്മി മാർക്കറ്റിങ് പ്രൊഡ്യൂസർ കമ്പനി. 2016ൽ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരത്ത് എട്ടു കർഷകർ ചേർന്ന് ഗ്രാമലക്ഷ്മി മാർക്കറ്റിങ് ഗ്രൂപ്പ് എന്ന പേരിൽ കുരുമുളക് സംസ്കരണ യൂണിറ്റായാണു സംരംഭം തുടങ്ങിയത്. പിന്നീട് നബാർഡ് സഹായത്തോടെ ഗ്രാമലക്ഷ്മി മാർക്കറ്റിങ് പ്രൊഡ്യൂസർ കമ്പനിയായി റജിസ്റ്റർ ചെയ്തു. ഇപ്പോൾ ജില്ലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന കർഷകരുടെ കമ്പനിയാണ് ഗ്രാമലക്ഷ്മി. കർഷകരുടെ ഉൽപന്നങ്ങൾക്കു പൊതുവിപണിയേക്കാൾ കൂടുതൽ വില നൽകി സംഭരിക്കുകയും അതുവഴിയുള്ള സ്വയംതൊഴിലുമാണു കൂട്ടായ്മയുടെ ലക്ഷ്യം.

കുരുമുളക് പ്രോസസിങ് യൂണിറ്റ്.

കർഷകർ തന്നെയാണു ജോലിക്കാരും. കോഴിക്കോട് പെരുവണ്ണാമൂഴിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ (ഐഐഎസ്ആർ) നിന്നു കുരുമുളക് സംസ്കരണത്തിൽ പരിശീലനവും കർഷകർ നേടിയിട്ടുണ്ട്. കുരുമുളകിന്റെ ഗുണമേന്മ അനുസരിച്ചു തരംതിരിച്ചുള്ള പാക്കിങ്, തൊലികളഞ്ഞ വെളള കുരുമുളക് എന്നിവ വ്യാവസായിക അടിസ്ഥാനത്തിൽ തയാറാക്കുക എന്നതാണ് ആദ്യഘട്ടത്തിൽ ചെയ്തിരുന്നത്. പനത്തടി സഹകരണ ബാങ്കിന്റെ 25 ലക്ഷം രൂപ സഹായത്തോടെ ചെറുതായി ആരംഭിച്ച സംരംഭം 5 വർഷം കഴിഞ്ഞപ്പോൾ ഇന്നു 90 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള കമ്പനിയായി വളർന്നു.

ഉദയപുരത്ത് കമ്പനി പ്രവർത്തിക്കുന്ന പഴയ കെട്ടിടം.

യൂണിറ്റിന്റെ പ്രവർത്തനം ഇന്നു സർവ മേഖലകളിലേക്കും വ്യാപിച്ചു. കർഷകരുടെ ഏത് ഉൽപന്നവും കമ്പനി ഇന്നു ന്യായ വിലയ്ക്കു സംഭരിക്കുകയും അതിന്റെ ഉപ ഉൽപന്ന നിർമാണത്തിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്നു. പൂർണമായും കർഷകരിൽ നിന്നും സംഭരിക്കുന്ന ഉൽപന്നം മാത്രമാണ് ഇവിടെ നിന്നു വിതരണം ചെയ്യുന്നത്. കോവിഡ് കാലത്ത് കമ്പനികൾ പലതും വൻ നഷ്ടത്തിലായപ്പോഴും ഗ്രാമലക്ഷ്മി കമ്പനി പിടിച്ചു നിന്നത് കർഷക കൂട്ടായ്മയുടെ ഫലം ആണെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഇ.ജെ.ജോസഫ് പറയുന്നു. നിലവിൽ കുരുമുളകു പൊടി, സാമ്പാർ പൊടി, ഗരം മസാല, വെളിച്ചെണ്ണ, ചക്ക ചിപ്സ് തുടങ്ങി വിവിധ ഉൽപന്നങ്ങൾ കമ്പനി സ്വന്തമായി വിപണിയിൽ എത്തിക്കുന്നു.

സ്വന്തമായി സ്ഥലവും ഇരുനില കെട്ടിടവും 

വിൽപനയ്ക്കായി തയാറാക്കിയ വെളിച്ചെണ്ണ.

ആദ്യകാലത്തെ ചെറിയ കെട്ടിടം കൂടാതെ കേന്ദ്രസർക്കാരിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രെക്ചർ ഫണ്ടിൽ (എഐഎഫ്) നിന്ന് അനുവദിച്ച 80 ലക്ഷം രൂപയിൽ 46 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച പുതിയ ഇരുനില കെട്ടിടം ഉദ്ഘാടനത്തിനു തയാറായിരിക്കുകയാണ്. ജില്ലയിൽ എഐഎഫ് ലോൺ ലഭിക്കുന്ന ആദ്യ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് ഗ്രാമലക്ഷ്മി എന്നു മാനേജിങ് ഡയറക്ടർ പറഞ്ഞു.  കൂടുതൽ മെഷിനറികളോടെയാണ് പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നത്. ജൈവവള യൂണിറ്റും നഴ്സറിയും ഇതോടൊപ്പം ആരംഭിക്കും. കൊപ്ര ‍‍ഡ്രയർ, എക്സപെല്ലർ, ഫിൽറ്ററിങ് മെഷിൻ, പാക്കിങ് മെഷിൻ, ബോട്ടിലിങ് മെഷിൻ തുടങ്ങിയവയാണ് മെഷിനറികൾ. നിലവിലുള്ള കെട്ടിടത്തിനു സമീപം 12 ലക്ഷം രൂപ ചെലവിൽ 25 സെന്റ് സ്ഥലം അധികമായി വാങ്ങിയാണ് സൗകര്യപ്രദമായ പുതിയ കെട്ടിടം നിർമിച്ചത്.

കർഷകർക്ക് ഡിവിഡന്റും ഇൻസെന്റീവും

ഓഹരി ഉടമകൾ അടക്കം കമ്പനിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന കർഷകർക്ക് ഡിവിഡന്റും സ്ഥിരമായി ഉൽപന്നങ്ങൾ എത്തിക്കുന്നവർക്കു ലാഭവിഹിതം കൂടാതെ ഇൻസന്റീവും കമ്പനി നൽകി വരുന്നു. ഇതു കർഷകരെ കമ്പനിയുമായി കൂടുതൽ ‍അടുപ്പിക്കുന്നു. കർഷകർക്ക് പൊതുവിപണിയേക്കാൾ വില ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. പ്രോസസ് ചെയ്ത കുരുമുളക് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കയറ്റി അയയ്ക്കുന്നുണ്ട്. 442 ഓഹരി ഉടമകളാണ് കമ്പനിക്ക് ഉള്ളത്. സഹകരണ നിയമപ്രകാരം പ്രവർത്തിക്കുന്ന കമ്പനിക്ക് 774000 രൂപ ഓഹരി മൂലധനം ആയുണ്ട്. 5 ഡയറക്ടർമാർ, 6 പ്രമോട്ടർമാർ, ഒരു സിഇഒ എന്നിവരടങ്ങിയ ബോർഡാണ് കമ്പനി നിയന്ത്രിക്കുന്നത്. 5 വർഷമാണ് ബോർഡിന്റെ കാലാവധി.

‘പണി’ കൊടുത്ത് സർക്കാർ സ്ഥാപനം

സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നു സർക്കാർ പ്രഖ്യാപനം ഉണ്ടെങ്കിലും ഒരു സർക്കാർ സ്ഥാപനം തന്നെ കമ്പനിക്കു നഷ്ടം ഉണ്ടാക്കുന്നതായി എംഡി ഇ.ജെ.ജോസഫ് പറയുന്നു. ഒരു വർഷം മുൻപ് കൺസ്യൂമർ ഫെഡിന്റെ കണ്ണൂർ റീജനൽ ഓഫിസിൽ നൽകിയ ഉൽപന്നങ്ങളുടെ വിലയായി 16900 രൂപ ഇനിയും ലഭിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു. 75000 രൂപയുടെ ഉൽപന്നങ്ങളാണ് കൺസ്യൂമർ ഫെഡിനു നൽകിയത്. ഇതിനു മൂവായിരത്തോളം രൂപ ജിഎസ്ടി ഇനത്തിലും നൽ‌കേണ്ടി വന്നു.

എന്നാൽ, മാസങ്ങൾ കഴിഞ്ഞും മുഴുവൻ‌ തുകയും നൽകാൻ കൺസ്യൂമർ ഫെഡ് തയാറായില്ല. 9 മാസത്തിനു ശേഷം ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കില്ലെന്നും തിരിച്ചെടുക്കണമെന്നും കൺസ്യൂമർ ഫെഡ് അധികൃതർ പറഞ്ഞതായി കമ്പനി എംഡി പറയുന്നു. 6 മാസം കഴിഞ്ഞാൽ ഉൽപന്നങ്ങളുടെ കലാവധി കഴിയുമെന്ന് വ്യക്തമായി അറിഞ്ഞിട്ടും അതിനു മുൻപു സാധനങ്ങൾ തിരിച്ചെടുക്കാൻ പറയാത്തത് എന്തുകൊണ്ടാണെന്നും ഗ്രാമലക്ഷ്മി എംഡി ചോദിക്കുന്നു. ലഭിക്കാനുള്ള ബാക്കി തുക നൽകിയില്ലെങ്കിൽ കൺസ്യൂമർ ഫെഡിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാനുള്ള തീരുമാനത്തിലാണ് കമ്പനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA