ADVERTISEMENT

കാസർകോട് ∙ ഭക്ഷണശാലകൾക്കു നിലവാരമനുസരിച്ചു തരംതിരിച്ചു റേറ്റിങ് നൽകാനുള്ള നീക്കം പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചു ഹോട്ടലുകളുടെ റേറ്റിങ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ വിവിധ ജില്ലകളിൽ വെബ്സൈറ്റ് പരിശോധിച്ചു ഉചിതമായ ഭക്ഷണ ശാല തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഇത് വഴി ഉണ്ടാകുന്നത്. എന്നാൽ റേറ്റിങ് നിർണയിക്കുന്ന ജോലി സ്വകാര്യ ഏജൻസികളല്ല, ഭക്ഷ്യ സുരക്ഷാവകുപ്പ് നേരിട്ടു നടത്തണമെന്നാണു ഹോട്ടലുടമകളുടെ വാദം.

സർക്കാർ തന്നെ നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഈ റേറ്റിങ്ങിൽ ചെറുകിട ഹോട്ടലുകൾ ഏറെയും പുറത്താകും എന്ന ആശങ്കയാണ് ഉടമകൾക്ക്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകൃത സ്വകാര്യ ഏജൻസി മുഖേന സ്വയം സന്നദ്ധത അറിയിച്ച് വിവരങ്ങൾ നൽകി വിവിധ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്തി റേറ്റിങ് നടത്തിയ പട്ടിക വെബ് സൈറ്റിൽ ഉണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ട്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫ്റ്റീരിയ, ധാബ, മധുര പലഹാര കടകൾ, ബേക്കറി, ഇറച്ചി, ചില്ലറ വിൽപന ശാലകൾ തുടങ്ങിയവയിലാണ് ഈ റേറ്റിങ്.

∙ എതിർപ്പുമായി അസോസിയേഷൻ 

സ്വകാര്യ ഏജൻസികൾ മുഖേനയുള്ള റേറ്റിങ്ങുമായി സഹകരിക്കില്ലെന്ന്  ഹോട്ടൽ –റസ്റ്ററന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. വൻകിട സ്ഥാപനങ്ങൾക്കു 6 മാസം വരെ പാക്കറ്റിൽ ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കാമെന്നിരിക്കെ ചെറുകിട സ്ഥാപനങ്ങളിൽ 2 ദിവസം പോലും സൂക്ഷിക്കാൻ അനുമതിയില്ല. 2019ൽ ഹോട്ടൽ ഉടമക‍ൾക്ക് ശുചിത്വ പരിപാലനം, വിതരണം തുടങ്ങിയവയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ നേരിട്ട് ക്ലാസ് എടുത്തിരുന്നു.

എന്നാൽ പിന്നീട് ഓൺലൈനിൽ ഏതാനും സമയമായി ചുരുക്കി. ഭക്ഷണ ശാലകളിൽ ഇപ്പോൾ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണുള്ളത്. അവർക്ക് ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ശാസ്ത്രീയമായ നിലയിൽ തന്നെ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഉടമയും തൊഴിലാളിയുമായി ഒന്നോ രണ്ടോ പേരുള്ള ചെറുകിട ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ എങ്ങനെ പാലിക്കാൻ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്. ജല അതോറിറ്റി മുഖേന ഹോട്ടലുകളിൽ എത്തുന്ന വെള്ളത്തിൽ ശുചിത്വം എങ്ങനെ ഉറപ്പു വരുത്താനാകുമെന്നുമെന്നും ഇവർ ചോദിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരിട്ട് പരിശോധന നടത്തി ഗ്രേഡിങ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

റേറ്റിങ് ഇങ്ങനെ

ഫൈവ് സ്റ്റാർ : 81 – 100 : വളരെ മികച്ച നിലവാരം
ഫോർ സ്റ്റാർ : 61– 80 : മികച്ച നിലവാരം
ത്രീ സ്റ്റാർ : 41– 60 : മോശമല്ല
ടു സ്റ്റാർ : 21–40 : മെച്ചപ്പെടുത്തണം
വൺ സ്റ്റാർ : 20ൽ താഴെ : മോശം

ഭക്ഷ്യ സുരക്ഷാ ലൈസൻസ് എടുത്ത സ്ഥാപനങ്ങൾ ആണ് ഗ്രേഡ് നിർണയത്തിൽപ്പെടുക. അകത്തും പുറത്തും ഭക്ഷ്യ ശുചിത്വത്തിന്റെയും സുരക്ഷാ സാഹചര്യങ്ങളും റേറ്റിങ് നിർണയത്തിൽ പ്രധാനമാണ്. വ്യക്തി ശുചിത്വം, ഭക്ഷണ വിതരണം, ഭക്ഷണം കഴിക്കുന്നതിനുള്ള ഇരിപ്പിടം, മേശ, റൂം സൗകര്യങ്ങൾ, അടുക്കള, വെള്ളം, ആരോഗ്യകരമായ സാഹചര്യങ്ങൾ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പ്രാണികൾ ഉൾപ്പെടെ കടന്നു വരാനുള്ള സ്ഥിതി, വെന്റിലേഷൻ, കെട്ടിടങ്ങളുടെ സീലിങ്, ഭക്ഷണം ഉണ്ടാക്കുന്ന സാധനങ്ങളുടെയും സാമഗ്രികളുടെയും ഗുണനിലവാരം, മാലിന്യ നി‍ർമാർജന സംവിധാനം,  ഭക്ഷണ വിതരണ രീതികൾ ബന്ധപ്പെട്ട് നൂറിലേറെ കാര്യങ്ങളിൽ 2 മുതൽ 4 വരെയാണ് മാർക്ക്. അവശ്യം വേണ്ട പ്രധാന കാര്യങ്ങളിൽ ഉണ്ടാകുന്ന അപര്യാപ്തതകൾ മികവ് നിലവാര നിർണയത്തിൽ പ്രതിഫലിക്കും.

∙ ജില്ലയിൽ 15 ഫൈവ് സ്റ്റാർ,  10 ഫോർ സ്റ്റാർ സ്ഥാപനങ്ങൾ

ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലാസും പരീക്ഷയും സ്ഥാപനങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ നിർദേശം നൽകിയും ശേഷം ഏജൻസി മുഖേനയും നടത്തിയ പരിശോധനയ്ക്ക് ജില്ലയിൽ  25 സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ  15 സ്ഥാപനങ്ങൾ ഫൈവ് സ്റ്റാർ, 10 സ്ഥാപനങ്ങൾ ഫോർ സ്റ്റാർ പട്ടികയിൽ ഇടം നേടുകയായിരുന്നു. ഹോട്ടൽ, ബേക്കറി, ഹൈപ്പർ മാർക്കറ്റ് എന്നിവ ആണ് ഇത്. ഭൂരിഭാഗവും ഹോട്ടലുകൾ ആണ്. ഒരു നിയോജക മണ്ഡലത്തിൽ 5 സ്ഥാപനങ്ങൾ വീതം എന്ന കണക്കിലായിരുന്നു പരിശോധന പട്ടികയിൽ തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ മാർച്ചിൽ ആണ് ഈ ഗ്രേഡിങ് നടത്തിയത്. സർക്കാരിന്റെ ഫണ്ട് ലഭിച്ചാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ നേരിട്ട് ക്ലാസും പരീക്ഷയും നടത്തി അംഗീകൃത ഏജൻസി മുഖേന ഗ്രേഡിങ് തുടരും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com