കടലോളം പ്രതീക്ഷയോടെ ഓരോ ദിവസവും കടലിൽ; തിരിച്ച് എത്തുന്നത് ചെലവിന്റെ കാശിനുള്ള മീൻപോലും ലഭിക്കാതെ...

കടലിൽ മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും കടലിലിൽ പോകാത്തതിനാൽ കാര്യമായ ആൾത്തിരക്കില്ലാത്ത മടക്കര മീൻപിടിത്ത തുറമുഖം.
SHARE

ചെറുവത്തൂർ ∙ വലനിറയെ മീനെന്ന സ്വപ്നവുമായി കടലോളം പ്രതീക്ഷയോടെ ഓരോ ദിവസവും കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ച് കരയിലെത്തുന്നതു ചെലവിന്റെ കാശിനുള്ള മീൻപോലും ലഭിക്കാതെ. കടലിലെ മീൻ ലഭ്യതയുടെ കുറവാണ് കാരണം. ഇതോടെ ജില്ലയിലെ മത്സ്യമേഖല ദുരിതത്തിൽ. പൂവാലൻ, കരിക്കാടി ചെമ്മീനുകളും ചെറുമത്സ്യങ്ങളും ധാരാളമായി ലഭിക്കേണ്ട സമയമാണിത്. എന്നാൽ മീൻപിടിത്ത യാനങ്ങളിലും കടലിലിറങ്ങുന്ന തൊഴിലാളികൾ കാര്യമായ മീനുകളൊന്നും ലഭിക്കുന്നില്ല. ഇത് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്കും, ബോട്ട്, വള്ളം എന്നിവയുടെ ഉടമകളെ കടക്കെണിയിലേക്കും തള്ളി വിടുന്നു.

ഭീമമായ ഇന്ധന വില വർധന മത്സ്യമേഖലയ്ക്ക് വൻ തിരിച്ചടി ആയിട്ടുണ്ട്. ഒരു ബോട്ട് രാവിലെ മുതൽ ഉച്ചവരെ കടലിൽ മീൻ പിടിച്ച് തിരിച്ചെത്തുന്നതിനു ഡീസൽ ചെലവ്, തൊഴിലാളികളുടെ ചെലവ്, ബാറ്റ എന്നിവ അടക്കം 8,000 രൂപയോളം ആകെ ചെലവ് വരുമെന്നാണ് ബോട്ടുടമകൾ പറയുന്നത്. എന്നാൽ ഈ ദിവസം കടലിൽ നിന്ന് ലഭിക്കുന്ന മീൻ കരയിലെത്തിച്ചു വിറ്റാൽ കിട്ടുന്നത് പലപ്പോഴും അയ്യായിരമോ ആറായിരമോ രൂപ. വള്ളക്കാരുടെയും സ്ഥിതി ഇതു തന്നെ.

സബ്സിഡി മണ്ണെണ്ണ കൃത്യമായി ലഭിക്കാത്തതു കാരണം കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങി മീൻ പിടിക്കാൻ പോകുന്ന ചെറുവള്ളങ്ങളുടെ കഥയും ഭിന്നമല്ല. മൺസൂൺകാല ട്രോളിങ് നിരോധനം അടുത്ത മാസം ആദ്യം തന്നെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52ദിവസമായിരുന്നു, നിരോധനം. ഇതോടെ ജില്ലയിലെ ആയിരങ്ങൾ വരുന്ന മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ദുരിതം ഇരട്ടിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA