ADVERTISEMENT

കാസർകോട് ∙ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെ ടയറിൽ കാറ്റു നിറയ്ക്കാൻ സംവിധാനമൊരുക്കാതെ ഇന്ധന ബങ്കുകൾ. പല പെട്രോൾ പമ്പുകളിലും ഇന്ധനം നിറയ്ക്കാൻ കയറിയാൽ എയർ ചെക്കറും എയർ കംപ്രസറും പലപ്പോഴും പണിമുടക്കിൽ ആയിരിക്കും എന്നതാണ് സ്ഥിതി.കാസർകോട് മാത്രം എന്താ ഇങ്ങനെ എന്നാണ് ഡ്രൈവർമാരുടെ ചോദ്യം. ‘നിങ്ങൾ മംഗളൂരു പെട്രോൾ ബങ്കിൽ പോയി നോക്കൂ. അവിടെ ഇത്തരം പ്രശ്നങ്ങളില്ല, ജീവനക്കാർ സ്വയം മുന്നോട്ടു വന്നു ചോദിച്ച് അവർ തന്നെ കാറ്റു നിറച്ചു തരും.’ ഡ്രൈവർമാർ പറയുന്നു.

ജില്ലയിലെ പല പെട്രോൾ ബങ്കിലും ടയറിൽ കാറ്റടിക്കാൻ സൗകര്യമില്ല. ഉള്ള ബങ്കുകളിൽ ജീവനക്കാരുടെ സേവനം പലപ്പോഴും കിട്ടുന്നില്ല. ഉണ്ടെങ്കിൽ തന്നെ ഏറെ സമയം ഇതിനു കാത്തു നിൽക്കണം. ഡ്രൈവർമാർ തന്നെ ഇവിടെ വച്ചു കാറ്റ് നിറയ്ക്കുകയും വേണം. ഇതിൽ പരിചയമില്ലാത്തവർ മാത്രം ജീവനക്കാരുടെ സഹായം തേടുന്നു. കാറ്റ് നിറയ്ക്കാനുള്ള സംവിധാനങ്ങൾ  ഗുണഭോക്താക്കൾ ഉപയോഗിച്ചു പലപ്പോഴും കേടാകുന്നു എന്നാണ് ബങ്ക് ഉടമകൾ പറയുന്നത്.  

കാറ്റ് അടിച്ച് കൊടുക്കണമെന്ന് നിയമം

പെട്രോൾ ബങ്കുകളിൽ എത്തുന്ന വാഹനങ്ങളുടെ ടയറുകളിൽ ആവശ്യപ്പെട്ടാൽ സൗജന്യമായി കാറ്റ് നിറച്ച് നൽകണം എന്നത് പെട്രോൾ ബങ്കുകളിൽ നൽകേണ്ട ആറു സൗജന്യ സേവനങ്ങളിൽ പ്രധാനമാണ്. ഇതിനു ഒരു രൂപ പോലും ഈടാക്കാനും പാടില്ലെന്നാണ് നിയമം. ആറു സേവനങ്ങൾക്കും പണം വാങ്ങാൻ പാടില്ല. കാസർകോട് മിക്ക പെട്രോൾ ബങ്കുകളിലും കാറ്റു നിറയ്ക്കാൻ സൗകര്യം ഇല്ലാത്തതിനാൽ ടയർ കടകളെയാണ് ആശ്രയിക്കുന്നത്. ഒരു ടയറിൽ കാറ്റ് നിറയ്ക്കാൻ 5 മുതൽ 10 രൂപ വരെ നൽകണം.

ഇന്ധന സ്റ്റേഷനുകളിൽ നിയമപ്രകാരം നൽകേണ്ട സൗജന്യ സേവനങ്ങൾ 

1. ഗുണനിലവാരവും അളവും പരിശോധനയും:  നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്മയിൽ സംശയം തീർക്കാൻ ഏത് പെട്രോൾ പമ്പിലും പെട്രോളിനും ഡീസലിനും വേണ്ടിയുള്ള ഫിൽറ്റർ പേപ്പർ ടെസ്റ്റ് ആവശ്യപ്പെടാം. അളവ് പരിശോധിപ്പിക്കുകയും ചെയ്യാം.


2.പ്രഥമ ശുശ്രൂഷ കിറ്റ്: റോഡ് അപകടങ്ങൾ സർവ സാധാരണമായ സാഹചര്യത്തി‍ൽ പെട്രോൾ ബങ്കുകളിൽ കരുതലായി പ്രഥമ ശുശ്രൂഷ കിറ്റ് ഉണ്ടാവണം. അപകടത്തി‍ൽപ്പെട്ടയാളെ സഹായിക്കാൻ കഴിയുന്ന നിലയിൽ പൂർണമായ പ്രഥമ ശുശ്രൂഷ കിറ്റ് ആയിരിക്കണം. സഹായം തേടി വരുന്നവർക്ക് ഇത് സൗജന്യമായി നൽകണം.

3. ഫോൺ കോൾ സൗകര്യം:  വാഹനാപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും ഇരയാകുന്നവരുടെ ബന്ധുക്കളെയും മറ്റും  സഹായത്തിനു വിളിക്കാൻ പെട്രോൾ ബങ്കുകളിൽ സൗജന്യ ഫോൺ കോൾ അനുവദിക്കണം.

4. ശുചിമുറികൾ: ഏതു യാത്രക്കാർക്കും ഉപയോഗിക്കുന്നതിന് വൃത്തിയുള്ള ശുചിമുറികൾ നിർബന്ധമാണ്. ദിവസവും ഇതിന്റെ ശുചിത്വം ഉറപ്പു വരുത്തണം.

5. കുടിക്കാൻ ശുദ്ധജലം : ഇവിടെ നിന്നു കുടിക്കാൻ വെള്ളം നൽകണം. കുപ്പികളിൽ വെള്ളം നിറച്ചു കോണ്ടു പോകാനും അനുവദിക്കണം.

6. വാഹനങ്ങളുടെ ടയറുകളിൽ സൗജന്യമായി കാറ്റ് നിറയ്ക്കാനുള്ള സൗകര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com