ADVERTISEMENT

കാസർകോട് ∙ കനത്ത മഴ സാധ്യത കണക്കിലെടുത്ത് ഇന്നലെ ഉച്ചയോടെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും ശക്തമായ മഴ പെയ്തില്ല. ഇന്നലെ രാവിലെ മുതൽ ജില്ലയിലുടനീളം ചാറ്റൽമഴ പെയ്തെങ്കിലും അതിശക്തമായ മഴ ഒരിടത്തും പെയ്തില്ല. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ അഗ്നിരക്ഷാ സേനയും ഫിഷറീസ് വകുപ്പും കൺട്രോൾ റൂമുകൾ തുറന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണു മത്സ്യബന്ധനത്തിനിറങ്ങിയത്. 

കേരളത്തിൽ മഴ തുടരാൻ സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചക്രവാതച്ചുഴി തമിഴ്നാട്, കർണാടക തീരത്തേക്കു നീങ്ങുന്നതനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു മുന്നറിയിപ്പ്. നാളെ മുതൽ  മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഈ വർഷം  24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ചൊവ്വാഴ്ച കണ്ണൂരിലെ ചെറുതാഴത്താണ്. (279 മില്ലിമീറ്റർ). കൈതപ്രത്ത് 249 മില്ലി മീറ്റർ മഴ ലഭിച്ചു.

കാലവർഷം വരും മുൻപേ

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഫലപ്രദമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. ഫയർ ഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ  വിഭാഗങ്ങൾ ഉപകരണങ്ങളും മറ്റും കരുതി സജ്ജമായിരിക്കാൻ നിർദേശം നൽകി. യോഗത്തിൽ എഡിഎം എ.കെ.രമേന്ദ്രൻ, ഡിഡിപി ജെയ്സൺ മാത്യു, ശുചിത്വ മിഷൻ കോ-ഓഡിനേറ്റർ എ.ലക്ഷ്മി, ഡിവൈഎസ്പി പി.കെ.സുധാകരൻ, വിവിധ വകുപ്പ് മേധാവികൾ, തഹസിൽദാർമാർ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

കരുതലോടെ ഒരുക്കം

കാസർകോട്ടേക്ക് ഒരു രക്ഷാ ബോട്ട് വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. നിലവിൽ നീലേശ്വരത്താണ് ഫിഷറീസിന് രക്ഷാബോട്ടുള്ളത്. റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത്, വനം, റവന്യു വകുപ്പുകൾക്ക് നിർദേശം നൽകി. പുഴകളിലെയും തോടുകളിലെയും മാലിന്യങ്ങൾ തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെ നീക്കം ചെയ്യാൻ നിർദേശിച്ചു.

ആരോഗ്യം കാക്കാം

പകർച്ചവ്യാധികൾ പ്രതിരോധിക്കാനും ജലജന്യ രോഗങ്ങൾ തടയാനും ആരോഗ്യ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് ഡിഎംഒ അറിയിച്ചു. എലിപ്പനി പോലുള്ള രോഗങ്ങൾ തടയാനായി ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്സി കോർണർ സജ്ജീകരിക്കും.

പുനരധിവാസം

റവന്യു, പഞ്ചായത്ത് വകുപ്പുകൾക്ക് പുനരധിവാസ ക്യാംപുകൾ സജ്ജീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയാറാക്കണം. പുഴ പുറം പോക്ക് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ വില്ലേജ് ഓഫിസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി. 

വിളിപ്പാടകലെ

എല്ലാ വകുപ്പുകളിലും ഒരു നോഡൽ ഓഫിസറെ നിയമിച്ച് ഈ മാസം 30നുള്ളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നമ്പറുകൾ നൽകണമെന്ന് നിർദേശിച്ചു. ജില്ലയിൽ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മൺസൂൺ പ്രശ്നങ്ങൾ നേരിടാൻ പൊലീസ് സജ്ജമാണെന്നും ജില്ലാ പൊലീസ് അറിയിച്ചു. വിദഗ്ധ തൊഴിലാളികളെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും ഒരുക്കി നിർത്താൻ നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. 

ഇരുട്ടിലാകരുത്

റോഡുകളിലെ വെള്ളക്കെട്ടും നിർമാണ പ്രവൃത്തികളും പൊതുജനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു. വൈദ്യുതി തടസ്സം നേരിട്ടാൽ ഉടൻ പരിഹരിക്കുന്നതിനായി കെഎസ്ഇബി കൺട്രോൾ റൂം ക്വിക് റെസ്പോൺസ് ടീം തുറന്നു. കൃഷി, മൃഗ സംരക്ഷണ വകുപ്പുകളോട് മഴക്കെടുതി നേരിടാൻ സജ്ജമായിരിക്കണമെന്ന് നിർദേശം നൽകി. 

വിദ്യാർഥികളെ കാക്കും

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും ബലക്ഷമത ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com