ADVERTISEMENT

കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തി തലപ്പാടിയിൽ നിന്ന് തുമിനാട് വരെയുള്ള പണി പൂർത്തിയായ ഒരു കിലോമീറ്റർ പ്രധാന പാത വാഹന ഗതാഗതത്തിനു തുറന്നു കൊടുത്തു. 

ജില്ലയിൽ പണി പൂർത്തിയായ ആദ്യ പ്രധാന പാതയാണ് ഇത്. 21 മീറ്റർ വീതിയിൽ ഉള്ള ആറു വരി പാതയിൽ 7 മീറ്ററിലുള്ള 2 വരി പാതയാണ് ഇത്. നേരത്തെ ഉണ്ടായിരുന്ന പ്രധാന പാത ഉൾപ്പെടുന്ന ബാക്കി സ്ഥലത്ത് നിർമാണം നടന്നു വരുന്നു. തലപ്പാടിക്കും തുമിനാടിനും ഇടയിൽ 400 മീറ്റർ ദൂരം 2 മീറ്റർ വരെ കയറ്റം കുറച്ചും തുമിനാടിനും കുഞ്ചത്തൂരിനും ഇടയി‍ൽ 300 മീറ്റർ ദൂരം 3 മീറ്റർ വരെ ഉയരം കൂട്ടിയുമാണ് പ്രധാന റോഡ് ലവൽ ചെയ്തിട്ടുള്ളത്. 

സർവീസ് റോഡുകളുടെയും മറു ഭാഗം പ്രധാന പാതയുടെയും നിർമാണം പൂർത്തിയാകാനുണ്ട്. തലപ്പാടി– ചെർക്കള റീച്ചിൽ വിവിധ ഭാഗങ്ങളിൽ കലുങ്ക്, പാലം, സർവീസ് റോഡ് നിർമാണം പുരോഗമിച്ചു വരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. ഈ റീച്ചിലെ ഏക മേൽപാലം വരുന്ന കറന്തക്കാട്– കാസർകോട് നുള്ളിപ്പാടി മേൽപാലത്തിനുള്ള 4ാമത്തെ പില്ലറിന്റെ പൈലിങ്ജോലികൾക്കു തുടക്കം കുറിച്ചു. ഇതേത്തുടർന്ന് ഇവിടെയുള്ള ഗതാഗതം റോഡിന്റെ ഇരു ഭാഗത്തു നിന്നും വഴി തിരിച്ചു വിട്ടിട്ടുണ്ട്. 

ചൗക്കി, മഞ്ചേശ്വരം ഭാഗങ്ങളിൽ 2 കിലോമീറ്റർ പ്രധാന റോ‍ഡ് ടാറിങ് പുരോഗതിയിലാണ്. ജില്ലയിലെ രണ്ടും മൂന്നും റീച്ചിൽ ചെങ്കള –നീലേശ്വരം, നീലേശ്വരം –കാലിക്കടവ് പാതയിൽ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് ആണ് നിർമാണ കരാർ. ഈ റീച്ചുകളിൽ പ്രധാന പാത പൂർത്തിയായ ഭാഗങ്ങളില്ല. സർവീസ് റോഡ് 2 കിലോമീറ്റർ ടാറിങ് പൂർത്തിയായി. കനത്ത മഴ കാരണം റോഡ് നിർമാണം നിലച്ചിട്ടുണ്ട്. പാലം ഉൾപ്പെടെയുള്ളവയുടെ സ്ട്രക്ചറൽ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 

സർവീസ് റോഡ് ഇല്ലാത്ത പദ്ധതി 

ചെങ്കള– ബേവിഞ്ച പാലം വരെയുള്ള പാതയിൽ സർവീസ് റോഡ് നിർമാണം ഉൾപ്പെടുത്താത്തത് പദ്ധതിയിൽ കല്ലുകടിയായി. ദേശീയപാത വിഭാഗം നിർമാണ കമ്പനിക്കു നൽകിയ പദ്ധതി റിപ്പോർട്ടിൽ ഇത് ഉൾപ്പെട്ടിട്ടില്ല. 45 മീറ്റർ വീതിയിൽ സ്ഥലം ഉണ്ടെങ്കിലും വൻ വളവുകളും ഒരു ഭാഗത്ത് അടിവാരവും മറു ഭാഗത്ത് വീടുകളും ഉള്ളതിനാൽ സർവീസ് റോഡ് നിർമിക്കുന്നതിനു പ്രായോഗിക പ്രയാസങ്ങൾ ഒട്ടേറെ ഉണ്ട്. കൂടുതൽ സ്ഥലം വേണ്ടി വരും. അടിവാരം ഭാഗത്ത് സ്ഥലം എടുക്കാനാവില്ല. മറു ഭാഗത്താണെങ്കിൽ വീടുകൾ ഒഴിപ്പിക്കേണ്ടി വരും. 100 മീറ്റർ വേഗം വാഹനഗതാഗതം ലക്ഷ്യമിട്ടാണ് ദേശീയപാത വികസനം. എന്നാൽ ഇവിടെ 60 മീറ്ററിൽ കൂടുതൽ വേഗം പോകാനാവില്ല. 3 കിലോമീറ്റർ വരെ സർവീസ് റോഡ് നിർമിക്കാൻ കഴിയാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്നു തല പുകയ്ക്കുകയാണ് അധികൃതർ. 

മേൽപാലം 

മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിർമാണ കരാർ എടുത്ത ചെങ്കള–നീലേശ്വരം റീച്ചിൽ ചെങ്കള മേൽപാലം നിർമാണത്തിന് ഇനിയും നടപടികൾ തുടങ്ങിയിട്ടില്ല. ഈ റീച്ചിൽ മറ്റു 2 മേൽപാലം നിർമാണ ജോലികൾക്കു മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു. 390 മീറ്റർ നീളത്തിലുള്ള മേൽപാലം ആണ് ചെങ്കളയിൽ നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ 300 മീറ്റർ കൂടി കൂട്ടി മേൽപാലം നിർമിക്കാനുള്ള നിർദേശം വന്നിട്ടുണ്ട്. വ്യാപാര കേന്ദ്രമായ ചെർക്കള ടൗണിലേക്കുള്ള പോക്കുവരവിനു പ്രതികൂലമാകരുത് മേൽപാലം നിർമാണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. സർവീസ് റോഡ് പ്രശ്നം കൂടി ഉള്ളതിനാൽ ചെങ്കള മുതൽ– ബേവിഞ്ച വരെയുള്ള നിർമാണം നീളാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com