എൻഡോസൾഫാൻ നഷ്ടപരിഹാരം 4 മാസത്തിനുള്ളിൽ നൽകും

kasargod-endosulfan
SHARE

കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിതർക്കായി കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരത്തുക 4 മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. അറിയിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ജില്ലയിലെ 6727 പേരാണുള്ളത്.  ഇതിൽ 3642 പേർക്കാണ് നഷ്ടപരിഹാരം നൽകാനുള്ളത്. 3014 പേർക്കായി 1,19,34,00,000 രൂപ വിതരണം ചെയ്തു.  ദുരിത ബാധിതർക്കായി വിവിധ നഷ്ടപരിഹാരവും മറ്റു ആനൂകൂല്യങ്ങളുമായി ഇതുവരെ 285 കോടി രൂപ വിതരണം ചെയ്തു. സാമ്പത്തിക സഹായം, സൗജന്യ റേഷൻ(171 കോടി), ചികിത്സാ ധനസഹായം(16.83 കോടി),  പെൻഷൻ(81.42), ആശ്വാസ കിരണം പദ്ധതി (4.5), വിദ്യാഭ്യാസ ആനുകൂല്യങ്ങൾ(4.44) വായ്പ എഴുതി തള്ളിയത് (6.82 കോടി) എന്നിങ്ങനെയാണെന്ന് കലക്ടർ അറിയിച്ചു. 

പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല

എൻഡോസൾഫാൻ ദുരിതാശ്വാസം നൽകാനുള്ള ദുരിത ബാധിതരെ 5 വ്യത്യസ്ത വിഭാഗങ്ങളിലായാണു തിരിച്ചിട്ടുള്ളത്. 371 കിടപ്പുരോഗികളിൽ 269 പേർക്കു സഹായം നൽകി. ബുദ്ധിമാന്ദ്യം സംഭവിച്ച 1499 പേരിൽ  1173 പേർക്കും ഭിന്നശേഷി വിഭാഗത്തിൽ 1189 പേരിൽ  988 പേർക്കും നഷ്ടപരിഹാരം നൽകി. 699 അർബുദ രോഗികളിൽ നഷ്ടപരിഹാരം നൽകിയത് 580 പേർക്കാണ്. 2969 ആളുകളാണ് മറ്റുള്ളവർ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 4 പേർക്കാണ് നഷ്ടപരിഹാരം നൽകിയത്. 2894 പേർ ബാക്കിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട 8 പേർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതായും നിലവിലെ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ എന്നിവർ അറിയിച്ചു

നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഓൺലൈൻ സംവിധാനം

കോവിഡ്  ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകുന്നതിനായി രൂപപ്പെടുത്തിയ മാതൃകയിൽ മാറ്റം വരുത്തി എൻഡോസൾഫാൻ ദുരിതബാധിതർക്കു നഷ്ടപരിഹാര വിതരണം സുഗമമാക്കാൻ ഉപയോഗിക്കും. ഇപ്പോൾ അനുവദിച്ച തുക ജൂൺ രണ്ടാമത്തെ ആഴ്ചയോടു കൂടി വിതരണം ചെയ്യും. ഓൺലൈൻ പോർട്ടൽ ഏതാനും ദിവസങ്ങളോടെ യാഥാർഥ്യമാകും. അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു തുക ട്രാൻസ്ഫർ ചെയ്യും. നഷ്ടപരിഹാരത്തിന് അർഹരായ എൻഡോസൾഫാൻ ദുരിതബാധിതർ നേരിട്ട് കലക്ടറേറ്റിൽ എത്തേണ്ട  സാഹചര്യം ഒഴിവാക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്. നേരിട്ടോ അടുത്തുള്ള അക്ഷയ സെന്ററിലോ വില്ലേജ് ഓഫിസ് മുഖാന്തരമോ ഈ പോർട്ടലിൽ അപേക്ഷിച്ചാൽ മതിയാകും. ധനസഹായത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത 3  ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA