ADVERTISEMENT

രാജപുരം ∙ മഴയിൽ ചോർന്നൊലിക്കുന്ന കള്ളാർ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുമെന്നു പ‍ഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ. കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽ രണ്ടര മാസം മുൻപ് ഉദ്ഘാടനം നടന്ന ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്ന വിവരം മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് കരാറുകാരനെയും എൻജിനീയറെയും ബന്ധപ്പെട്ടതായും എത്രയും പെട്ടെന്ന് തകരാർ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. 

1.ബഡ്സ് സ്കൂളിന്റെ മേൽക്കൂര ചോർന്ന് വെള്ളം ക്ലാസ് മുറിയിൽ ഒലിച്ചിറങ്ങുന്ന നിലയിൽ.   2.ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടത്തിനകത്തെ മേൽക്കൂരയുള്ള നടുമുറ്റം.
1.ബഡ്സ് സ്കൂളിന്റെ മേൽക്കൂര ചോർന്ന് വെള്ളം ക്ലാസ് മുറിയിൽ ഒലിച്ചിറങ്ങുന്ന നിലയിൽ. 2.ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടത്തിനകത്തെ മേൽക്കൂരയുള്ള നടുമുറ്റം.

രണ്ടരക്കോടി ചോർ‍ന്നത് രണ്ടര മാസം കൊണ്ട്

രണ്ടരക്കോടി മുടക്കി നിർമിച്ച ബഡ്സ് സ്കൂൾ കെട്ടിടം വേനൽ മഴ നനഞ്ഞപ്പോൾ തന്നെ ചോർന്നു തുടങ്ങിയതിന്റെ അമ്പരപ്പിലാണു നാട്ടുകാർ. നിർമാണത്തിലെ അപാകത മൂലം കള്ളാർ ബഡ്സ് സ്കൂളിലെ ക്ലാസ് മുറി, ഓഫിസ് മുറി എന്നിവിടങ്ങളിൽ മേൽക്കൂരയിൽ നിന്നു വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയാണുള്ളത്. ക്ലാസിൽ കുട്ടികളെ ഇരുത്താൻ സാധിക്കാത്ത സ്ഥിതിയാണ്. മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം പുറത്തേക്കു പോകാതെ കെട്ടിടത്തിന്റെ ഉൾഭാഗത്ത് തന്നെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ചോർച്ച ഉടൻ പരിഹരിച്ചില്ലെങ്കിൽ സ്കൂൾ അടച്ചിടേണ്ട സ്ഥിതി വരുമെന്ന് രക്ഷിതാക്കൾ പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ളതുകൊണ്ട് തന്നെ ക്ലാസ് മുറികളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. സ്കൂളിനകത്തെ നടുമുറ്റം മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാർ കൂലിക്ക് ആളെ വച്ചാണു വെള്ളക്കെട്ട് ഒഴിവാക്കിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നു വരുന്ന മഴവെള്ളം പൈപ്പ് വഴി നടുമുറ്റത്ത് എത്തിച്ചു കെട്ടിടത്തിനടിയിൽ ‍കൂടി പുറത്തെ ടാങ്കിൽ എത്തിക്കുന്ന തരത്തിലാണു നിർമാണം.

എന്നാൽ ടാങ്കിൽ വെള്ളം നിറഞ്ഞ് തിരിച്ച് നടുമുറ്റത്ത് തന്നെ എത്തുന്നതായി ജീവനക്കാർ പറയുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പല സ്ഥലത്തും ചോർച്ച തുടങ്ങി. കെട്ടിട നിർമാണ സമയത്ത് തന്നെ സാധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോൺക്രീറ്റ് സമയത്ത് ഒരു ഭാഗം തകർന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com