'സർവേ നടത്തുന്ന സമയത്ത് പറഞ്ഞതല്ല ഇപ്പോൾ'; വീടിന്റെ തൊട്ടുമുകളിൽ കൂടി 400 കെവി വൈദ്യുതി ലൈൻ

കരിന്തളത്തേക്കുള്ള പവർഹൈവേയുടെ ഭാഗമായി ടവർ നിർമിക്കാൻ സ്ഥലം ഒരുക്കിയ ഭാഗം. സമീപവാസിയായ ജോസ് പരാതി നൽകിയതിനെ തുടർന്ന് ഇവിടുത്തെ ജോലികൾ താൽക്കാലികമായി നിർത്തിവച്ചു.
SHARE

മുള്ളേരിയ ∙ ‘വീട്ടിൽ നിന്നു 20 മീറ്റർ ദൂരത്തിലൂടെയാണ് ലൈൻ പോകുന്നതെന്നാണ് സർവേ നടത്തുന്ന സമയത്ത് അവർ പറഞ്ഞിരുന്നത്. ഇന്നലെ ടവറിന്റെ പണി തുടങ്ങി നോക്കിയപ്പോൾ മാത്രമാണ് വീടിന്റെ തൊട്ടുമുകളിൽ കൂടിയാണ് ലൈൻ പോകുന്നതെന്നറിഞ്ഞത്. എന്തിനാണ് അവർ ഇത്രയും കാലം എന്നെ തെറ്റിദ്ധരിപ്പിച്ചത്?. മുള്ളേരിയ ബെള്ളിഗെയിലെ കെ.ജെ.ജോസിന്റെ ആശങ്ക ഹൈ വോൾട്ടേജിലാണ്. സ്റ്റാർ ലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

ബെള്ളിഗെയിലെ കെ.ജെ.ജോസ് തന്റെ വീടിനു മുകളിലെ പറമ്പിൽ. ഈ വീടിനു മുകളിലൂടെയാണ് നിർദിഷ്ട ഉഡുപ്പി–കരിന്തളം 400 കെവി വൈദ്യുതി ലൈൻ കടന്നു പോകാൻ അലൈൻമെന്റ് തയാറാക്കിയിട്ടുള്ളത്.

ഉഡുപ്പി – കരിന്തളം പദ്ധതിക്കായി ഉഡുപ്പി – കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡ് (യുകെടിഎൽ) എന്ന കമ്പനി രൂപീകരിച്ചിരുന്നു.‘ഞാൻ താമസിക്കുന്ന വീടിന്റെ മുകളിലൂടെ സർവേ നടത്തി ലൈൻ വലിക്കുമ്പോൾ എന്നെ അറിയിക്കാനെങ്കിലും അവർ തയാറാകേണ്ടതല്ലേ? 400 കെവി ശേഷിയുള്ള വലിയ വൈദ്യുതി ലൈൻ വീടിനു മുകളിലൂടെ പോയാൽ എങ്ങനെ സമാധാനമായി കിടന്നുറങ്ങും? ’ ജോസിന്റെ ചോദ്യങ്ങൾക്കൊന്നും ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. 

അലൈൻ‍മെന്റ് മാറ്റി തെറ്റിദ്ധരിപ്പിച്ചെന്ന്

ഉഡുപ്പി–കരിന്തളം 400 കെവി വൈദ്യുതി പദ്ധതിയുടെ ലൈൻ കടന്നുപോകുന്നത് ജോസിന്റെ വീടിനു മുകളിലൂടെയാണ്. പക്ഷേ ഇക്കാര്യം കമ്പനി അധികൃതർ ഇതുവരെ ഇദ്ദേഹത്തെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ടവറിന്റെ പണി തുടങ്ങിയപ്പോൾ മാത്രമാണ് ഇദ്ദേഹം ഇക്കാര്യം അറിയുന്നത്. ഒരു വർഷം മുൻപായിരുന്നു ലൈൻ കടന്നുപോകുന്ന ഭാഗത്ത് സർവേ നടത്തിയത്. വീട്ടിൽ നിന്നു 20 മീറ്റർ അകലത്തിലൂടെയാണ് ലൈൻ പോകുന്നതെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇദ്ദേഹം അതു കാര്യമാക്കിയുമില്ല.

എന്നാൽ ടവർ നിർമിക്കാൻ മണ്ണ് നീക്കുമ്പോഴാണ് വീടിനു മുകളിലൂടെയാണ് ലൈൻ പോകുന്നതെന്ന് മനസിലാകുന്നത്. ഉടൻ തന്നെ സർവേ നടത്തിയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അലൈൻമെന്റ് മാറ്റിയിട്ടുണ്ടെന്ന മറുപടിയാണ് ജോസിന് ലഭിച്ചത്. നേരത്തെ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന 2 ടവറുകൾ ഒഴിവാക്കി സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് ഇത്തരത്തിൽ അലൈൻമെന്റ്  മാറ്റിയതെന്നാണു വിമർശനം. എന്നാൽ വീടിനു മുകളിലൂടെയാക്കി അലൈൻമെന്റ് മാറ്റിയത് അതുവരെ ആരും അറിയിച്ചിരുന്നില്ല. തുടർന്ന് അധികൃതരെ ബന്ധപ്പെട്ടു. 

‘2014 ൽ ആണ് ഈ വീട് നിർമിച്ചത്്. എടുത്ത ബാങ്ക്് വായ്പ പോലും തിരിച്ചടച്ചു തീർന്നിട്ടില്ല. ഇങ്ങനെ ഒരു ലൈൻ വരുന്നതോടെ ഞങ്ങളുടെ വീടിന്റെ സുരക്ഷിതത്വമാണ് നഷ്ടമാകുന്നത്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കണം’. കെഎസ്എഫ്ഇ ബദിയടുക്ക ശാഖയിൽ അസി.മാനേജരായ ജോസ് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർക്കു പരാതിയും നൽകി. സ്റ്റാർ ലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. നഷ്ടപരിഹാരം കുറവാണെന്നു കാട്ടി നേരത്തെ ഇതേ പ്രദേശത്തെ 3 പേർ അധികൃതർക്കു പരാതി നൽകുകയും ആർഡിഒ ഇടപെട്ട് ചർച്ച നടത്തി തുക വർധിപ്പിക്കാനും ധാരണയായിരുന്നു.

കമ്പനിയോട് അധികൃതർ വിശദീകരണം തേടി

സ്ഥലം ഉടമ കലക്ടർക്കു നൽകിയ പരാതിയെ തുടർന്ന് എഡിഎം എ.കെ.രമേന്ദ്രൻ സ്ഥലം സന്ദർശിച്ചു. യുകെടിഎൽ സ്പെഷൽ തഹസിൽദാർ ബീന, കമ്പനി അധികൃതർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നിയമപരമായ ദൂരപരിധി പാലിച്ചുകൊണ്ടാണ് വീടിനു മുകളിലൂടെ ലൈൻ വലിക്കാൻ ആദ്യം അലൈൻമെന്റ് തയാറാക്കിയത്. പക്ഷേ ജോസിന്റെയും കുടുംബത്തിന്റെയും ആശങ്ക പരിഗണിച്ച്, ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ പറ്റുന്നത് ചെയ്യാൻ യുകെടിഎൽ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും എഡിഎം വ്യക്തമാക്കി.

കെഎസ്ഇബിയുടെ ലോഡ് കൂടിയ ലൈനുകൾ വലിക്കുമ്പോൾ താഴെ വീടുകൾ ഉണ്ടാകരുതെന്നു നിയമമുണ്ട്. പരാതി സംബന്ധിച്ച് യുകെടിഎല്ലിനോട് വിശദീകരണം ആവശ്യപ്പെട്ട് കലക്ടർ കത്തയച്ചു. ടവർ നിർമിക്കുന്നതായി സ്ഥലം ഒരുക്കുന്ന ജോലികൾ തുടങ്ങിയിരുന്നു. മണ്ണ് ലവൽ ചെയ്യാനും മരങ്ങൾ മുറിക്കാനും ആരംഭിച്ച ജോലികൾ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിർത്തിവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA