ADVERTISEMENT

ബോവിക്കാനം ∙ മഴയുടെ മാറിയ സ്വഭാവം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് കമുക്, കശുവണ്ടി കർഷകരെ. തുടർച്ചയായ മഴ കാരണം അടയ്ക്ക ഉണക്കിയെടുക്കാൻ കഴിയാതെ നശിക്കുകയാണ്. ഒരു മാസം മുൻപു തുടങ്ങിയ വേനൽമഴ ഇടയ്ക്കിടെ പെയ്തുകൊണ്ടിരുന്നതിനാൽ ഭൂരിഭാഗം കർഷകർക്കും അവസാനം പറിച്ചെടുത്ത അടയ്ക്ക പൂർണമായി ഉണക്കാനായിട്ടില്ല. വേനൽമഴ മാറുമെന്ന പ്രതീക്ഷ തകർത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ തകർത്തു പെയ്തത്.

വിലയില്ലാത്തതു കാരണം കശുവണ്ടി പെറുക്കിയെടുക്കാതെ തോട്ടത്തിൽ നശിച്ചപ്പോൾ.
വിലയില്ലാത്തതു കാരണം കശുവണ്ടി പെറുക്കിയെടുക്കാതെ തോട്ടത്തിൽ നശിച്ചപ്പോൾ.

കശുവണ്ടിക്കാകട്ടെ മഴ മരണമണി മുഴക്കുകയും ചെയ്തു. കിലോയ്ക്ക് 100 രൂപയിലേറെ വിലയുണ്ടായിരുന്ന കശുവണ്ടിക്കു വിലയിടിഞ്ഞു. പൊതുവിപണിയിൽ 70 രൂപ വരെയായി കുറഞ്ഞ് ഒരാഴ്ചയായി തീരെ എടുക്കുന്നില്ല. കാലവർഷം നീണ്ടു നിന്നതിനാൽ ആദ്യം പറിച്ചെടുത്ത അടയ്ക്കയും ഉണങ്ങാതെ വലിയ തോതിൽ നശിച്ചിരുന്നു. മഴ കാലം തെറ്റി പെയ്യുമ്പോൾ, കാലാവസ്ഥയെ ആശ്രയിച്ചു നിൽക്കുന്ന ഇത്തരം കൃഷികളും താളം തെറ്റുകയാണ്.

ചീഞ്ഞു നശിച്ചു; രോഗങ്ങളും കൂട്ട്

മഴയുടെ കൊടും ചതിയാണ് ഈ സീസണിൽ കമുക് കർഷകർ നേരിട്ടത്. ആദ്യത്തെ അടയ്ക്ക പറിച്ചെടുക്കുന്ന സമയത്തു കാലവർഷം തിമിർത്തു പെയ്യുകയായിരുന്നു. കുറെ അടയ്ക്ക മുളച്ചു നശിച്ചു. രണ്ടാമത് പറിച്ചെടുത്ത അടയ്ക്ക മാത്രമാണു നന്നായി ഉണങ്ങിയത്. മൂന്നാമത് പറിച്ച അടയ്ക്ക പകുതി ഉണങ്ങുമ്പോഴേക്കും വേനൽമഴയെത്തി. അതിനു ശേഷം വെയിൽ ലഭിച്ചില്ല. നല്ല വെയിലത്ത് 35–40 ദിവസം ഉണങ്ങിയാൽ മാത്രമേ കൊട്ടടയ്ക്ക ആവുകയുള്ളൂ. വേനൽമഴ നേരത്തെ തുടങ്ങിയതിനാൽ മഹാളിയുടെ ഭീഷണിയുമുണ്ട്.

കമുകിനെ രൂക്ഷമായി ബാധിക്കുന്ന അസുഖമാണ് മഹാളി. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ഇതു പടരുക. സാധാരണ ഓഗസ്റ്റ് മാസം അവസാനമാണ് ഇതു പ്രത്യക്ഷപ്പെടുന്നത്. നേരത്തെ എത്തിയാൽ ആക്രമണത്തിന്റെ തീവ്രത കൂടുമെന്ന ആശങ്കയും നിൽക്കുന്നു. മഴ തുടരുമ്പോൾ കീടനാശിനി തളിക്കാനും കഴിയില്ല. കീടങ്ങളുടെ ആക്രമണം വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

കാശില്ലാതെ കശുവണ്ടി

കിലോയ്ക്ക് 105 രൂപ വിലയുണ്ടായിരുന്ന കശുവണ്ടി മഴ വന്നതോടെ എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. വില കുറഞ്ഞ് ഒരാഴ്ച മുൻപ് 70 രൂപയായെങ്കിലും ഇപ്പോൾ അതും ഇല്ല. എടുത്ത കശുവണ്ടി തന്നെ കെട്ടിക്കിടക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. കാലവർഷം നീണ്ടതിനാൽ ഇത്തവണ വൈകിയാണു കശുവണ്ടി വിളവെടുപ്പ് തുടങ്ങിയത്. 30–35 ശതമാനം കശുവണ്ടി തോട്ടങ്ങളിൽ നിൽക്കുന്നുണ്ട്.

ഇത് ഇനി എന്തുചെയ്യുമെന്നതു കർഷകർക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങൾ ലേലത്തിനെടുത്തവർക്കും നഷ്ടം മാത്രമേ പറയാനുള്ളൂ. ഒരു കിലോ കശുവണ്ടി പെറുക്കാൻ കൂലി 15 മുതൽ 20 രൂപ വരെ കൊടുക്കണം. ഇതുകാരണം പല തോട്ടങ്ങളിലും കശുവണ്ടി മുളച്ച് വശിക്കുന്ന കാഴ്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com