നഗരസഭയ്ക്ക് നൽകിയ വാടക തിരികെ വേണമെന്ന് മടിക്കൈ സഹകരണ ബാങ്ക്

kasargod-pic
SHARE

കാഞ്ഞങ്ങാട് ∙ വെള്ളവുമില്ല, വൈദ്യുതിയുമില്ല; കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ മുറികൾക്കായി നൽകിയ വാടക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് മടിക്കൈ സഹകരണ ബാങ്ക് നഗരസഭയ്ക്ക് അപേക്ഷ നൽകി. അപേക്ഷ നാളെ നടക്കുന്ന നഗരസഭ കൗൺസിൽ പരിഗണിക്കും. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ബാങ്ക് ഏറ്റെടുത്ത ഡിജി7, ഡിജി8 എന്നീ മുറികൾക്കു നൽകിയ വാടകയിലാണ് ഇളവ് ചോദിച്ച് ബാങ്ക് അപേക്ഷ സമർപ്പിച്ചത്.

വെള്ളവും വെളിച്ചവും ഇല്ലാത്തതിനാലും ലാബ് നടത്തുന്നതിന് ആവശ്യമായ പ്രാരംഭ പണികൾ ചെയ്യാൻ കഴിയാത്തതിനാലും മുറി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് ബാങ്ക് പറയുന്നത്. 2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെയുള്ള 2,23,972 രൂപയാണു തിരികെ നൽകണമെന്ന് ബാങ്ക് ആവശ്യപ്പെടുന്നത്. മുറിയുടെ പ്രതിമാസ വാടക 13,5588 രൂപയാണ്. വൈദ്യുതി ആവശ്യത്തിനായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്യാൻ ഉണ്ടായ കാലതാമസമാണ് വൈദ്യുതി കണക്‌ഷൻ നൽകാൻ വൈകിയതിനു കാരണമായി നഗരസഭ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ 10,000 രൂപയിൽ കൂടുതൽ ഇളവു നൽകാൻ സർക്കാർ അനുമതി ആവശ്യമാണ്. അനുമതി കിട്ടിയാൽ ഈ തുക ഭാവിയിലെ വാടകയിനത്തിലേക്ക് മാറ്റാനാണു പരിപാടി. അതേ സമയം, നേരത്തെ തന്നെ പണി പൂർത്തിയാകാതെ ബാങ്കിനു വാടകയ്ക്ക് നൽകുന്നതിനെ എതിർത്തിരുന്നുവെന്നും ഇത്തരം വാടക ഇളവുകൾ നൽകാൻ അനുവദിക്കുകയില്ലെന്നും മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് കെ.കെ.ജാഫർ പറഞ്ഞു. 

വരുമാനമില്ലാതെ ബസ് സ്റ്റാൻഡ്

ഉദ്ഘാടനം കഴിഞ്ഞ് 3 വർഷമായിട്ടും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നിന്നു നഗരസഭയ്ക്കു കിട്ടുന്ന വരുമാനം തുച്ഛമാണ്. അതേ സമയം ചെലവ് മാസംതോറും ലക്ഷങ്ങളും‍. ഹഡ്കോയിൽ നിന്നെടുത്ത വായ്പയുടെ പലിശ മാത്രമായി 2 കോടിക്കടുത്തു നഗരസഭ ഇതിനകം അടച്ചു. ഓരോ 3 മാസം കൂടുമ്പോഴും 20 ലക്ഷം രൂപയാണു വായ്പ ഇനത്തിൽ അടക്കേണ്ടത്. ഇതിൽ 7 ലക്ഷം പലിശയും 13 ലക്ഷം മുതലിലേക്കും വരുന്നു. 2013 മുതൽ ഹഡ്കോയിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് തുടങ്ങി. 5 കോടിയാണ് ബസ് സ്റ്റാൻഡ് നിർമാണത്തിനായി ഹഡ്കോയിൽ നിന്നു വായ്പ എടുത്തത്. ഇത്രയേറെ ചെലവിട്ടിട്ടും ബസ് സ്റ്റാൻഡിൽ നിന്നു വരുമാനം നേടാൻ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. 

102 മുറികളാണ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ ഉള്ളത്. മൂന്നു തവണ ലേലം വച്ചിട്ടും കെട്ടിടത്തിലെ കടമുറികൾ ലേലം കൊള്ളാൻ ആരും എത്തിയില്ല. ഡിപ്പോസിറ്റ് തുക കൂടിയതാണ് കടമുറികൾ ആരും ലേലത്തിന് എടുക്കാൻ താൽപര്യം കാണിക്കാത്തതിനു കാരണമായത്. 15 ലക്ഷം രൂപയാണു നഗരസഭയിൽ ഡിപ്പോസിറ്റ് അടയ്ക്കേണ്ടത്. 15,000 രൂപയാണ് മാസ വാടക. ഇതോടെ ബസ് സ്റ്റാൻഡിന്റെ ബൈലോയിൽ ഭേദഗതി വരുത്താൻ നഗരസഭ തീരുമാനിച്ചു. കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പോടെയാണ് ബൈലോ ഭേദഗതി പാസാക്കിയത്.

ബൈലോയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനാണ്. 15 ലക്ഷം എന്നത് 7 ലക്ഷം രൂപയായി കുറയ്ക്കാനാണു നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ബൈലോയിൽ ഭേദഗതി വരുത്താനുള്ള അധികാരം കൗൺസിലിന് നൽകണമെന്ന നിർദേശവും നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നു അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല. 2019 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. 

മേളകൾക്ക് മാത്രമുള്ള ബസ് സ്റ്റാൻഡ്

സർക്കാരിന്റെ പ്രദർശന വിപണനമേളകളും രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളും മാത്രമാണ് ബസ് സ്റ്റാൻഡിൽ നടക്കുന്നത്. ബസ് കയറി ഇറങ്ങുന്നുണ്ടെങ്കിലും ആൾക്കാർ കുറവാണ്. പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രദർശന വിപണന മേള ബസ് സ്റ്റാൻഡിലാണു നടന്നത്. ഈ ദിവസങ്ങളിൽ ബസുകളെ സ്റ്റാൻഡിൽ കയറ്റുന്നതു തടയുകയും ചെയ്തു. മേളയുടെ പ്രചാരണാർഥം ബസ് സ്റ്റാൻഡ് ഗംഭീരമായി ശുചീകരിക്കുകയും ചെയ്തു. മേള കഴിഞ്ഞപ്പോൾ ബസ് സ്റ്റാൻഡ് പരിസരം മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. മേള നടത്തിയവർ ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കാതെ പൊടിയും തട്ടി പോയെന്നാണ് നഗരസഭയുടെ പരാതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA