പവർ വരട്ടെ; കാസർകോട്–വയനാട് 400 കെവി ഹരിത പവർ ഹൈവേ നാഴികക്കല്ലായി മാറുമെന്ന് മന്ത്രി

കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ നടന്ന കാസർകോട്– വയനാട് ഹരിതപവർ ഹൈവേ നിർമാണോദ്ഘാടന ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ ശിലാഫലകം അനാവരണം ചെയ്യുന്നു.  കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ നടന്ന കാസർകോട്– വയനാട് ഹരിതപവർ ഹൈവേ നിർമാണോദ്ഘാടന ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ ശിലാഫലകം അനാവരണം ചെയ്യുന്നു.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ നടന്ന കാസർകോട്– വയനാട് ഹരിതപവർ ഹൈവേ നിർമാണോദ്ഘാടന ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ ശിലാഫലകം അനാവരണം ചെയ്യുന്നു.
SHARE

കരിന്തളം ∙ കാസർകോട്–വയനാട് 400 കെവി ഹരിത പവർ ഹൈവേ സംസ്ഥാനത്തിന്റെ പ്രസരണ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. പദ്ധതിയുടെ നിർമാണ പ്രവൃത്തി മന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാർഥ്യമായാൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ട്രാൻസ് ഗ്രിഡ് ചീഫ് എൻജിനീയർ എസ്.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ചന്ദ്രൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം ടി.എസ്.ബിന്ദു, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം എം.ഉമേശൻ വേളൂർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.കെ.രാജൻ, കെ.മുഹമ്മദ് കുഞ്ഞി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി.രാജു, എം.ഹമീദ് ഹാജി, പി.ടി.നന്ദകുമാർ, ഷോബി ഫിലിപ്പ്, കെഎസ്ഇബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ്, നോർത്ത് ട്രാൻസ്ഗ്രിഡ് ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.മധു എന്നിവർ പ്രസംഗിച്ചു.

കെഎസ്ഇബി പൊതുമേഖലയിൽ തുടരണം

കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത പ്രതിസന്ധിക്കിടയിലും 1467 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്ഥാപനം പൊതുമേഖലയിൽ തുടരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊർജമാണ്. ഊർജം യഥാസമയത്ത് കിട്ടിയാൽ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും അവ തടസ്സമില്ലാതെ എത്തിക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വോൾട്ടേജ് പോയാൽ ഇടപെടൽ ഉറപ്പ്

നീലേശ്വരം ∙ ജില്ലയിലെവിടെയെങ്കിലും രൂക്ഷമായ വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതായി ശ്രദ്ധയിൽ പെടുത്തിയാൽ വേണ്ട ഇടപെടൽ നടത്തി പരിഹരിക്കാമെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഉറപ്പ്. കാസർകോട് - വയനാട് ഹരിത പവർഹൈവേ നിർമാണോദ്ഘാടനം നിർവഹിക്കവെയാണ് ഈ ഉറപ്പു നൽകിയത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇ.ചന്ദ്രശേഖരൻ എംഎൽഎ ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം സംബന്ധിച്ചു നിവേദനം കിട്ടിയ കാര്യം പ്രസംഗത്തിൽ സൂചിപ്പിച്ചതിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തുടർന്നു പ്രസംഗിച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി പഞ്ചായത്തിലെ ചില പ്രദേശങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമവും ആവർത്തിക്കുന്ന വൈദ്യുതി മുടക്കവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഉഡുപ്പി- കരിന്തളം, കരിന്തളം- വയനാട് ലൈൻ കടന്നു പോകുന്ന വഴിയിൽ കാർഷിക വിളകൾ നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ ശാശ്വത പരിഹാരം വേണമെന്നും അഭ്യർഥിച്ചു.

നേട്ടങ്ങൾ

∙വടക്കൻ ജില്ലകളിലെ വോൾട്ടേജ്, വൈദ്യുതി ക്ഷാമം പരിഹരിക്കുക
∙വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുക
∙പ്രസരണ നഷ്ടം കുറച്ച് സമയബന്ധിതമായി ലോഡ് സെന്ററിൽ എത്തിക്കുക
∙കാസർകോട്, കണ്ണൂർ ജില്ലകളും വടകര മേഖലയും അരീക്കോട് ലൈനിനെ മാത്രം ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കുക

പ്രത്യേകതകൾ

∙പദ്ധതിയുടെ നീളം : 125 കിലോമീറ്റർ(കരിന്തളം – പയ്യമ്പള്ളി)
∙ടവറുകൾ : 380 എണ്ണം (400 കെവി ശേഷി)
∙വയനാട്ടിലെ ട്രാൻസ്ഫോമർ : 200 എംവിഎ ശേഷി
∙കടന്നു പോകുന്നത് : കരിന്തളം –ആലക്കോട് – ശ്രീകണ്ഠപുരം – ഇരിട്ടി – നെടുംപൊയിൽ – പയ്യമ്പള്ളി
∙നിർമാണ കാലാവധി : 36 മാസം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA