ADVERTISEMENT

കാസർകോട് ∙ പ്രളയാനന്തരം നദികളിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യുന്ന സർക്കാർ പദ്ധതിയിൽ ജില്ലയിലെ 9 പുഴകളിൽ നിന്ന് 3,10,729 ക്യുബിക് മീറ്റർ എക്കലും ചെളിയും ജലസേചന വകുപ്പ് നീക്കം ചെയ്തു. ഈ പുഴകളിൽ ആകെ 8,74,090.5 ക്യുബിക് മീറ്റർ എക്കലും ചെളിയും  അടിഞ്ഞു കൂടിയിട്ടുണ്ടെന്ന കണക്കാണ് അധികൃതർ നൽകിയത്. മഞ്ചേശ്വരം, ഉപ്പള, ഷിറിയ, മൊഗ്രാൽ, ചന്ദ്രഗിരി, ചിത്താരി, നീലേശ്വരം, കാര്യങ്കോട്, കവ്വായി പുഴകളിൽ നിന്നു കഴിഞ്ഞ ഞായറാഴ്ച വരെ നീക്കം ചെയ്തതാണ് 3 ലക്ഷത്തിലേറെ ക്യുബിക് മീറ്റർ മണൽ. ഇത് ലേലം ചെയ്യും. 

മഞ്ചേശ്വരം പുഴയിൽ നിന്നു ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ചെളിയും എക്കലും നീക്കം ചെയ്യുന്നു
മഞ്ചേശ്വരം പുഴയിൽ നിന്നു ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ചെളിയും എക്കലും നീക്കം ചെയ്യുന്നു

ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ എന്നിവിടങ്ങളിൽ അധികൃതർ അടി‍ഞ്ഞുകൂടിയതായി കണക്കാക്കിയിട്ടുള്ള അത്രയും മണൽ നീക്കം ചെയ്തു. നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനു 536.27 കോടി രൂപ കേന്ദ്രസർക്കാരിന്റെ എസ്ഡിആർഎഫ് ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിനു അനുവദിച്ചിരുന്നു. ഈ തുക ഉപയോഗപ്പെടുത്തിയാണ് ചെളി, എക്കൽ നീക്കം.  എക്കലും ചെളിയും നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്തുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കണമെന്നും നീക്കം ചെയ്യപ്പെട്ട സാമഗ്രികളിന്മേലുള്ള തുടർ നടപടികളുടെ ഉത്തരവാദിത്തം അതത് തദ്ദേശസ്ഥാപനങ്ങൾക്ക് ആണെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

കണക്കില്ലാതെ മണലെടുപ്പ്

പല പുഴകളിൽ നിന്നും അനധികൃതമായ മണലെടുപ്പ് നി‍ർബാധം തുടരുന്നുണ്ടെന്ന പരാതികൾ പരക്കെയുണ്ട്. പുഴ സംരക്ഷണത്തിനും പ്രദേശത്തെ പരിസ്ഥിതിക്കും ഇത് കടുത്ത ആഘാതം ഉണ്ടാക്കുമെന്ന ആരോപണത്തിനും കുറവില്ല.  ഇതു നില നിൽക്കുമ്പോൾ ആണ് സർക്കാർ തന്നെ പ്രളയത്തെ പ്രതിരോധിക്കുന്നതിനു പുഴകളിൽ നീരൊഴുക്ക് സുഗമമാക്കാൻ ചെളിയും എക്കലും നീക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നത്. യന്ത്രം ഉപയോഗിച്ചു പുഴയിലെ പൂഴിക്കല്ല് വരെ നീക്കം ചെയ്യുന്നുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.

സമീപ കാലങ്ങളിൽ  കാസർകോട് ജില്ലയിൽ മലയോര പ്രദേശങ്ങൾ, നീലേശ്വരം,കാഞ്ഞങ്ങാട് നഗരസഭകൾ, ചെറുവത്തൂർ, പടന്ന ,തൃക്കരിപ്പുർ പഞ്ചായത്തുകളിലെ ഏതാനും ഭാഗങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ആൾ നാശം ഉൾപ്പെടെ പ്രളയ സമാനമായ പ്രകൃതി ക്ഷോഭം പുഴകളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. അവിടവിടെയായി കടലേറ്റം ഉണ്ടായിട്ടുണ്ട്. വേനൽക്കാലങ്ങളി‍ൽ വറ്റി വരണ്ട പുഴയാണ് പോയ കാലങ്ങളിലെ അനുഭവം. ജില്ലയിലെ എല്ലാ പുഴകളും കടലിലേക്കു ചെന്നു ചേരുന്ന ഭാഗത്ത് അഴിമുഖം ഉള്ളതിനാൽ പുഴ നിറ‍ഞ്ഞു ഒഴുകുന്ന വെള്ളം അഴി മുറിച്ചും അല്ലാതെയും ഒഴുക്കി വിടാൻ കഴിയുമെന്നാണ് കടലോരവാസികൾ പറയുന്നത്.  തൊഴിലുറപ്പ് പദ്ധതി മുഖേനയല്ലാതെ നീക്കം ചെയ്യുന്ന സാമഗ്രികൾ  കലക്ടർ ലേലം ചെയ്തു തുക സർക്കാരിനു നൽകുമെന്നാണ് ഉത്തരവ്. 

മണൽ നീക്കം ഇങ്ങനെ

പുഴ, നീക്കിയത്, ‍ആകെ നീക്കേണ്ടത്(ക്യുബിക് മീറ്ററിൽ)

∙ മഞ്ചേശ്വരം : 46,056( 63941.5) 

∙ ഉപ്പള : 43,396 ( 119340), 

∙ ഷിറിയ :  86,469 (373984), 

∙ മൊഗ്രാൽ : 51,595 (116044),

∙ ചന്ദ്രഗിരി : 2295 (2295), 

∙ ചിത്താരി : 9536 (9536), 

∙ നീലേശ്വരം : 21,490 (35790), 

∙ കാര്യങ്കോട് : 45,320 ( 150045), 

∙ കവ്വായി : 4572 (3115)  

വീണ്ടും കാലവർഷം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയോ യന്ത്ര സാമഗ്രികളോ ഉപയോഗിച്ചു നീക്കം ചെയ്യാനാണ് സർക്കാർ നിർദേശം. സ്വകാര്യ ഉടമകളുടെ മണ്ണുമാന്തി യന്ത്രം വാടകയ്ക്ക് എടുത്തു ഉപയോഗപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്. ടെൻഡർ നടപടികൾ ഒഴിവാക്കിയാണ് മണൽ നീക്കം. കാലവർഷമെത്തും മു‍ൻപ് മുഴുവൻ ചെളിയും എക്കലും നീക്കാനാണ് നിർദേശം. എന്നാൽ ജില്ലയിൽ 60 ശതമാനത്തോളം ഇനിയും നീക്കം ചെയ്യാനുണ്ട്. 

നിരക്ക് തീരുമാനമായില്ല

പുഴയിൽ നിന്നു നീക്കം ചെയ്യുന്ന  എക്കൽ വിൽപന ചെയ്യുന്നതിനുള്ള നിരക്ക് ഇതു വരെ തിട്ടപ്പെടുത്തിയിട്ടില്ല. വില തിട്ടപ്പെടുത്തിയ ഉത്തരവ് വരാൻ കാത്തിരിക്കുകയാണ് ലേലം ചെയ്യാനുള്ള നടപടികൾക്ക്. പെർമിറ്റ് അനുസരിച്ച് മണലിനു സർക്കാർ 1500 രൂപയോളമാണ് ഒരു ടണ്ണിനു എടുത്തിരുന്നത്. അനധികൃത മണലെടുപ്പ് സംഘങ്ങൾ 1000 രൂപ മുതൽ 2000 രൂപ വരെ വില ആണ് ഈടാക്കുന്നത്.തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരാണ് മണൽ സൂക്ഷിക്കുന്നത്. ഇതിന്റെ സൂക്ഷിപ്പ് പ്രധാന പ്രശ്നമായി തുടരുന്നുണ്ട്. കൂട്ടിയിട്ട മണൽ കളവു പോകുന്നതു പതിവാണ്. അനധികൃത മണലെടുപ്പും മണലെടുപ്പു സംഘങ്ങൾ തമ്മിലുള്ള തർക്കവും പതിവാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com