ADVERTISEMENT

കാസർകോട് ∙ ദേശീയപാത വികസന ജോലികൾക്കു വേണ്ടി ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണവും ഇടയ്ക്കിടെ ഉണ്ടാകുന്ന ഗതാഗത തടസ്സവും കാരണം 5 മിനിറ്റ് യാത്രാ ദൂരം പിന്നിടാൻ അര മണിക്കൂറിലേറെ സമയമെടുക്കുന്ന അവസ്ഥയാണ്. ടൗണിലെ ഗതാഗതക്കുരുക്ക് ബസുകളുടെ സമയത്തെയാണു കൂടുതൽ ബാധിക്കുന്നത്. പുതുക്കിയ ക്രമീകരണം കാരണം ബസുകൾക്കു കൂടുതൽ ദൂരം ഓടേണ്ടി വരുന്നു. കെഎസ്ആർടിസി ബസുകൾക്ക് കൂടുതൽ ദൂരം ഓടേണ്ടി വരുന്ന സ്ഥിതി ചിലപ്പോൾ ട്രിപ്പ് വരെ കട്ട് ആകുന്ന നിലയിലാണ്.

കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന ബസുകൾ കറന്തക്കാട് ദേശീയപാത ജംക്‌ഷനിൽ നേരിട്ടു പ്രവേശിക്കാതെ കുറച്ചു കൂടി മുന്നോട്ടു പോയി ഫയർസ്റ്റേഷൻ ഓഫിസ് മുന്നിലൂടെയുള്ള റോഡിലേക്ക് കടന്നു വേണം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എത്താൻ. ഇതിനിടയിൽ വൻ ചരക്കു ലോറികൾ, ടാങ്കറുകൾ കൂടി മുന്നിൽ ഉണ്ടെങ്കിൽ ലക്ഷ്യത്തിലെത്താൻ ഏറെ നേരം വേണം. ഇങ്ങനെ വരുന്ന മംഗളൂരു ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ പുതിയ ബസ് സ്റ്റാൻഡിലെത്തി വേണം തിരികെ കറന്തക്കാട് വഴി കടന്നു പോകാൻ.

മംഗളൂരു, ചെർക്കള ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകളും പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് വഴി കെഎസ്ആർടിസി ഡിപ്പോയിലെത്തി വേണം കറന്തക്കാട് വഴി അതത് ബസുകളുടെ ലക്ഷ്യത്തിലെത്താൻ. മംഗളൂരു–കാസർകോട് സർവീസ് കെഎസ്ആർടിസി ബസ് റണ്ണിങ് സമയം 1.35 മണിക്കൂർ ആണ്. എന്നാൽ കറന്തക്കാടും എംജി റോഡിൽ ചന്ദ്രഗിരി പാലം റോഡ് ജംക്‌ഷനിലും കരുക്കിൽപ്പെട്ട് അര മണിക്കൂർ കൂടി വൈകുന്നുവെന്നാണ് ജീവനക്കാരുടെ പരിഭവം. കാസർകോട് – മംഗളൂരു 4 റൗണ്ട് ട്രിപ്പ് 424 കിലോമീറ്റർ ദൂരം ഓടിയെത്തണം. വിവിധ സ്റ്റോപ്പുകളിലും അല്ലാതെയുമായി അപ്രതീക്ഷിതമായി വൈകുന്നതിനാൽ കൃത്യത പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്. 

സമയമില്ല; വലഞ്ഞ് ജീവനക്കാർ

പലപ്പോഴും ജീവനക്കാർക്കു ഭക്ഷണം പോലും കഴിക്കാൻ സമയം ഇല്ല. ഷെഡ്യൂൾ പ്രകാരമുള്ള സമയ നിഷ്ട പാലിക്കാൻ പ്രയാസമാണ്. ഇതു പരിഹരിക്കാൻ മംഗളൂരു ഭാഗത്തു നിന്നുള്ള ബസുകൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലേക്കു പോകാതെ കറന്തക്കാട് വഴി നേരിട്ട് കെഎസ്ആർടിസി ഡിപ്പോയിലേക്കും തിരിച്ചു മംഗളൂരു ഭാഗത്തേക്ക് ഡിപ്പോ പരിസരത്തെ കെപിആർ റാവു റോഡ്, എംജി റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ചു കടന്നു പോകുന്നതിനു സൗകര്യം ഒരുക്കണമെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. പൊലീസ് ഇത് അനുവദിക്കുന്നില്ല. 

കറന്തക്കാട് നിന്നു നേരിട്ടു കെഎസ്ആർടിസി ഡിപ്പോയിൽ എത്തുന്നതിന് അനുവദിച്ചാൽ യാത്രക്കാർക്ക് ഇതു ദുരിതമാകും.പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ ഇറങ്ങാനുള്ള യാത്രക്കാർ ഓട്ടോറിക്ഷയോ ഇതര വാഹനങ്ങളോ പിടിച്ചു യാത്ര ചെയ്യണം. ഇതിനുള്ള സാമ്പത്തിക നഷ്ടം കൂടി വഹിക്കണം യാത്രക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ ദുഷ്കരം ആകും യാത്ര. കറന്തക്കാട്– പുതിയ ബസ് സ്റ്റാ‍ൻഡ്, പുതിയ ബസ് സ്റ്റാ‍ൻഡ് ജംക്‌ഷൻ – എംജി റോഡ് ആണു കുരുക്കു ഗതാഗതം. ഇതു പരിഹരിച്ചു ഏറ്റവും ഉചിതമായ സംവിധാനം ഏ‍ർപ്പെടുത്താൻ പൊലീസിനും കഴിയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com