നാട്ടുകാരും പൊലീസും ചേർന്ന് കാടടച്ച് തിരയുമ്പോൾ അശോകൻ കൊച്ചിയിൽ; തിരിച്ചറിഞ്ഞു ഹീറോകളായി യുവാക്കൾ...

അശോകനെ കൊച്ചിയിൽ വച്ച് തിരിച്ചറിഞ്ഞ യുവാക്കൾ
അശോകനെ കൊച്ചിയിൽ വച്ച് തിരിച്ചറിഞ്ഞ യുവാക്കൾ
SHARE

കാഞ്ഞങ്ങാട് ∙ നാടിനെ വിറപ്പിച്ച മോഷ്ടാവ് കറുകവളപ്പിൽ അശോകൻ നാട്ടുകാരെയും പൊലീസിനെയും കബളിപ്പിച്ച് കാടു കയറാതെയാണ് നാടു വിട്ട് കൊച്ചിയിൽ എത്തിയതെന്ന് പൊലീസ്. അശോകന് വേണ്ടി നൂറു കണക്കിന് നാട്ടുകാരും പൊലീസും ചേർന്ന് കാടടച്ച് തിരയുമ്പോൾ അശോകൻ ബസിൽ നാടു വിടുകയായിരുന്നു. മാർച്ച് 9ന് കാഞ്ഞിരപ്പൊയിലിലെ അനിൽകുമാറിന്റെ ഭാര്യ ബിജിതയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് മാലയും മോതിരവും ഊരിയെടുത്ത ശേഷം അശോകൻ കാടു കയറിയെന്നാണ് നാട്ടുകാരും പൊലീസും വിശ്വസിച്ചത്. മുൻപ് മോഷണം നടത്തിയ ശേഷം അശോകൻ കാടു കയറിയതിനാൽ ഇത്തവണയും അങ്ങനെ തന്നെയെന്ന് നാട്ടുകാർ വിശ്വസിച്ചു. നാടുവിട്ടവഴി

എല്ലാവരെയും കബളിപ്പിച്ച് നടന്നു കാലിച്ചാനടുക്കം എത്തി. ഇവിടെ നിന്നു ബസ് കയറി 12.30ന് നീലേശ്വരം ബസ് സ്റ്റാൻഡിലെത്തി. ഇവിടെ നിന്നു ബസിൽ കണ്ണൂരിലേക്ക് പോകുകയായിരുന്നു. വൈകിട്ട് 3ന് കണ്ണൂരിലെത്തിയ അശോകൻ ഇവിടെ നിന്നു രാത്രിയിൽ തൃശൂരിലേക്ക് ബസ് കയറി. തൃശൂരിലെത്തിയ അശോകൻ ഇവിടെ 15 ദിവസത്തോളം തങ്ങി. ഇതിനിടയിൽ സ്വർണമാല വിറ്റുവെന്നാണ് അശോകൻ പൊലീസിനോട് പറ‍ഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

തൃശൂരിൽ നിന്നു കോയമ്പത്തൂരിലേക്കാണ് അശോകൻ പോയത്. ഇവിടെയും ദിവസങ്ങൾ തങ്ങിയ ശേഷമാണ് 20 ദിവസം മുൻപാണ് കൊച്ചിയിൽ എത്തിയത്. ഇവിടെ പ്രാദേശികമായി അശോകൻ ബന്ധമുണ്ടാക്കി. ഇയാളോടൊപ്പമാണ് മൊബൈൽ വിൽക്കാനായി അശോകൻ കടയിൽ എത്തിയത്. അപ്പോഴാണ് മടിക്കൈ കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിനോദയാത്ര പോയ യുവാക്കൾ അശോകനെ കണ്ടതും കാഞ്ഞങ്ങാട് പൊലീസിനെ വിവരമറിയിക്കുന്നതും. പൊലീസ് ഉടൻ തന്നെ കൊച്ചി പൊലീസിലെ ബന്ധപ്പെടുകയും വിവരം കൈമാറുകയുമായിരുന്നു. മഫ്തിയിൽ എത്തിയ പൊലീസ് അതിവിദഗ്ധമായി അശോകനെ പിടികൂടി. 

ഇന്ന് കസ്റ്റഡിയിൽവാങ്ങും

പൊലീസ് കസ്റ്റഡിയിൽ എടുത്ത അശോകനെ എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ എത്തി അറസ്റ്റ് ചെയ്ത് ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് എത്തിച്ചു. പിന്നീട് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ അശോകനെ റിമാൻഡ് ചെയ്തു. അശോകനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണൻ പറഞ്ഞു.

കാഞ്ഞങ്ങാട് അമ്പലത്തറ സ്റ്റേഷനുകളിലാണ് അശോകനെതിരെ കേസ്. ബിജിതയെ തലയ്ക്കടിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹൊസ്ദുർഗ് പൊലീസും പ്രഭാകരൻ കറുകവളപ്പിന്റെ വീട്ടിൽ നിന്നു 2.75 പവൻ സ്വർണം, 2 മൊബൈൽ ഫോൺ, 1500 രൂപ എന്നിവ മോഷ്ടിച്ച കേസും മാധവിയുടെ വീട് കുത്തിപ്പൊളിച്ച് 30000 രൂപ കവർന്ന കേസും അമ്പലത്തറ പൊലീസാണ് അന്വേഷിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ മജ്ഞുനാഥിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന അശോകനുമായി പൊലീസ് അശോകൻ പോയെന്ന പറയുന്ന ഇടത്തെല്ലാം തെളിവെടുപ്പിന് കൊണ്ടു പോകും. 

ഹീറോകളായി ഈ യുവാക്കൾ

കാഞ്ഞങ്ങാട് ∙ നാടിനെ വിറപ്പിച്ച കള്ളൻ അശോകനെ കുടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിൽ നിന്നു വിനോദയാത്ര പോയ യുവാക്കൾ. ഇവരുടെ കൃത്യമായ ഇടപെടലാണ് അശോകനെ പൂട്ടാൻ പൊലീസിനെ സഹായിച്ചത്. 9 പേരടങ്ങുന്ന സംഘം തിരുവനന്തപുരത്തേക്കാണ് വിനോദയാത്ര പോയത്. തിരിച്ച് കൊച്ചി മറൈൻ ഡ്രൈവിലെത്തിയപ്പോഴാണ് അശോകനെ കണ്ടതും പൊലീസിന് വിവരം കൈമാറിയതും. 

സംഭവത്തെ കുറിച്ച് സംഘത്തിലുണ്ടായിരുന്ന കാഞ്ഞിരപ്പൊയിലിലെ എൻ.റോഷിത് പറയുന്നു. തിരുവനന്തപുരത്ത് പോയി തിരിച്ച് കൊച്ചിയിൽ എത്തിയതായിരുന്നു ഞങ്ങൾ. മറൈൻ ഡ്രൈവിൽ നിൽക്കുമ്പോഴാണ് അശോകനെ പോലെയുള്ള ഒരാൾ മറ്റൊരാൾക്കും നടന്നു പോകുന്നത് കണ്ടത്. ഈ സമയം അശോകൻ മാസ്ക് ധരിച്ചിരുന്നു. അതിനാൽ ആളെ ക‍ൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. പല സംഘങ്ങളായിട്ടാണ് ഞങ്ങൾ അപ്പോൾ ഉണ്ടായിരുന്നത്. അശോകനാണോയെന്ന് സംശയം തോന്നിയതോടെ മറ്റുള്ളവരെയും വിവരം അറിയിച്ചു. 

അശോകനെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നവരും സംഘത്തിലുണ്ടായിരുന്നു. അശോകനാകാമെന്ന സംശയം തോന്നിയതോടെ ഞങ്ങൾ അവരെ പിന്തുടർന്നു. ഇവിടെ നിന്നു ഇവർ നേരെ ഹോട്ടലിലേക്കാണ് പോയത്. ഈ സമയം അശോകൻ മാസ്ക് താഴ്ത്തിയിരുന്നു. ഹോട്ടലിൽ നിന്നു അശോകനും കൂട്ടാളികളും മൊബൈൽ കടയിലേക്ക് പോയി. ഈ സമയത്താണ് ഫോട്ടോ എടുത്തത്. ഇത് അപ്പോൾ തന്നെ നാട്ടിലേക്കും കാഞ്ഞങ്ങാട് പൊലീസിനും അയച്ചു കൊടുത്തു. ഈ സമയം ഫോൺ വിറ്റ ശേഷം അശോകനും കൂട്ടാളിയും ഇവിടെ നിന്നു നടന്ന് ബോട്ട് ജെട്ടിക്ക് സമീപത്തെത്തി. ഈ സമയത്തെല്ലാം ഇവരെ ഞങ്ങൾ പിന്തുടരുന്നുണ്ടായിരുന്നു. 

തൊട്ടു പിറകെ അശോകനാണെന്ന് പൊലീസും നാട്ടുകാരും തിരിച്ചറിഞ്ഞ് ഇവരെ അറിയിച്ചിരുന്നു. ഹൊസ്ദുർഗ് പൊലീസ് ഉടൻ തന്നെ കൊച്ചി സിറ്റി പൊലീസുമായി ബന്ധപ്പെട്ട് വിവരം കൈമാറി. വിവരമറിഞ്ഞ പൊലീസ് സംഘം മഫ്തിയിൽ എത്തി. ഞങ്ങളുമായി ആശയ വിനിമയം നടത്തി. മൊബൈൽ കടയിൽ ഇരുവരും കയറിയത് ഇവർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി. മൊബൈൽ കടയുടമ ഈ സമയം അശോകന്റെ കൂടെയുണ്ടായിരുന്ന ആളിന്റെ ഫോൺ നമ്പർ വാങ്ങിയിരുന്നു. സാധനം മറന്നു വച്ചെന്ന വ്യാജേന ഇവരെ കടയുടമ വിളിച്ച് വരുത്തി. മറ്റൊരു വഴിയിലൂടെയാണ് അശോകനും കൂട്ടാളിയും കടയിലെത്തിയത്. അശോകൻ കടയിലേക്ക് കയറാതെ പുറത്തു നിന്നു. ഈ സമയം മഫ്തിയിലെത്തിയ പൊലീസ് അശോകനെ പിടികൂടുകയായിരുന്നു. ജിതിൻ, രഞ്ജിത്ത്, ശശി, അഭിജിത്ത്, ജയപ്രകാശ്, നിതിൻ, അശ്വിൻ, ആനന്ദ്, വൈഷ്ണവ് എന്നിവരാണ് കൂടെയുണ്ടായിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA