കെഎസ്ആർടിസി ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാൻ ഉത്തരവ്

SHARE

കാസർകോട് ∙ കെഎസ്ആർടിസി ജില്ലാ ഓഫിസ് കാസർകോട് നിന്നു കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്ക് മാറ്റാൻ ഉത്തരവ് ഇറങ്ങി. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നില കമേഴ്സ്യൽ കോംപ്ലക്സ് കം ഡിപ്പോ ഉള്ള കാസർകോട് നിന്നാണ് ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്      ചെമ്മട്ടംവയലിലെ സബ് ഡിപ്പോ കെട്ടിടത്തിലേക്ക് മാറ്റുന്നത്. അന്തർ സംസ്ഥാന സർവീസ് ഓടിക്കുന്ന ഏറ്റവും കൂടുതൽ ബസ് സർവീസുകൾ ഉള്ള ഡിപ്പോയാണ് കാസർകോട്. പുതിയ തീരുമാനത്തോടെ  കാസർകോട് ഡിപ്പോയിൽ കാഷ് കൗണ്ടറും സർവീസ് ഓപ്പറേറ്റിങ് സെന്ററും മാത്രമായി ഓഫിസ് പ്രവർത്തനം ചുരുങ്ങും.

യാത്രാ സൗകര്യം  കുറവ്

വിദ്യാർഥികളുടെ കൺസഷൻ കാർഡ് അപേക്ഷ നൽകൽ, കാർഡ് സ്വീകരിക്കൽ, ജീവനക്കാരുടെ ഓഫിസ് സംബന്ധമായ കാര്യങ്ങൾക്കെല്ലാം ചെമ്മട്ടംവയൽ സബ് ഡിപ്പോയിൽ എത്തണം. പോക്കുവരവിനു ആവശ്യമായ ബസ് സൗകര്യം ഇല്ലാത്തത് ഇതിനു കടുത്ത ദുരിതമാകും. ജീവനക്കാർക്ക് ഡ്യൂട്ടിക്കിടയിൽ ഓഫിസ് കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും നഷ്ടമാകും. കാസർകോട് ഭാഗത്തു നിന്നു നേരിട്ട് ചെമ്മട്ടംവയൽ ഡിപ്പോയിലേക്ക് ബസ് സർവീസ് ഇല്ല. മാവുങ്കാലിലും കാഞ്ഞങ്ങാടും ബസ് ഇറങ്ങിയാൽ ഉടൻ പോയി മടങ്ങണമെങ്കിൽ ഓട്ടോറിക്ഷ ആണ് ആശ്രയം. 

‘വികസന വിരുദ്ധം’

കെഎസ്ആർടിസി ജില്ലാ ഓഫിസ് കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്കു മാറ്റാനുള്ള ഉത്തരവ് തൊഴിലാളികൾക്കും അംഗ പരിമിതർ ഉൾപ്പെടെയുള്ളവർക്കു യാത്രാ പാസ് നേടുന്നതിനും കെഎസ്ആർടിസി വികസനത്തിനും വിരുദ്ധമാണെന്നു കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി.ഗോപാലകൃഷ്ണ കുറുപ്പ് ആരോപിച്ചു.

കെട്ടിടം വാണിജ്യ ആവശ്യത്തിന് കൊടുത്ത് വരുമാനം ലക്ഷ്യം

കാസർകോട് കെഎസ്ആർടിസി കോംപ്ലക്സിൽ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി 66 കട മുറികൾ ഉണ്ട്. ഒന്നാം നിലയിൽ  16,000 ച.അടി വിസ്തീർണമുള്ള 4 ഹാൾ ഒഴിഞ്ഞു കിടക്കുന്നു. രണ്ടാം നിലയിലാണ് ജില്ലാ ഓഫിസ്, ട്രെയിനിങ് റൂം,വിശ്രമമുറി ഉൾപ്പെടെയുള്ളത്. ഇതെല്ലാം വാണിജ്യ ആവശ്യത്തിനു കൊടുത്തു വരുമാനം വർധിപ്പിക്കുകയെന്നതാണ് ജില്ലാ ഓഫിസ് കാഞ്ഞങ്ങാടേക്ക് മാറ്റുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അഗ്നി സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നഗരസഭ കെട്ടിട നമ്പർ ഉൾപ്പെടെ നൽകാത്തത് വാണിജ്യ ആവശ്യത്തിനു ഇത് അനുവദിക്കുന്നതിനു ത‍ടസ്സമായേക്കാം.

അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനു ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ഒന്നര കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മറ്റു ജില്ലകളിൽ ജില്ലാ ഓഫിസ് ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ കാസർകോട് മാത്രം എന്തിനു ഈ മാറ്റം എന്നാണ് ജീവനക്കാ‍ർ ചോദിക്കുന്നത്. ചെമ്മട്ടംവയൽ കെഎസ്ആർടിസി സബ് ഡിപ്പോയും ഓഫിസും നഗരസഭ ലീസിനു നൽകിയ സ്ഥലത്ത് പണിതതാണ്. കെഎസ്ആർടിസിയുടെ സ്വന്തം സ്ഥലത്ത് പണിതതാണ് കാസർകോട് കെഎസ്ആർടിസി കോംപ്ലക്സ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA