ADVERTISEMENT

കാസർകോട് ∙ വിദ്യാർഥികളെ പ്രവേശിപ്പിച്ച് പ്രവർത്തനം തുടങ്ങാത്ത ബെള്ളൂരിലെ ബഡ്സ് സ്കൂളിൽ വർഷങ്ങളായി ജീവനക്കാർക്കു ശമ്പളം നൽകുന്നതിനെതിരെ കലക്ടർ. ബഡ്സ്–എംസിആർസി സ്കൂളുകളുടെ അവലോകന യോഗത്തിലാണ് കലക്ടർ‍  ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അതൃപ്തി പ്രകടിപ്പിച്ചത്. വെറുതെ ശമ്പളം കൊടുക്കുന്ന സ്ഥാപനം അടച്ചു പൂട്ടാനും സാമഗ്രികൾ കണ്ടുകെട്ടാനും കലക്ടർ ശക്തമായി നിലപാടെടുത്തു.

ശമ്പളം നൽകുന്നതു സംബന്ധിച്ച് ഇന്നലെ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവാദിത്തമേൽക്കാം എന്നുറപ്പ് നൽകിയതോടെയാണ് കലക്ടർ നിലപാട് മാറ്റാൻ തയാറായത്. നിലവിലെ പ്രശ്നങ്ങൾക്കെതിരെ യോഗത്തിൽ കലക്ടർ ക്ഷുഭിതയായെന്നാണു സൂചന. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ 15 ദിവസമാണു കലക്ടർ സമയം അനുവദിച്ചത്.

15 ദിവസത്തിനകം തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാമൂഹിക സുരക്ഷാ മിഷൻ നിയോഗിച്ച ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നത് അവസാനിപ്പിക്കാൻ വേണ്ട നടപടികളെടുക്കാനും തീരുമാനമായി. ഇവർ മറ്റു ജോലികൾ  ചെയ്യുന്നുണ്ടെന്ന വിശദീകരണത്തിൽ അധികൃതർ തൃപ്തരായില്ല. രണ്ടാഴ്ചയ്ക്കകം ബഡ്സ് സ്കൂൾ പ്രവർത്തനം തുടങ്ങാൻ പരിശ്രമിക്കുമെന്ന് ബെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധര പറഞ്ഞു.

എന്നാൽ കുട്ടികളെ പ്രവേശിപ്പിക്കണമെങ്കിൽ ആയമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. അംഗീകാരം ലഭിക്കാത്ത ബഡ്സ് സ്കൂളുകളുടെ കാര്യവും ചർച്ചയിൽ വന്നു. ഇതിനു മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. കാസർകോട് വികസന പാക്കേജിന്റെ ഭാഗമായി 2 ബഡ്സ് സ്കൂൾ കെട്ടിടങ്ങൾ വരുന്നുണ്ട്.

എൻമകജെയിലെ കെട്ടിടം പൂർത്തിയായി. നീലേശ്വരത്ത് ടെൻഡർ നടപടികൾ കഴിഞ്ഞു. എല്ലാ ബഡ്സ് സ്കൂളുകളുടെയും നിലവാരം മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും. കെട്ടിടമുണ്ടായിട്ടും പ്രവർത്തനം ആരംഭിക്കാത്തതിനു കാരണം ബഡ്സ് സ്കൂൾ രൂപീകരിക്കാത്തതാണ്. ഈ പഞ്ചായത്തുകൾക്കായി പ്രത്യേക യോഗം വിളിക്കും. ബദിയടുക്കയിലും പനത്തടിയിലും ഈ പ്രശ്നമുണ്ട്. 

സഹകരിച്ചില്ലെങ്കിൽ നടപടിയെടുക്കാം

സാമൂഹിക സുരക്ഷാ മിഷൻ നിയമിച്ച കരാർ ജീവനക്കാർ പ്രവർത്തനങ്ങളുമായി സഹകരിച്ചില്ലെങ്കിൽ പഞ്ചായത്തിനു നടപടിയെടുക്കാമെന്ന് യോഗത്തിൽ തീരുമാനം. പരാതിയുണ്ടെങ്കിൽ സാമൂഹിക സുരക്ഷാ മിഷന് ഔദ്യോഗികമായി പരാതി നൽകാമെന്നും യോഗത്തിൽ അധികൃതർ അറിയിച്ചു. കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഇതു സംബന്ധിച്ച് യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു. ചില തദ്ദേശ സ്ഥാപനങ്ങളിൽ സാമൂഹിക സുരക്ഷാ മിഷൻ  ജീവനക്കാരുടെ കരാർ അവസാനിച്ച  കാര്യവും പ്രതിനിധികൾ ശ്രദ്ധയിൽ പെടുത്തി. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും അവലോകന യോഗം ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com