പടന്നക്കാട് കാർഷിക കോളജ് കോവിഡ് ക്ലസ്റ്റർ; ക്വാറന്റീൻ ഹോസ്റ്റലിൽ, ജാഗ്രത വേണം

SHARE

നീലേശ്വരം ∙ പടന്നക്കാട് കാർഷിക കോളജിൽ കൂട്ടക്കോവിഡ്. കോളജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അറുപതോളം പേർക്കാണ് കോവിഡ് ബാധിച്ചത്. ദിവസങ്ങൾക്കു മുൻപ് കോളജിലെ കുറച്ചു കുട്ടികൾ പനി ബാധിച്ചു നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തൊട്ടു പിറ്റേ ദിവസവും കുറച്ചു കുട്ടികൾ ചികിത്സ തേടിയെത്തിയതോടെ ആശുപത്രി അധികൃതർ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് ഇവിടെ ഒരു കോവിഡ് പരിശോധനാ ക്യാംപ് നടത്താമെന്നു തീരുമാനിച്ചു. ഇതു പ്രകാരം വ്യാഴാഴ്ച നടത്തിയ ക്യാംപിൽ 147 പേർ പരിശോധനയ്ക്കെത്തി. ഇതിൽ 49 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആയി.

നേരത്തെ പനി ബാധിച്ചു പരിശോധന നടത്തിയ കുട്ടികളിൽ 7 പേരും പോസിറ്റീവ് ആണ്. ഇതേ തുടർന്ന് ഹോസ്റ്റൽ ഒരാഴ്ചത്തേക്ക് അടച്ചിട്ടതായി കോളജ് ഡീൻ ഡോ.പി.കെ.മിനി അറിയിച്ചു. അടുത്ത ഒരാഴ്ചത്തേക്ക് ക്ലാസുകളും ഓൺലൈനിൽ മാത്രം നടത്താൻ നിർദേശിച്ചു. സ്ഥാപന ക്ലസ്റ്ററായതിനാൽ മേഖലയിൽ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട കാര്യമില്ലെന്ന് അധികൃതർ പറഞ്ഞു. കുറച്ച് ദിവസങ്ങൾ മുൻപ് കാർഷിക കോളജിൽ ഫെസ്റ്റ് നടത്തിയിരുന്നു.

ക്വാറന്റീൻ ഹോസ്റ്റലിൽ 

വിവിധ കോഴ്സുകളിൽ 450 വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ അതതു ദിവസം പോയി വരുന്നവർ വളരെ കുറവാണ്. നാനൂറോളം പേർ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. ഇതിൽ മൂന്നാം വർഷ വിദ്യാർഥികളായ 96 പേർ സിലബസിന്റെ ഭാഗമായുള്ള മൂന്നാഴ്ചത്തെ പഠനയാത്രയ്ക്ക് ഉത്തരേന്ത്യയിലാണ്. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ തന്നെ ക്വാറന്റീനിൽ കഴിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ഊഴമിട്ട് സന്ദർശനം നടത്തി ഇവർക്കുള്ള പരിചരണം, മരുന്ന് എന്നിവ നൽകുന്നുണ്ട്.

ഓക്സിമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട്. തീവ്രപരിചരണം ആവശ്യമുള്ളവരെ ടാറ്റാ കോവിഡ് ആശുപത്രിയിലേക്കു മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രക്ഷിതാക്കൾ സ്വന്തം വാഹനവുമായി എത്തിയാൽ ഇവരെ വീട്ടിൽ പോയി വിശ്രമിക്കാനും അനുവദിക്കുന്നുണ്ട്. രോഗബാധിതരല്ലാത്തവരെ വീടുകളിലേക്കു വിടുന്നുണ്ട്. ദൂരജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് പോസിറ്റീവ് ആയവരുമായി സമ്പർക്കം വരാതെ  ഹോസ്റ്റലിൽ തന്നെ കഴിയാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കോളജ് ഓഫിസ്, ഫാം എന്നിവ പതിവു പോലെ പ്രവർത്തിക്കും. ഇവിടങ്ങളിൽ ആരും പോസിറ്റീവ് ആയിട്ടില്ല. കോവിഡ് ലക്ഷണങ്ങളുമില്ല. 

ജില്ലയിലെ കോവിഡ് കേസുകൾ

സംസ്ഥാന സർക്കാർ കോവിഡ് പോസിറ്റീവ് കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് നേരത്തെ അവസാനിപ്പിച്ചിരുന്നു. എങ്കിലും ആരോഗ്യവകുപ്പ് കണക്കുകൾ ശേഖരിക്കുന്നുണ്ട്. വ്യാഴം റിപ്പോർട്ട് ചെയ്ത 10 കേസുകളിൽ 8 കാഞ്ഞങ്ങാട് നിന്നായിരുന്നു. ഇതിൽ 7 കേസുകൾ കാർഷിക കോളജിലെ ആയിരുന്നു. തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. 

പോയിട്ടില്ല കോവിഡ്, ജാഗ്രത വേണം

നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ പലരും തയാറാകുന്നില്ല. മാസ്കും സാനിറ്റൈസറുമെല്ലാം പലരും ഒഴിവാക്കിക്കളഞ്ഞു. എന്നാൽ എപ്പോൾ വേണമെങ്കിലും കോവിഡ് പടരുന്ന സാഹചര്യമുണ്ടാകുമെന്നാണ് കാർഷിക കോളജ് ക്ലസ്റ്ററായ സംഭവം സൂചിപ്പിക്കുന്നത്. ‌പൊതുഗതാഗതവും ജോലി സ്ഥലങ്ങളുമെല്ലാം കോവിഡിനു മുൻപത്തെ പോലെ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞു. എന്നാൽ സാധിക്കുന്ന രീതിയിലെല്ലാം കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്നാണ് ചില സ്ഥലങ്ങളിലെങ്കിലും കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നതു നൽകുന്ന പാഠം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA