ADVERTISEMENT

കാസർകോട് ∙ ‘ദൈവത്തോട് ഒറ്റ പ്രാർഥന മാത്രമേ ഉള്ളൂ, ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ രണ്ട് മക്കളും മരിക്കണം.’ ‍നെഞ്ച് പൊട്ടി മാത്രമേ ഏതൊരു അമ്മയ്ക്കും ഈ വാക്കുകൾ പറയാൻ കഴിയൂ. എന്നാൽ കാലിച്ചാനടുക്കം ശാസ്താം പാറയിലെ റസിയയുടെ വർഷങ്ങളായുള്ള പ്രാർഥന ഇത് മാത്രമാണ്. തന്റെ കാലശേഷം എൻഡോസൾഫാൻ ദുരിതബാധിതരായ തന്റെ രണ്ടു മക്കളെ നോക്കാൻ ആരുമുണ്ടാകില്ല. എൻഡോസൾഫാൻ ബാധിതരായ കുട്ടികളുള്ള മിക്ക അമ്മമാരുടെയും ആശങ്ക ഇതു തന്നെയാണ്. തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന ആകുലത ഒഴിഞ്ഞ ഒരു നിമിഷം പോലും അവർക്കില്ല. 

റസിയ മക്കളായ അസ്‌രിഫക്കും മുഹമ്മദ് അർഷാദിനുമൊപ്പം
റസിയ മക്കളായ അസ്‌രിഫക്കും മുഹമ്മദ് അർഷാദിനുമൊപ്പം

2 മക്കളും കിടപ്പിൽ; ആശങ്ക തീരാതെ റസിയ

‘പ്രാഥമിക ആവശ്യങ്ങൾക്ക് പോലും എന്റെ സഹായമില്ലാതെ മക്കൾക്ക് കഴിയില്ല. പിന്നെ എങ്ങനെയാണ് അവരെ ഇവിടെ തനിച്ചാക്കി എനിക്ക് മരിക്കാൻ കഴിയുക.’ കണ്ഠം ഇടറി റസിയ പറഞ്ഞു. 6 സെന്റ് സർക്കാർ സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് താമസം. ഇവരുടെ വീടിന്റെ ദയനീയ സ്ഥിതി കണ്ട് പരിസ്ഥിതി പ്രവർത്തക ദയാബായി ഒരു ലക്ഷം രൂപ വീടിന്റെ മേൽക്കൂര നന്നാക്കാനായി നൽകി. അതിനാൽ ഇപ്പോൾ ഭയമില്ലാതെ കഴിയാമെന്ന് റസിയ പറയുന്നു. റസിയയുടെ 2 മക്കളാണ് എൻഡോസൾഫാൻ ദുരിതബാധിതർ. ഇതിൽ മകൾ‍ അസ്‌രിഫ (23) തീരെ കിടപ്പിലാണ്. 

മുഹമ്മദ് അർഷാദിന്റെ (24) സ്ഥിതിയും അസ്‍രിഫയുടേതിൽ നിന്നു വ്യത്യസ്തമല്ല. ഇരുവർക്കും സംസാര ശേഷിയില്ല. കാഴ്ച ശക്തിയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. പിടിച്ചിരുത്തിയാൽ ഒരിടത്ത് ഇരിക്കും. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സഹായം വേണം. രണ്ടു പേർക്കും ഒരുപാട് ചികിത്സ നടത്തി. കണ്ണിന്റെ നേത്ര നാഡി ചെറുപ്പത്തിലേ നശിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. തനിക്കും മക്കൾക്കും കിട്ടുന്ന പെൻഷൻ കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഭർത്താവ് നാസർ 18 വർഷം മുൻപ് മരിച്ചു. സർക്കാർ സഹായമായി 3 ലക്ഷം രൂപ വീതം രണ്ടു പേർക്കും കിട്ടി. ഇത് മുഴുവൻ ചികിത്സയ്ക്ക് തീർന്നു.–റസിയ പറഞ്ഞു.

ആ മനോഹര ശബ്ദം ഇടറി; അമ്മയുടെ ജീവിതവും

മുളിയാർ തണൽ ബഡ്സ് സ്കൂളിലെത്തിയിട്ടുള്ളവർ ഒരിക്കലും മറക്കാത്ത മുഖമാണ് മല്ലത്തെ ഉണ്ണിക്കൃഷ്ണന്റേത്. മനോഹരമായ ശബ്ദം കൊണ്ട് എല്ലാവരെയും അദ്ഭുതപ്പെടുത്തിയ ഈ മിടുക്കൻ പക്ഷേ ഇപ്പോൾ വീട്ടുകാരുടെ നൊമ്പരമാണ്.ഒന്നര വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ കിടപ്പിലാണ്. ഒന്നിരിക്കണമെങ്കിൽ പോലും 2 പേരുടെ സഹായം വേണം. മുളിയാർ മല്ലത്തെ ദാമോദരൻ മണിയാണി(60)യുടെയും യശോദയുടെ(58)യും 2 മക്കളിൽ മൂത്തയാളാണ് ഉണ്ണിക്കൃഷ്ണൻ. ജന്മനാ വൈകല്യമുണ്ടായിരുന്നു.

കാഴ്ചയും കുറവായിരുന്നു. മകനെ ബഡ്സ് സ്കൂളിലയച്ച ശേഷം അമ്മ യശോദ തൊഴിലുറപ്പ് പദ്ധതിയിലോ കൂലിപ്പണിക്കോ പോകും. അച്ഛനും പണിക്കു പോകും. ഇതുകൊണ്ടായിരുന്നു ഇവരുടെ ജീവിതം. എന്നാൽ ഇപ്പോൾ ഉണ്ണിക്കൃഷ്ണനെ എഴുന്നേൽപ്പിക്കാൻ തന്നെ 2 പേർ വേണം. ഇതോടെ അച്ഛനും അമ്മയ്ക്കും പണിക്ക് പോകാൻ കഴിയാതായി. ഇളയ മകൻ മുരളികൃഷ്ണനു മല്ലം ക്ഷേത്രത്തിൽ ചെറിയൊരു ജോലി ലഭിച്ചത് അടുത്തിടെയാണ്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവരുടെ ജീവിതം. തങ്ങളുടെ കാലശേഷം മകനെ ആരു നോക്കുമെന്ന ആധിയാണ് ഈ അച്ഛനും അമ്മയ്ക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com