ADVERTISEMENT

കാഞ്ഞങ്ങാട് ∙ ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി ആരോഗ്യ വകുപ്പിന്റെ മിഠായി പദ്ധതി. സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയുടെ സാറ്റലൈറ്റ് സെന്റർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. മിഠായി സാറ്റലൈറ്റ് സെന്റർ വഴി ടൈപ്പ് വൺ പ്രമേഹം ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസുലിൻ വിതരണം, കൗണ്‍സലിങ്, മാതാപിതാക്കൾക്കുള്ള പരിശീലനം എന്നിവ നൽകും. എല്ലാ രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച രാവിലെ 9 മുതൽ1 വരെ ക്ലിനിക് പ്രവർത്തിക്കും. ജില്ലയിൽ അറുപതോളം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതര്‍ ആയിട്ടുണ്ട്.

ഇവർക്ക് ഇൻസുലിന്‍, ഇൻസുലിൻ സിറിഞ്ച്, വീട്ടിൽ ഉപയോഗിക്കാൻ കഴിയുന്ന ഇൻസുലിൻ പെന്‍ എന്നിവ സൗജന്യമായി നൽകും. കൂടാതെ ഗ്ലൂക്കോസ് സ്ട്രിപ്പും നൽകും. ഒരാൾക്ക് ദിവസം നാലെണ്ണം എങ്കിലും ഗ്ലൂക്കോസ് സ്ട്രിപ് വേണ്ടി വരും. ഇതിന് ഒന്നിന് 10 രൂപയുണ്ട്. ഇതും സൗജന്യമായി നൽകും. ഗ്ലൂക്കോസ് പരിശോധന, കണ്ണു പരിശോധന, രക്ത പരിശോധന, ഡയറ്റ് സംബന്ധിച്ച നിർദേശങ്ങൾ എന്നിവയും ഈ ക്ലിനിക് വഴി ലഭിക്കും. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് മിഠായി പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുന്നത്.

18 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും പദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്നു ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ മധുര നക്ഷത്ര കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാരുടെ മക്കളും പദ്ധതിയിൽ ഇതുവരെ പെട്ടിട്ടില്ല. 2 ലക്ഷത്തിന് താഴെയുള്ള സർക്കാർ ജീവനക്കാരുടെ മക്കൾക്ക് മാത്രമാണ് നിലവിൽ പദ്ധതി വഴി ആനുകൂല്യം കിട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളെയും പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com