ADVERTISEMENT

പൊയ്നാച്ചി ∙ കാട്ടുപന്നിയെ ലക്ഷ്യമാക്കി സ്ഥാപിച്ച കെണിയിൽ നിന്നു വെടിയേറ്റ് സിപിഐ പ്രാദേശിക നേതാവ് മരിച്ച സംഭവത്തിൽ തൊണ്ടിമുതലായ ആയുധം പുഴയിൽ നിന്നു കണ്ടെത്തി. കരിച്ചേരി പുഴയിൽ നിന്ന് കാഞ്ഞങ്ങാട്, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരാണു പുഴയുടെ അടിത്തട്ടിൽ നിന്ന് കെണി കണ്ടെത്തിയത്. തോക്കിൽ നിന്നു വെടിയേറ്റെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബാരൽ വെൽഡ് ചെയ്ത് പിടിപ്പിച്ച പ്രത്യേകതരം കെണിയിൽ തിര നിറയ്ക്കുന്ന വിധമായിരുന്നു ഇതിന്റെ പ്രവർത്തനം.

കെണി പുഴയിൽ ഉപേക്ഷിച്ചെന്ന കാര്യം പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിച്ച കെണി പൂർണമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നായാട്ടിനുള്ള ലക്ഷ്യത്തോടെ പ്രത്യേകമായി പറഞ്ഞു നിർമിച്ച കെണിയാണിതെന്നാണു പൊലീസ് വിലയിരുത്തൽ. ഈ കെണി സ്ഥാപിക്കുന്നതിനെക്കുറിച്ച് മാധവന് അറിവുണ്ടായിരുന്നെന്ന രീതിയിൽ പ്രതിയായ ശ്രീഹരി മൊഴി നൽകിയിരുന്നു. വെടിയേറ്റ ശേഷം പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് മാധവൻ മരിച്ചത്.

കെണി സ്ഥാപിക്കരുതെന്നു നിർദേശിച്ചതായാണു മാധവന്റെ മരണമൊഴി. കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.വി.മനോഹരൻ, ഫയർ ഓഫിസർമാരായ രാജൻ തൈവളപ്പിൽ, എച്ച്.ഉമേശൻ, കെ.കിരൺ, കുറ്റിക്കോൽ അഗ്നി രക്ഷാനിലയത്തിലെ ഓഫിസർ വി.സുരേഷ് കുമാർ, എം.നന്ദകുമാർ, പി.കെ.അനൂപ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ പി.പി.പ്രദീപ് കുമാർ, അംഗം ആർ.സുധീഷ് എന്നിവർ ചേർന്ന് ഇന്നലെ ഉച്ചയ്ക്ക് നടത്തിയ തിരച്ചിനിടയിലാണു ബാരൽ ഘടിപ്പിച്ച കെണി കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com